
കാസർകോഡ് പുല്ലൂര്‍ – പെരിയ പഞ്ചായത്തിൽ കൈകോർത്ത് യുഡിഎഫും ബിജെപിയും. സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ ബിജെപി അംഗത്തിന്റെ പിന്തുണയോടെ മൂന്ന് കോൺഗ്രസ് – ലീഗ് വനിത അംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. സ്ഥിരം സമിതി തെരഞ്ഞെടുപ്പിലുടനീളം കോ-ലീ-ബി സഖ്യം തുടരാനാണ് തീരുമാനം.
പുല്ലൂർ – പെരിയ ഗ്രാമ പഞ്ചായത്ത് പരസ്യമായ കോ-ലീ-ബി സഖ്യത്തിലൂടെ ‘താമരകൈ’ മാറ്റത്തിന്റെ കാസര്‍ഗോട്ടെ മറ്റത്തൂർ മോഡലാവുകയാണ്. ഗ്രാമപഞ്ചായത്തിലെ മൂന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റികളിൽ വനിതാ അംഗങ്ങളുടെ സംവരണ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോലീബി സഖ്യം വിജയിച്ചു. എൽഡിഎഫ് – 9, യുഡിഎഫ് -9, ബിജെപി -1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷി നില.
ബിജെപി അംഗത്തിന്റെ വോട്ട് സ്വീകരിച്ച് വികസനം, ക്ഷേമം, ആരോഗ്യവിദ്യാഭ്യാസം എന്നീ സ്ഥിരം സമിതികളിലാണ് (സംവരണം) യുഡിഎഫ് വിജയിച്ചത്. എൽഡിഎഫിന് ഒൻപതും യുഡിഎഫ് – ബിജെപി സഖ്യത്തിന് പത്തും വോട്ടുകള്‍ ലഭിച്ചു. സ്ഥിരം സമിതികളിലെ പൊതു വിഭാഗം അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും.
കോ-ലീ-ബി സഖ്യത്തിലൂടെ സ്റ്റാന്റിങ് കമ്മറ്റികളിലെ അഞ്ച് അംഗങ്ങളിൽ ബിജെപി അംഗമടക്കം മൂന്ന് പേരെ വീതം ജയിപ്പിച്ച് ചെയർമാൻ സ്ഥാനം പിടിച്ചെടുക്കുകയാണ്. ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിൽ വൈസ് പ്രസിഡന്റായ യുഡിഎഫിലെ അഡ്വ. എം ബാബുരാജ് തെരഞ്ഞെടുപ്പില്ലാതെ ചെയർമാനായി വരും. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് തന്നെ കോ-ലീ-ബി സഖ്യം ഉറപ്പിച്ചിരുന്നുവെങ്കിലും പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കോൺഗ്രസിലുണ്ടായ തർക്കത്തെ തുടർന്ന് ധാരണ നടക്കാതെ പോവുകയായിരുന്നു.
കോൺഗ്രസിലെ തർക്കത്തെ തുടർന്ന് യുഡിഎഫിനൊപ്പം ബിജെപി അംഗവും തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചതോടെയാണ് ധാരണ മറനീക്കി പുറത്ത് വന്നത്. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ സബിത ചൂരിക്കാട് പ്രസിഡന്റായും അഡ്വ. എം കെ ബാബുരാജ് വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.
ഇതിന് പിന്നാലെയാണ് ബിജെപിയുമായി അവിശുദ്ധ സഖ്യമുണ്ടാക്കി യുഡിഎഫ് ജനവിധിയെ വെല്ലുവിളിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

