
കിഫ്ബി മസാലബോണ്ട് പണം വിനിയോഗിച്ചിട്ടുള്ളത് ചട്ട പ്രകാരം എല്ലാ മാനദണ്ഡവും പാലിച്ചുകൊണ്ടു തന്നെയെന്ന് മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. കണക്ക് എല്ലാ മാസവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്നും ഇതിൽ നാളിതുവരെ ആർബിഐ ഒരാക്ഷേപവും പറഞ്ഞിട്ടില്ല എന്നും തോമസ് ഐസക്ക് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
മാസംതോറും ചെലവഴിക്കൽ സംബന്ധിച്ച കണക്ക് റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്ന് കോടതിയിൽ സത്യവാങ്മൂലവും ആർബിഐ നൽകിയിട്ടുണ്ട് എന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു. എന്തിനൊക്കെയാണ് മസാലബോണ്ട് പണം ചെലവാക്കിയത് എന്നും അദ്ദേഹം ഈ പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :
മസാലബോണ്ട് സംബന്ധിച്ച ED-യുടെ അന്വേഷണം ഉള്ളിയുടെ തൊലി പൊളിക്കുന്നതുപോലെയായി. അവസാനം ഒരൊറ്റ കുറ്റമാണ് കണ്ടെത്തിയിരിക്കുന്നത്. മസാലബോണ്ട് പണം വികസന പ്രൊജക്ടുകൾക്ക് ഭൂമി വാങ്ങാനായി ചെലവഴിച്ചു. ഫെമ ചട്ടപ്രകാരം മസാലബോണ്ട് വഴി സമാഹരിക്കുന്ന പണം Land Purchase-ന് (ഭൂമി വാങ്ങുന്നതിന്) വിനിയോഗിക്കാൻ പാടില്ല. എന്നാൽ മസാലബോണ്ടിൽ നിന്നുള്ള പണത്തിൽ 466 കോടി രൂപ ഭൂമി വാങ്ങുന്നതിനു ചെലവഴിച്ചു. ഇത് ഫെമ നിയമത്തിന്റെ ലംഘനമാണ്. ഇതിനുള്ള ഷോക്കോസ് നോട്ടീസാണ് അഡ്ജൂഡിക്കേഷൻ ഡയറക്ടറിൽ നിന്ന് അയച്ചിരിക്കുന്നത്. അഡ്ജൂഡിക്കേഷൻ നടപടികൾ ആരംഭിക്കാതിരിക്കാൻ കാരണം വല്ലതും ബോധിപ്പിക്കാനുണ്ടെങ്കിൽ 30 ദിവസത്തിനകം വക്കീലോ, ചാർട്ടേർഡ് അക്കൗണ്ടന്റ് വഴിയോ യഥാവിധി ബോധിപ്പിക്കണം.
മസാലബോണ്ട് വഴി 2150 കോടി രൂപ 2019 മാർച്ചിലാണ് വാങ്ങിയത്. ഇത് പൂർണ്ണമായും ചെലവഴിക്കുക മാത്രമല്ല, ബോണ്ടിന്റെ പണം നിക്ഷേപകർക്കു തിരികെ നൽകുകയും ചെയ്തു. പശുവും ചത്ത് മോരിലെ പുളിയും തീർന്നു. അപ്പോഴാണ് ED-യ്ക്ക് ഒരു ഉൾവിളി ഉണ്ടാകുന്നത്- ഫെമ നിയമലംഘനത്തിനു കേസെടുക്കണം.
എന്തിനൊക്കെയാണ് മസാലബോണ്ട് പണം ചെലവാക്കിയത്?
🔴പൊതുമരാമത്ത് പ്രവർത്തികൾ – 151പദ്ധതികൾ, 761.26 കോടി രൂപ
🔴പൊതു വിദ്യാഭ്യാസം – 65 പദ്ധതികൾ, 506.92 കോടി രൂപ
🔴ജല വിതരണം – 35 പദ്ധതികൾ, 204.46 കോടി രൂപ
🔴കായികം, യുവജന ക്ഷേമം – 19 പദ്ധതികൾ, 50.23 കോടി രൂപ
🔴ഉന്നത വിദ്യാഭ്യാസം – 14 പദ്ധതികൾ, 24.13 കോടി രൂപ
🔴ആരോഗ്യം – 12 പദ്ധതികൾ, 22.51 കോടി രൂപ
🔴ഊർജ്ജ പദ്ധതികൾ – 10 പദ്ധതികൾ, 319.39 കോടി രൂപ
🔴സാംസ്കാരിക കേന്ദ്രങ്ങൾ – 5 പദ്ധതികൾ, 8.74 കോടി രൂപ
🔴രജിസ്ട്രേഷൻ ഓഫീസുകൾ – 5 പദ്ധതികൾ, 13.71 കോടി രൂപ
🔴ടൂറിസം പദ്ധതികൾ – 4 പദ്ധതികൾ, 2.68 കോടി രൂപ
🔴മൽസ്യ ബന്ധനം, തുറമുഖം – 4 പദ്ധതികൾ, 3.43 കോടി രൂപ
🔴പട്ടികവിഭാഗം – 4 പദ്ധതികൾ, 23.69 കോടി രൂപ
🔴വനം – 4 പദ്ധതികൾ, 47. 98 കോടി രൂപ
🔴ഗതാഗതം – 2 പദ്ധതികൾ, 20.11 കോടി രൂപ
🔴ഐടി – 2 പദ്ധതികൾ, 35.09 കോടി രൂപ
🔴തൊഴിൽ വകുപ്പ് – 1 പദ്ധതി, 0.32 കോടി രൂപ
🔴കൃഷി വകുപ്പ് – 1 പദ്ധതി, 4.85 കോടി രൂപ
🔴വ്യവസായം – 1 പദ്ധതി, 4.5 കോടി രൂപ.
18 വ്യത്യസ്ത മേഖലകളിൽ 339 പദ്ധതികൾക്കായിട്ടാണ് പണം ചെലവഴിച്ചത്. ഇതിൽ 466 കോടി രൂപ വിവിധ പദ്ധതികളിലായി Land Acquisition-ന് (ഭൂമി ഏറ്റെടുക്കുന്നതിന്) വേണ്ടി ചെലവഴിച്ചു. ഇതിനെയാണ് Land Purchase-ന് (ഭൂമി വാങ്ങുന്നതിന്) വേണ്ടി ചെലവഴിച്ചുവെന്ന് ED വ്യാഖ്യാനിക്കുന്നത്.
ഭൂമി ഏറ്റെടുക്കലും ഭൂമി വാങ്ങലും തമ്മിൽ എന്താണ് വ്യത്യാസം? രണ്ടും രണ്ട് വ്യത്യസ്ത നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. Land Purchase എന്നത് Transfer Property Act പ്രകാരമോ അനുബന്ധ നിയമങ്ങളുടെയോ അടിസ്ഥാനത്തിലാണ്. അതേസമയം, Land Acquisition എന്നത് The Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act പ്രകാരമാണ്. നിങ്ങൾ വാങ്ങുന്ന ഭൂമി മറിച്ചു വിൽക്കാം, ഊഹക്കച്ചവടത്തിന് ഉപയോഗിക്കാം. എന്നാൽ അക്വയർ ചെയ്യുന്ന ഭൂമി എന്ത് ആവശ്യത്തിനാണോ ഏറ്റെടുക്കുന്നത് അതിനേ ഉപയോഗിക്കാനാകൂ. ഊഹക്കച്ചവടത്തിന് ഉപയോഗിക്കാനാവില്ല.
ഫെമ നിയമത്തിൽ ഭൂമി വാങ്ങുന്നതിന് വിദേശപണം ഉപയോഗിക്കുന്നത് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് ഊഹക്കച്ചവടം തടയുന്നതിനാണ്. ചുരുക്കത്തിൽ ED മേൽപ്പറഞ്ഞ വികസന പദ്ധതികൾക്ക് ഭൂമി ഏറ്റെടുത്തത് ഊഹക്കച്ചവടത്തിനാണെന്നാണ് വാദിക്കുന്നത്. എന്താണ് ഇതിനെക്കുറിച്ചൊക്കെ പറയേണ്ടത്?
കിഫ്ബി മസാലബോണ്ട് പണം വിനിയോഗിച്ചിട്ടുള്ളത് ചട്ട പ്രകാരം എല്ലാ മാനദണ്ഡവും പാലിച്ചുകൊണ്ടു തന്നെയാണ്. കണക്ക് എല്ലാ മാസവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. നാളിതുവരെ ആർബിഐ ഒരാക്ഷേപവും പറഞ്ഞിട്ടില്ല. മാസംതോറും ചെലവഴിക്കൽ സംബന്ധിച്ച കണക്ക് റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്ന് കോടതിയിൽ സത്യവാങ്മൂലവും ആർബിഐ നൽകിയിട്ടുണ്ട്.
ഇനി ഒരു കാര്യവുംകൂടി പറയട്ടെ: ED ഷോക്കോസ് നോട്ടീസിൽ ഉപയോഗിച്ചിരിക്കുന്നത് ആർബിഐ മസാലബോണ്ടിനെ സംബന്ധിച്ച് 2016 ജനുവരി 1-ന് പുറപ്പെടുവിച്ച RBI Framework ആണ്. അതുപ്രകാരം Land Purchase പാടില്ല. ഇത് പ്രകാരം പോലും കിഫ്ബി ഒരു ചട്ടലംഘനവും നടത്തിയിട്ടില്ല. Land Acquisition എന്നതും Land Purchase എന്നതും ഒന്നല്ലല്ലോ?
മുകളിൽ പറഞ്ഞ RBI Framework പ്രകാരമുള്ള വ്യവസ്ഥയുടെ പ്രാബല്യം 2019 ജനുവരി 16 നു അവസാനിച്ചു. അന്നേ ദിവസം പുതുക്കിയ Frame work പുറപ്പെടുവിക്കുകയും ചെയ്തു. ഈ പുതുക്കിയ Frame work-ന്റെ അടിസ്ഥാനത്തിൽ Master Directions പുതുക്കി ഇറക്കുകയും ചെയ്തു.അതിൽ Purchase of Land തന്നെ നെഗറ്റീവ് ലിസ്റ്റിലില്ല. റിയൽ എസ്റ്റേറ്റ് എന്നതാണ് പ്രയോഗിച്ചിട്ടുള്ളത്. മാത്രമല്ല ഇൻഡസ്ട്രിയൽ പാർക്കിനുള്ള ഭൂമി ഏറ്റെടുക്കൽ Specific ആയി തന്നെ ഒഴിവാക്കി. ഇൻഫ്രാ സ്ട്രക്ചർ പദ്ധതികൾ എന്നാൽ കേന്ദ്ര ധന മന്ത്രാലയം ഇറക്കിയ Harmonised List-ലെ പദ്ധതികളാണ് എന്നു വ്യക്തമാക്കി. അതിൽ എന്തെല്ലാം ഉൾപ്പെടും? റോഡും പാലവും സ്കൂളും തുറമുഖവും തുടങ്ങി എല്ലാം. അതിൽപ്പെടാത്ത ഒന്നിനും മസാലബോണ്ട് പണം ഉപയോഗിച്ചിട്ടില്ല.
എന്നാൽ പിന്നെ നമുക്ക് കോടതിയിൽ കാണാം… അല്ലെങ്കിൽ അഡ്ജൂഡിക്കേഷൻ ഡയറക്ടറുടെ ഹിയറിംഗ് വേളയിൽ കാണാം… എന്തു വേണം, എങ്ങനെ വേണം എന്നുള്ളതെല്ലാം മുഖ്യമന്ത്രി തിരിച്ചു വന്നിട്ട് തീരുമാനിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

