
ചികിത്സാ പിഴവിനെ തുടർന്ന് തിരുവനന്തപുരത്ത് രണ്ടര വയസുകാരി മരിച്ചു. കണ്ണിൽ വീക്കവും ശ്വാസതടസ്സവും മൂലം ആശുപത്രിയിൽ എത്തിച്ച ഐഷ ഫാത്തിമയാണ് മരിച്ചത്. കാട്ടാക്കടയിലെ കോൺഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള മമൽ ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കൾ. അസ്വാഭാവിക മരണത്തിന് ആര്യനാട് പൊലീസ് കേസെടുത്തു. അതേസമയം ചികിത്സാ പിഴവാണ് മരണകാരണമെന്ന ആരോപണം തള്ളി ആശുപത്രി അധികൃതർ രംഗത്തെത്തി.
പുനലാൽ ചക്കിപ്പാറയിലെ സിദ്ദിഖ് -ഫാസിലത്ത് ദമ്പതികളുടെ രണ്ടര വസയുകാരിയായ മകൾ ഐഷാ ഫാത്തിമയാണ് മരിച്ചത്. മമൽ ആശുപത്രിയിൽ നിന്ന് കുത്തിവയ്പ്പ് എടുത്തയുടന്‍ കുഞ്ഞ് ബോധരഹിതയായെന്നും നെയ്യാര്‍ മെഡിസിറ്റിയില്‍ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചെന്നുമാണ് കുടുംബത്തിന്റെ പരാതി.
ആശുപത്രിയിലെത്തും മുൻപ് തന്നെ കുഞ്ഞ് മരിച്ച വിവരം പോലും തങ്ങളില്‍ നിന്ന് മറച്ചുവച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. കുഞ്ഞിന്റെ ബന്ധുക്കളെ ഈ ആംബുലന്‍സില്‍ കയറ്റിയില്ലെന്നും ആരോപണമുണ്ട്.
പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡൻറും, ഒറ്റശേഖരമംഗലം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായ കോൺഗ്രസ് നേതാവ് എൽ വി അജയകുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് മമൽ ആശുപത്രി. ഇതിനുമുമ്പും ഇവിടെ ചികിത്സാപ്പിഴവില്‍ കുട്ടികൾ മരിച്ചിട്ടുണ്ടെന്നാണ് ആക്ഷേപം. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ അസ്വാഭാവിക മരണത്തിന് ആര്യനാട് പൊലീസ് കേസെടുത്തിട്ടുണ്ട്. ആർ ഡി ഒ യുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നാലേ മരണകാരണം വ്യക്തമാവുകയുള്ളൂ.
അതേസമയം ചികിത്സാപ്പിഴവ് മൂലമാണ് കുഞ്ഞ് മരിച്ചതെന്ന കുടുംബത്തിന്റെ ആരോപണം തള്ളി കാട്ടാക്കട മമല്‍ ആശുപത്രി രംഗത്തെത്തി. കുത്തിവെപ്പ് മരണത്തിന് കാരണമാകില്ലെന്നും ആശുപത്രിയിലെത്തിക്കുമ്പോള്‍ കുഞ്ഞിന്റെ നില അതീവ ഗുരുതരമായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ചികിത്സ പിഴവ് പതിവാകുന്നതോടെ ആശുപത്രിക്കെതിരെ പ്രതിഷേധം ഉയരുകയാണ്. മുഖ്യമന്ത്രിക്കും മെഡിക്കൽ അസോസിയേഷനും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


