
കോഴിക്കോട് കോര്‍പ്പറേഷനിലെ യുഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ഥിയായ പി എം നിയാസിന്റെ തോൽവിയെ തുടർന്നുള്ള കലഹങ്ങൾക്ക് അവസാനമില്ല. രാജിവെച്ച വാർഡ് പ്രസിഡന്‍റ് പ്രദീപ് മാമ്പറ്റയാണ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയത്. തോൽവിയുടെ ഉത്തരവാദിത്തം നിയാസിനും DCC നേതൃത്വത്തിനുമാണെന്നും മാമ്പറ്റ തുറന്നടിച്ചു.
പരാജയം സാധാരണ പ്രവർത്തകരുടെ തലയിൽ വെക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്നത് കളള പ്രചാരണമാണ്. താൻ രാജി വെച്ചതാണ്. തന്‍റെ കൂടെ നിരവധി പേർ പാർട്ടി വിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ കെ പി സി സി നേതൃത്വത്തിന് പരാതി നൽകുമെന്നും പ്രദീപ് മാമ്പറ്റ കൈരളി ന്യൂസിനോട് പറഞ്ഞു.
തോൽവിയുടെ ഉത്തരവാദിത്തം വാർഡ് കമ്മറ്റിക്കെന്ന അന്വേഷണ കമ്മിഷന്‍റെ കുറ്റപ്പെടുത്തലിനെ തുടർന്നാണ് പ്രദീപ് മാമ്പറ്റ സ്ഥാനം രാജിവെച്ചത്. വാർഡ് കമ്മിറ്റി റിപ്പോർട്ട് പൂർണമായും തള്ളിയിരുന്നു. തോൽവിയുടെ പൂർണ ഉത്തരവാദിത്തം ഡിസിസിയ്ക്ക് ആണെന്നാണ് ഇവർ ആരോപിച്ചത്. നിയാസ് മൽസരിച്ചാൽ തോൽക്കുമെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും പ്രദീപ് മാമ്പറ്റ വെളിപ്പെടുത്തിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

