
കേരളം കാത്തിരുന്ന തിരുവോണം ബംപർ 25 കോടി അടിച്ച ആ ഭാഗ്യശാലി നെട്ടൂർ സ്വദേശിനിക്കെന്ന് സൂചന. ഭാഗ്യശാലി എന്ന് കരുതുന്നയാൾ വീട് പൂട്ടി പോയിരിക്കുകയാണെന്ന് ലോട്ടറി വിറ്റ ഏജന്റ് ലതീഷ് പറഞ്ഞു. സ്ഥിരം ടിക്കറ്റ് എടുക്കുന്ന ആളല്ല. ഓണം ബമ്പറായതിനാൽ എടുത്തതാണ്. 12 മണിയോടെ കൂടുതൽ വിവരങ്ങൾ അറിയാമെന്നും ലതീഷ് പറഞ്ഞു.
നെട്ടൂർ സ്വദേശിയായ ഏജന്റ് ലതീഷ് വഴിയാണ് ടിക്കറ്റ് വിറ്റുപോയത്. നെട്ടൂരിലെ ഭഗവതി ഏജൻസിയിൽ നിന്നാണ് ഈ ടിക്കറ്റ് എടുത്തത്. ഏജന്റായ ലതീഷ് ഏകദേശം 1200 ഓളം ടിക്കറ്റുകൾ എടുക്കുകയും, അവയെല്ലാം വിറ്റുപോവുകയും ചെയ്തിരുന്നു. ഒരുവർഷംമുൻപാണ് ലോട്ടറിവിൽപ്പന തുടങ്ങിയത്. രണ്ടുമാസംമുൻപ് ഒരുകോടി രൂപ സമ്മാനം ലതീഷ് വിറ്റ ടിക്കറ്റിന് ലഭിച്ചിരുന്നു.
TH 577825 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. ലതീഷ് മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ, ടിക്കറ്റ് എടുത്തത് ഒരു നെട്ടൂർ സ്വദേശിയാണെന്ന ചെറിയ സൂചന നൽകിയിരുന്നു. നറുക്കെടുപ്പിന് ശേഷം ഒരു സുഹൃത്ത് വിളിച്ച് തനിക്ക് സന്തോഷവാർത്തയുണ്ട് എന്ന് സൂചിപ്പിച്ചിരുന്നതായും അദ്ദേഹം പ്രതികരിച്ചിരുന്നു.
ഭാഗ്യശാലിക്ക് ലഭിക്കുന്ന യഥാർത്ഥ സമ്മാനത്തുക എത്രയാണെന്ന കാര്യത്തിൽ വലിയ ആകാംഷ നിലനിന്നിരുന്നു. 25 കോടിയിൽ ടാക്സുകൾ അടക്കമുള്ള കാര്യങ്ങൾ ഒഴിവാക്കിയാൽ, വിജയിക്ക് ഏകദേശം 13 കോടി രൂപയോളമാണ് ലഭിക്കുക. അതേസമയം, ടിക്കറ്റ് വിറ്റ ഏജന്റായ ലതീഷ് വലിയ സന്തോഷത്തിലാണ്. സമ്മാനത്തുകയുടെ 10% അതായത് രണ്ടര കോടി രൂപ ലതീഷിന് ലഭിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




