
തൃശ്ശൂർ ഡിസിസി പ്രസിഡണ്ട് ജോസഫ് ടാജറ്റിനെതിരെ ജില്ലയിൽ വ്യാപക പ്രതിഷേധം. ജോസഫ് ടാജറ്റ് 20 ലക്ഷം കോഴ വാങ്ങി തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് മറിച്ചു വിറ്റു എന്നാണ് നഗര മധ്യത്തിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ വഴി പറയുന്നത്. പ്രസിഡണ്ട് സ്ഥാനം രാജി വയ്ക്കണമെന്നും പോസ്റ്റാറുകളിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കോൺഗ്രസിന്റെ സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞതോടെ ജോസഫ് ടാജറ്റിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. കോർപ്പറേഷനിലേക്കും നഗരസഭകളിലേക്കും വ്യാപകമായി പാർട്ടിക്ക് പുറത്തുനിന്നും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു എന്നാണ് പ്രധാന ആരോപണം. കഴിഞ്ഞദിവസം ജോസഫ് ടാജറ്റിനെതിരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഒല്ലൂർ സെന്റർ ഡിവിഷനിലെ സീറ്റ് ഇറച്ചി മാർക്കറ്റിലെ പോർക്ക് പോളിക്ക് 20 ലക്ഷം രൂപയ്ക്ക് മറിച്ചു നൽകി എന്നാണ് ആരോപണം. ജോസഫ് ടാജറ്റ് പ്രസിഡണ്ട് സ്ഥാനം രാജിവെച്ചു ഒഴിയണമെന്നും പോസ്റ്ററിൽ പറയുന്നു. സേവ് കോൺഗ്രസ് ഫോറം എന്ന പേരിലാണ് പോസ്റ്ററുകൾ വിവിധ ഇടങ്ങളിൽ പ്രചരിപ്പിക്കുന്നത്.
ജോസഫ് ടാജറ്റിനെതിരെ പല ഭാഗത്തുനിന്നുമുള്ള കോൺഗ്രസ് പ്രവർത്തകർ ആരോപണം ഉന്നയിച്ചിരുന്നു. പലയിടത്തും പണം വാങ്ങി സീറ്റുകൾ മറിച്ച് നൽകി എന്നായിരുന്നു ആരോപണം. പ്രതിഷേധത്തിന്റെ ഭാഗമായി രണ്ടുതവണയാണ് ഡിസിസി പ്രസിഡൻ്റിനെ മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് പ്രവർത്തകർ പൂട്ടിയിട്ട് പ്രതിഷേധിച്ചത്. അതേസമയം ആരോപണത്തെ സംബന്ധിച്ച് ജോസഫ് ടാജറ്റ് യാതൊരുവിധത്തിലുള്ള പ്രതികരണവും ഇതുവരെ നടത്തിയിട്ടില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


