
തൃശൂരിലെ മലയോര ഗ്രാമമായ പുത്തൂരും, ലോകത്തെ വിനോദ സഞ്ചാരികൾക്ക് പുത്തനൊരു കേന്ദ്രമാവുകയാണ്. അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കിയ കേരളത്തിലെ ആദ്യത്തെ സുവോളജിക്കൽ പാർക്ക് പുത്തൂരിൽ നാളെ (ഒക്ടോബർ 28) കേരളത്തിൻ്റെ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും എന്ന് റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. ആ ധന്യനിമിഷം നാടിൻ്റെ വികസന സാക്ഷാൽക്കാരത്തിൻ്റെ കൊടിയേറ്റം കൂടിയാണ്. മുളംകാടുകളും കാട്ടുമരങ്ങളും അരുവികളും തോടുകളും പച്ചപ്പണിഞ്ഞ കുന്നിൻ ചെരുവുകളാൽ പ്രകൃതിരമണീയമായൊരുക്കിയ പുത്തൂരിലെ 338 ഏക്കർ വനഭൂമിയാണ് ഈ നാടിൻ്റെ വികസന സ്വപ്നങ്ങളുടെ പൂങ്കാവനമാകുന്നത്.
ഇന്ത്യയിലെ ആദ്യത്തെ ഡിസൈൻ മൃഗശാല എന്ന ഖ്യാതി തൃശൂർ സുവോളജിക്കൽ പാർക്കിനുണ്ട്. സ്വാഭാവിക വനഭൂമിയുടെ പ്രകൃതി ഭംഗിക്ക് യാതൊരു കോട്ടവും തട്ടാതെയാണ് പാർക്കിൽ 23 ആവാസ ഇടങ്ങളും അതിൽ വസിക്കുന്ന ജീവികളെ കാണാൻ എത്തുന്നവർക്കുള്ള പാതകളും ഒരുക്കിയിരിക്കുന്നത്. ലോകം കണ്ട ഏറ്റവും ശ്രദ്ധേയനായ മൃഗശാലാ ഡിസൈനറായ ഓസ്ട്രേലിയൻ പൗരൻ ജോൻ കോയുടെ രൂപകല്പനയിലാണ് സുവോളജിക്കൽ പാർക്ക് മൂന്ന് ഘട്ടങ്ങളായി നിർമ്മിച്ചെടുത്തത്. കാലത്തിനനുസരിച്ചും, പുത്തൂരിൽ എത്തിക്കുന്ന ജീവികളുടെ സംരക്ഷണത്തിനും, വിനോദ സഞ്ചാരികളുടെ സൗകര്യത്തിനും വേണ്ടി സുവോളജിക്കൽ പാർക്കിൽ നവീകരണങ്ങൾ തുടർന്നുകൊണ്ടേയിരിക്കും.
തൃശൂർ നഗരമധ്യത്തിൽ 1885 ൽ പ്രവർത്തനം തുടങ്ങിയ മുഗശാല ഇനിയുണ്ടാകില്ല. അതിലെ പക്ഷിമൃഗാദികളും ഉരക ജീവികളും പുത്തൂരിലെ സുവോളജിക്കൽ പാർക്കിൽ ഓരോന്നിനും അനുയോജ്യമായ വിശാലമായ ആവാസ ഇടങ്ങളിൽ വിരഹിക്കും. മരങ്കൊമ്പിലും പുൽമേട്ടിലുമെല്ലാം അവരെ നമുക്ക് നേർക്കുനേർ കാണാനും കഴിയും. തൃശൂർ മൃഗശാല മാറ്റം സംബന്ധിച്ച ആവശ്യങ്ങൾക്കും വർത്തമാനങ്ങൾക്കും കാലങ്ങളുടെ പഴക്കമുണ്ടെങ്കിലും നഗരത്തിന് പുറത്തോരു മൃഗശാല എന്ന ആശയം ഉയന്നത് 2003 ലാണ്. ആദ്യം രാമവർമ്മപുരത്തും പിന്നീട് പീച്ചിയിലും സ്ഥലം കണ്ടെത്താൻ ആലോചനയുണ്ടായി.
2006 ലെ വി എസ് അച്യുതാനന്ദൻ സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് പുത്തൂരിലെ വനഭൂമിയിലേക്ക് തൃശൂർ മൃഗശാല മായി നിർമ്മിക്കാനുള്ള നടപടികൾ സജീവമാകുന്നത്. അന്നത്തെ ഒല്ലൂർ എംഎൽഎ രാജാജി മാത്യു തോമസ്, വനംമന്ത്രിയായിരുന്ന ബിനോയ് വിശ്വത്തിന് നൽകിയ നിലവദനം സർക്കാർ പരിഗണിച്ചു. തൃശൂരിൽ നിന്ന് മൃഗശാല പുത്തൂരിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് 2006 ഒക്ടോബറിൽ ഒരു കമ്മിറ്റി രൂപീകരിച്ചു. 2007 മാർച്ചിൽ റവന്യൂ വകുപ്പ് മന്ത്രി കെ പി രാജേന്ദ്രൻ, വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വം, മൃഗശാല വകുപ്പ് മന്ത്രി എം എ ബേബി എന്നിവർ ഒരുമിച്ചിരുന്ന് വനേതര ഭൂമി കണ്ടെത്താൻ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തി. പുത്തൂരിൽ മൃഗശാല സ്ഥാപിക്കാൻ സ്ഥലം പരിശോധിച്ച് മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ പ്രൊഫ. എം കെ പ്രസാദിൻ്റെ നേതൃത്വത്തിൽ 13 അംഗ വിദഗ്ധ സമിതി രൂപീകരിക്കുകയും ചെയ്തു.
പുത്തൂരിലെ വനഭൂമിക്ക് പകരം, ഇടുക്കി ദേവികുളം താലൂക്കിലെ കട്ടക്കാമ്പൂരിൽ റവന്യൂ ഭൂമി കൈമാറാം എന്ന ധാരണയായി. എന്നാൽ ഈ ഭൂമി കുറിഞ്ഞിമല വന്യജീവി സങ്കേതത്തിൻ്റെ ഭാഗമാണ് എന്ന അവകാശവാദം വനം വകുപ്പിൽ നിന്നും ഉണ്ടായത് പദ്ധതിക്ക് തടസമായി. 2009 മേയ് മാസത്തിൽ പുത്തൂരിലെ 124 ഹെക്ടർ ഭൂമി മൃഗശാല വകുപ്പിനും ഇടുക്കി കീഴാത്തൂർ വില്ലേജിലെ 124 ഹെക്ടർ റവന്യൂ ഭൂമി വനം വകുപ്പിനും കൈമാറിക്കൊണ്ട് റവന്യൂ വകുപ്പ് ഉത്തരവിറങ്ങി. തുടർന്ന് നിർദിഷ്ട പദ്ധതി പ്രദേശത്തിൻ്റെ ചുറ്റുമതിൽ നിർമ്മാണം 2010 ജൂൺ അഞ്ചിന് പുത്തൂരിൽ വച്ച് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ പുത്തൂരിലെത്തി നിർവഹിക്കുകയും ചെയ്തു. ഇത് ഒരു നിർണായക നീക്കമായിരുന്നു.
പിന്നീട് അധികാരത്തിൽ വന്ന ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് വനം മന്ത്രിയായിരുന്ന കെ ബി ഗണേഷ് കുമാറിൻ്റെ ഇടപെടലിലാണ്, മൃഗശാലാ വകുപ്പിൽ നിന്നും പുത്തൂരിലെ മൃഗശാലാ പ്രൊജക്ട് വനം വകുപ്പിൻ്റെ കീഴിലേക്ക് മാറ്റിയത്. ഇതും നിർണായകമായ ഒന്നായിരുന്നു. എന്നാൽ വർഷാവർഷങ്ങളിൽ അനുവദിക്കപ്പെടുന്ന പ്ലാൻ ഫണ്ടിൽ നിന്നും ലഭിക്കുന്ന ചെറിയ തുക കൊണ്ട് നിർമാണ പ്രവൃത്തികൾ ഒറ്റയടിക്ക് നടപ്പാക്കുക എന്നത് അസാധ്യമായി.
2016 ൽ ഒന്നാം എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷമാണ് പുത്തൂരിൻ്റെ പ്രതീക്ഷകൾക്ക് പുത്തനുണർവ് വന്നത്. ഒല്ലൂർ എംഎൽഎ എന്ന നിലയിൽ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ കഴിഞ്ഞു. തൃശൂരിലേതു പോലെ ഒരു മൃഗശാല എന്നതിനേക്കാൾ, നേരത്തേ മുതൽ ഉയർന്നു കേട്ട സുവോളജിക്കൽ പാർക്ക് എന്ന ആശയത്തിന് മുൻഗണന നൽകി. മൃഗശാലക്കായി കണ്ട 124 ഹെക്ടർ ഭൂമി എന്നതിൽ നിന്ന് 336 ഏക്കർ ഭൂമിയിലേക്ക് സുവോളജിക്കൽ പാർക്ക് എന്ന പദ്ധതി എത്തിക്കുകയും ചെയ്തു. കേരളത്തിൻ്റെ അഭിമാനവും ലോകത്തിന് മുന്നിലെ അതിശയ മാതൃകയുമായ കിഫ്ബിയിലൂടെയാണ് യഥാർത്ഥത്തിൽ സുവോളജിക്കൽ പാർക്ക് എന്ന സ്വപ്നത്തിന് ചിറകു മുളച്ചത്.
2016 ജൂലൈ എട്ടിന് അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ച പുതുക്കിയ ബജറ്റിൽ കിഫ്ബി വഴി ആദ്യം 150 കോടി അനുവദിച്ചു. ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്പിൻ്റെ ഏറ്റവും സുപ്രധാന നാഴികകല്ലായി മാറി ഇത്. 2016 ആഗസ്റ്റ് 12ന് പദ്ധതിയുടെ ഒന്നാംഘട്ട നിർമ്മാണ ചുമതല സിപിഡബ്ലിയുഡിയെ ഏൽപ്പിച്ച് സർക്കാർ ഉത്തരവിറക്കി. ഒല്ലൂർ എംഎൽഎ, വനം, ധനകാര്യം, ആസൂത്രണം വകുപ്പ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർമാർ, മ്യൂസിയം -മൃഗശാല വകുപ്പ് ഡയറക്ടർ, സ്പെഷൽ ഓഫീസർ എന്നിവർ ഉൾപ്പെടുന്ന പദ്ധതി ഏകോപന സമിതിയെ സർക്കാർതല മേൽനോട്ടത്തിനായി 2016 നവംബറിൽ രൂപീകരിച്ചിരുന്നു. ഇത് പദ്ധതി വേഗതയ്ക്കുള്ള ഒരു നിരന്തര ഇടപെടലിനുള്ള അവസരമായി.
2017 ജനുവരി 11 ന് ചേർന്ന ഏകോപന സമിതി യോഗം നിർണായകമായിരുന്നു. അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്, ക്വട്ടേഴ്സ് നിർമ്മാണങ്ങൾ ഉൾപ്പെടെ യാഥാർത്ഥ്യമാക്കി പദ്ധതി നിർവഹണം അതിവേഗം നടത്തി. ഒന്നാം ഘട്ട നിർമ്മാണത്തിൻ്റെ ഭാഗമായി ഗ്രേറ്റ് ഏവിയറി പക്ഷിക്കൂടും, കരിങ്കുരങ്ങ്, സിംഹവാലൻ കുരങ്ങ്, കാട്ടുപോത്ത് എന്നിവയ്ക്കുള്ള ആവാസ ഇടങ്ങളും ഒരുക്കി.
സുവോളജിക്കൽ പാർക്ക് എന്ന സ്വപ്നത്തിൻ്റെ ഏറ്റവും വലിയ സാക്ഷാത്കാരം എന്നത്, 2018 മാർച്ച് 17 ന് ലഭിച്ച പാരിസ്ഥിതി അനുമതിയാണ്. പദ്ധതിക്ക് ആവശ്യമായ എല്ലാ അനുമതികളും മുന്നൊരുക്കങ്ങളും പൂർത്തിയാക്കി ശേഷമാണ് 2018 ഫെബ്രുവരി 15 ന്, ഒല്ലൂർ എംഎൽഎയുടെ അധ്യക്ഷതയിൽ വനം വകുപ്പ് മന്ത്രി അഡ്വ. കെ രാജു നിർമ്മാണ പ്രവർത്തനങ്ങളുടെ ഔപചാരിക ശിലാസ്ഥാപനം തന്നെ നിർവഹിച്ചത്.
2018 ജൂൺ 29 ന് കിഫ്ബിയിൽ നിന്നും 112.186 കോടി രൂപയുടെ അനുമതിയുണ്ടായി. 2018 ആഗസ്റ്റ് എട്ടിന് 183.82 കോടിയുടെ നിർമ്മാണ പ്രവൃത്തികൾക്ക് കിഫ്ബിയുടെ ഭരണനുമതിയും ലഭിച്ചു. ഇതേ സമയത്തു തന്നെ എംഎൽഎ എന്ന നിലയിൽ രണ്ടാംഘട്ട നിർമ്മാണത്തിനുള്ള ഫണ്ട് ലഭ്യമാക്കാനുള്ള ശ്രമവും ആരംഭിച്ചിരുന്നു. 2019 ഫെബ്രുവരി രണ്ടിന് കിഫ്ബി രണ്ടാംഘട്ട നിർമ്മാണത്തിനായി 157.57 കോടി രൂപയുടെ പദ്ധതിക്ക് അനുമതിയും നൽകി. ആശുപത്രി കെട്ടിടം, ഐസലേഷൻ ആൻ്റ് ക്വാറൻ്റൈൻ സെൻ്റർ, അനിമൽ കിച്ചനുകൾ, പോസ്റ്റുമോർട്ടം കെട്ടിടം എന്നിവയുടെ നിർമ്മാണം ഈ സമയത്ത് ആരംഭിച്ചു.
അതിനിടെ, 2018 ഒക്ടോബർ 18 ന് ലഭിച്ച കത്ത് പ്രകാരം, കേന്ദ്ര സർക്കാർ സുവോളജിക്കൽ പാർക്കിലെ നിർമ്മാണങ്ങൾ തടഞ്ഞത് ആശങ്കയുണ്ടാക്കി. കേന്ദ്രവുമായി ഉദ്യോഗസ്ഥ തലത്തിൽ കത്തിടപാടുകൾ നടന്നു. എന്നാൽ, ഒരു കാരണവശാലും നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കേണ്ടതില്ല എന്ന് അന്നത്തെ വനം മന്ത്രി കെ രാജുവുമായി കൂടിയാലോചിച്ച് സ്ഥലം എംഎൽഎ എന്ന നിലയിൽ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. ഇത് ഒന്നാം ഇടതു പക്ഷ സർക്കാരിൻ്റെ ഇച്ഛാശക്തിയുടെ ഉറപ്പായിരുന്നു. തുടർന്ന് സംസ്ഥാന സർക്കാർ നൽകിയ കൃത്യമായ വിവരങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ 2019 ഫെബ്രുവരി 13 ന് കോടതിയിൽ നിന്നും നിർമ്മാണാനുമതി നേടിയെടുക്കുകയും ചെയ്തു.
രണ്ടാംഘട്ട നിർമ്മാണ ഉദ്ഘാടനം 2019 മാർച്ച് രണ്ടാം തിയതി സ്ഥലം എംഎൽഎയുടെ അധ്യക്ഷതയിൽ അന്നത്തെ വിദ്യഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥാണ് നിർവഹിച്ചത്. ഇതോടൊപ്പം പാർക്കിലേക്ക് ആവശ്യമായ ജല സംഭരണ, വിതരണത്തിനുള്ള സംവിധാനങ്ങളും ഒരുക്കി. 2020 ലോകമാകെ ഗ്രസിച്ച കോവിഡ് മഹാമാരി നിർമ്മാണ പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചു.
കോവിഡിന് ശമനമായതോടെ സുവോളജിക്കൽ പാർക്കിലെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. രണ്ടാം എൽഡിഎഫ് സർക്കാരിൽ മന്ത്രിസഭാംഗം കൂടി ആയതോടെ ഇടപെടലുകൾക്ക് കരുത്തു കൂട്ടാനുള്ള അവസരമായി. സുവോളജിക്കൽ പാർക്കിൻ്റെ പ്രവർത്തന അംഗീകാരത്തിനുള്ള ഇടപെടലുകളും ഈ ഘട്ടത്തിൽ നടന്നു. 2022 മെയ് 19 ന് അംഗീകാരം നേടുകയും ചെയ്തു.
പാർക്കിന് അംഗീകാരം ലഭിച്ചതോടെ തൃശൂരിൽ നിന്നും മൃഗങ്ങളെ പുത്തൂരിലേക്ക് എത്തിക്കുന്ന ഇടപെടലുകൾക്ക് വേഗം കൂട്ടി. 2023 സെപ്റ്റംബർ ആറിന് ആ അനുമതിയും നേടിയെടുത്തു. 2023 ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിൽ പുത്തൂർ സുവോളജിക്കൽ പാർക്കിൽ വച്ച് നടന്ന സംസ്ഥാന വന്യജീവി വാരാഘോഷത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങ് തൃശൂർ നഗരത്തിൽ നിന്നും പുത്തൂരിലേക്കുള്ള മൃഗശാലാ മാറ്റത്തിൻ്റെയും വേദിയായി.
കിഫ്ബിയുടെ അകമഴിഞ്ഞ പിന്തുണയിൽ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം നടന്നു. കിഫ്ബി അനുവദിച്ച 331 കോടി രൂപയും പ്ലാൻ ഫണ്ടിൽ നിന്നുള്ള 40 കോടി രൂപയും വിവിധ ഘട്ടങ്ങളിലായി വിനിയോഗിക്കപ്പെട്ടു. 17 കോടി രൂപ കൂടി കിഫ്ബിയിലൂടെ അനുവദിച്ചിട്ടുണ്ട്. സുവോളജിക്കൽ പാർക്കിലേക്കുള്ള കുട്ടനെല്ലൂർ – പുത്തൂർ മോഡൽ റോഡ് വീതി കൂട്ടി നവീകരിക്കുന്ന പ്രവൃത്തി ഉൾപ്പടെ പദ്ധതിയുടെ ഭാഗമായി പൂർത്തിയായി വരികയാണ്.
ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതോടെ പദ്ധതി നാടിന് സ്വന്തമാകും. പുതിയ ഇടത്തിൽ തങ്ങളെ കാണാനെത്തുന്ന മനുഷ്യരുമായുള്ള ഇണക്കം കൂട്ടിക്കൊണ്ടു വരുന്നതിൻ്റെ ഭാഗമായി രണ്ട് മാസക്കാലം ട്രയൽ റൺ കണക്കെ, നിയന്ത്രിത സന്ദർശനമായിരിക്കും. ജനുവരി മുതൽ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കും.
ലോക നിലവാരത്തിലുള്ള ഒരു സുവോളജിക്കൽ പാർക്ക് എന്നതിനാൽ ഒരു വർഷം ശരാശരി 50 ലക്ഷം പേരെയാണ് അതിഥികളായി പ്രതീക്ഷിക്കുന്നത്. ഇത് നാടിൻ്റെ അടിസ്ഥാന, സാമ്പത്തിക പുരോഗതിക്കും ഗുണകരമാകും. ചെറുതും വലുതുമായ നിരവധി സംരംഭങ്ങളുടെ ഇടമായി സുവോളജിക്കൽ പാർക്കിൻ്റെ പ്രാന്തപ്രദേശങ്ങൾ മാറി കൊണ്ടിരിക്കുകയാണ്.
കേരളത്തിൻ്റെ ടൂറിസം വികസന ചരിത്രത്തിൽ സുവോളജിക്കൽ പാർക്കും, പീച്ചിയും മരോട്ടിച്ചാൽ വെള്ളച്ചാട്ടവും കച്ചിക്കോട് ഡാമും ഒരപ്പൻകെട്ടിൽ ഒരുങ്ങുന്ന സാഹസിക വിനോദ സഞ്ചാര കേന്ദ്രവുമൊക്കെ ചേരുന്ന ഒല്ലൂർ ടൂറിസം കോറിഡോർ ഇടം പിടിക്കുകയാണ്. വികസന സാധ്യതകളാൽ പച്ചപ്പണിയുന്ന മനുഷ്യരുടെയും അല്ലലില്ലാതെ ആവാസ വ്യവസ്ഥകളിൽ അതിവസിക്കാൻ കഴിക്കുന്ന പക്ഷിമൃഗാദികളുടെയും പരിപാലനത്താൽ കുളിരണിയുന്ന പ്രകൃതിയുടെയും സമന്വയ ഭൂമികയെ ലോക ജനതയ്ക്ക് ഒരു പാഠശാലയായി സമർപ്പിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

