
സമൂഹത്തിൽ കഷ്ടതകൾ അനുഭവിക്കുന്നനവർക്ക് എന്നും കൈത്താങ്ങാണ് ഇടത്പക്ഷ ജനാധിപത്യ മുന്നണി നേതൃത്വം നൽകുന്ന കേരള സർക്കാർ. ജനങ്ങളുടെ ക്ഷേമത്തിനും പാവങ്ങൾക്ക് കൈത്താങ്ങാകുന്ന പ്രവർത്തനങ്ങൾക്കുമാണ് ഈ സർക്കാർ എന്നും മുൻതൂക്കം നൽകിയിട്ടുള്ളത്. അപൂർവ രോഗങ്ങളോട് പൊരുതി ജീവിക്കുന്നവർക്ക് കരുതലും കൈത്താങ്ങാവുകയാണ് ഇപ്പോൾ സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ എസ്എംഎ (Spinal Muscular Atrophy) ബാധിതർക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് 30 കോടി രൂപയാണ് ബജറ്റിൽ നീക്കിവെച്ചത്. രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനമെന്ന നേട്ടം ഉയർത്തിപ്പിടിക്കുന്ന കേരളം, വിപ്ലവകരമായ മറ്റൊരു നാഴിക്കക്കല്ല് കൂടിയാണ് പിന്നിടുന്നത്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ 2022-ൽ ആരംഭിച്ച എസ്.എം.എ പൈലറ്റ് പ്രോജക്റ്റാണ് മാറ്റങ്ങൾക്ക് അടിത്തറയിട്ടത്. അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക് 5.2 ലക്ഷം രൂപയോളം വിലവരുന്ന ‘എവ്‌റിസ്‌ഡി’ (Evrysdi) മരുന്ന് സൗജന്യമായി നൽകിക്കൊണ്ടായിരുന്നു തുടക്കം. 2023-ൽ ഇത് 7 വയസുവരെയുളള കുട്ടികൾക്കാണ് നൽകിയിരുന്നതെങ്കിൽ 2024-ൽ ‘കെയർ’ (KARE) പദ്ധതി നിലവിൽ വന്നതോടെ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് കൂടി ചികിത്സാ സഹായം വ്യാപിപ്പിച്ചു.
നിലവിൽ 110 കുട്ടികളാണ് സംസ്ഥാനത്ത് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. ഇതോടൊപ്പം അതിസങ്കീർണ്ണമായ 12 സ്കോലിയോസിസ് (നട്ടെല്ലിലെ വളവ്) ശസ്ത്രക്രിയകൾ സർക്കാർ സംവിധാനത്തിൽ പൂർണ്ണമായും സൗജന്യമായും വിജയകരമായും പൂർത്തിയാക്കി. രോഗം വരാൻ സാധ്യതയുള്ള ഗർഭസ്ഥ ശിശുക്കളെ കണ്ടെത്തി, ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപ് (Presymptomatic) മരുന്ന് നൽകുന്ന ലോകോത്തര ചികിത്സാ രീതിയും കേരളം നടപ്പിലാക്കി. എസ്.എം.എ ബാധിതരായ കുട്ടികൾക്കും കുടുംബങ്ങൾക്കും ആത്മവിശ്വാസം നൽകുന്ന ഇടപെടലാണ് ആരോഗ്യ മന്ത്രി വീണ ജോർജ് നടത്തുന്നത്. മരുന്ന് മുടങ്ങുമോ എന്ന രോഗബാധിതരായ കുട്ടികളുടെയും കുടുംബങ്ങളുടെയും ആശങ്കയ്ക്ക് മന്ത്രി നൽകിയ ഉറപ്പുകളൊന്നും വെറും വാക്കായില്ലെന്ന് ബജറ്റ് പ്രഖ്യാപനം അടിവരയിടുന്നു. മാനുഷികമായ പരിഗണനയോടെയും നിശ്ചയദാർഢ്യത്തോടെയുമാണ് മന്ത്രി ഈ പ്രശ്നത്തിൽ ഇടപെട്ടത്. അപൂർവ്വ രോഗ ചികിത്സയിൽ കേരളം ഇന്ത്യക്കാകെ മാതൃകയായി മുന്നിൽ നിന്ന് നയിക്കുമ്പോൾ, ആരോഗ്യ മന്ത്രിയുടെ പ്രതിബദ്ധതയാണ് ഈ യജ്ഞത്തിന് ഊർജ്ജമാകുന്നത്.
“അപൂർവ്വ രോഗങ്ങൾക്കുള്ള സമഗ്ര ചികിത്സാ പദ്ധതിയായ കെയർ വഴി മരുന്നും തുടർ ചികിത്സയും സർജിക്കൽ കെയറും അടക്കം ഉറപ്പാക്കാൻ സാധിക്കുന്നുണ്ടെന്ന് കെയർ പദ്ധതിയുടെ സംസ്ഥാന നോഡൽ ഓഫീസറായ ഡോ. രാഹുൽ പറഞ്ഞു. നവകേരള സദസ്സിനിടെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും നൽകിയ ഉറപ്പിന്റെ പൂർത്തീകരണമാണ് ഈ ബജറ്റ് വിഹിതമെന്ന് രോഗികളുടെ കൂട്ടായ്മയായ ക്യൂർ എസ്.എം.എ (Cure SMA) പ്രതികരിച്ചു. “മരുന്നുകൾ മുടങ്ങിപ്പോയിരുന്നെങ്കിൽ, കുഞ്ഞുങ്ങൾ ഇതുവരെ വീണ്ടെടുത്ത ആരോഗ്യവും പ്രതീക്ഷകളും പതിയെ ഇല്ലാതാകുമായിരുന്നു. മരണത്തിലേക്ക് വരെ നയിച്ചേക്കാവുന്ന സാഹചര്യമാണത്. ഈ ഇരുട്ടിലേക്ക് വെളിച്ചം വീശിക്കൊണ്ടാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും കരുതൽ നിറഞ്ഞ ഇടപെടലുണ്ടായത്. രോഗബാധിതരായ മക്കളുടെ ജീവൻ നിലനിർത്താനുള്ള പോരാട്ടത്തിൽ തളർന്നുപോയ മാതാപിതാക്കൾക്ക് എല്ലാ പ്രയാസങ്ങളും അതിജീവിക്കാനുള്ള കരുത്താണ് ഈ പിന്തുണ”- ക്യൂർ എസ്.എം.എ പറഞ്ഞു.അന്താരാഷ്ട്ര തലത്തിൽ പോലും കേരളത്തിന്റെ ഈ പ്രവർത്തനങ്ങൾ ഇന്ന് ചർച്ചാവിഷയമാണ്. കഴിഞ്ഞവർഷം നടന്ന ആദ്യ അന്താരാഷ്ട്ര ന്യൂറോ മസ്കുലർ കോൺഫറൻസിലും (APND 2025) കേരളത്തിന് വലിയ പ്രശംസ ലഭിച്ചു. ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിലെ പ്രൊഫ. ഡോ. ജിയോവാനി ബാരനെല്ലോയാണ് കേരളത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചത്. സർക്കാർ നേരിട്ട് മരുന്ന് വാങ്ങുന്നതും രോഗികൾക്ക് കൃത്യമായ പരിചരണം ഉറപ്പാക്കുന്നതും ലോകത്തിന് തന്നെ മാതൃകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

