
ഉപേക്ഷിക്കപ്പെടുന്ന കുരുന്നുകളെ സർക്കാർ തലത്തിൽ സംരക്ഷിക്കാൻ സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ പുതുവത്സരത്തിലെ മൂന്നാമത്തെ അതിഥി എത്തി. വ്യാഴാഴ്ച രാവിലെ 9.20 – നാണ് അഞ്ച് ദിവസം പ്രായവും 2.8 കിഗ്രാം ഭാരവുമുള്ള ആൺകുഞ്ഞ് അമ്മ കൂടണഞ്ഞത്.
മലയാളിയുടെ പ്രിയ കവി ഒഎൻവി കുറിപ്പിൻ്റെ പത്താം ഓർമ്മ വർഷത്തിൻ്റെ തലേനാൾ ലഭിച്ച കുരുന്നിനെ അദ്ദേഹത്തിൻ്റെ പ്രത്യാശയുടെയും നവോന്മോഷത്തിൻ്റെയും സൗന്ദര്യത്തിൻ്റെയും പ്രതീകമായ പ്രണയവും പ്രകൃതിയും മാനവികതയും ഒത്തു ചേരുന്ന വസന്തകാലത്തെ പ്രതീക്ഷകൾ പങ്കുവച്ച “വസന്തം” എന്ന കവിതയെ അനുസ്മരിച്ച് ‘ വസന്ത് ‘ എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ.ജി എൽ അരുൺ ഗോപി അറിയിച്ചു.
Also read : ശബരി റെയിൽവേ പദ്ധതി: 1900 കോടി രൂപ മാറ്റിവെക്കാൻ കിഫ്ബി ബോർഡ് യോഗത്തിൽ തീരുമാനം
2025-ൽ സംസ്ഥാനത്തെ അമ്മത്തൊട്ടിലിൽ 45 കുട്ടികളും ഈ വർഷം നാല് കുട്ടികളുമാണ് എത്തിയത്. തൈക്കാട് കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ആരോഗ്യ പരിശോധ നടത്തിയ കുരുന്ന് പൂർണ്ണ ആരോഗ്യവാനാണ്. വസന്തിൻ്റെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലുമുന്നെങ്കിൽ സമിതി അധികൃതരുമായി ബന്ധപ്പെടെണ്ടതാണെന്ന് ജി എൽ അരുൺ ഗോപി അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


