
എറണാകുളത്ത് വിമത ശല്യം ഒഴിവാക്കാനുള്ള ഡിസിസി നേതൃത്വത്തിന്റെയും മുതിർന്ന യുഡിഎഫ് നേതാക്കളുടെയും എല്ലാ ശ്രമങ്ങളും പാളിയിരിക്കുകയാണ്. കൊച്ചി കോർപ്പറേഷനിൽ മത്സര രംഗത്തുള്ള സ്വതന്ത്രരിൽ പന്ത്രണ്ടുപേർ UDF വിമതർ.
ആലുവ, കളമശ്ശേരി, മൂവാറ്റുപുഴ നഗരസഭകളിലായി 20ലധികം യുഡിഎഫ് വിമതരും മത്സരരംഗത്ത്. പാമ്പാക്കുട പഞ്ചായത്തിൽ വിമതരുടെ ഐക്യമുന്നണിയും രൂപപ്പെട്ടു. കൊച്ചിയിലെ UDF വിമതർ മത്സര രംഗത്ത് ഉറച്ചു നിൽക്കാൻ കാരണം വി ഡി സതീശൻ വിരുദ്ധ ചേരിയുടെ പിന്തുണയെന്നും സൂചനയുണ്ട്.
സ്ഥാനാർത്ഥി നിർണയത്തിന് പിന്നാലെ കോൺഗ്രസിലും യുഡിഎഫിലും ഉണ്ടായ ഭിന്നതകൾ പരിഹരിക്കാൻ നേതൃത്വം കിണഞ്ഞു പരിശ്രമിച്ചിട്ടും ഫലം കണ്ടില്ല. അനുനയവും സമ്മർദ്ദ തന്ത്രങ്ങളും പാളി. കൊച്ചി കോർപ്പറേഷനിൽ മാത്രം 12 യു ഡി എഫ് വിമതർ ഇപ്പോഴും മത്സരിക്കുന്നുണ്ട്. തൃക്കാക്കര മണ്ഡലം യുഡിഎഫ് ചെയർമാൻ ജോസഫ് അലക്സ് ആണ് പാലാരിവട്ടം ഡിവിഷൻ വിമത സ്ഥാനാർത്ഥി. കോണം ഡിവിഷനിൽ മുൻ ഡെപ്യൂട്ടി മേയർ പ്രേമകുമാർ, ചുള്ളിക്കലിൽ കൗൺസിലർ ബാസ്റ്റിൻ ബാബു, ഗിരി നഗറിൽ സിറ്റിങ് കൗൺസിലർ മാലിനി കുറുപ്പ്, പെരുമ്പടപ്പിൽ മഹിള കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഹസീന നജീബ്, കച്ചേരിപ്പടിയിൽ ഐഎൻടിയുസി നേതാവ് കെ കെ നിഷാദ്, നമ്പ്യാപുരത്ത് മഹിളാ കോൺഗ്രസ് മണ്ഡലം സെക്രട്ടറി റഹീസ സലാം, മൂലങ്കുഴിയിൽ കെ ജെ സോണി, ഈരവേലിയിൽ മഹിള കോൺഗ്രസ് നേതാവ് സുനിത ഷമീർ, പനയപ്പിള്ളി ഡിവിഷനിൽ ഷീല സാബി, പൂണിത്തുറയിൽ ഹരീഷ് പൂണിത്തുറ എന്നിവരും കൽവത്തിയിൽ വനിത ലീഗ് ജില്ലാ സെക്രട്ടറി സജി കബീർ ലീഗ് വിമതയായും മത്സരിക്കുന്നു. കളമശ്ശേരി നഗരസഭയിൽ രണ്ട് ലീഗ് വിമതർ ഉൾപ്പെടെ ഒൻപതു വിമതരും ആലുവയിൽ മുൻ ചെയർപേഴ്സൺ ഉൾപ്പെടെ 8 വിമതരും പിറവം മൂവാറ്റുപുഴ നഗരസഭകളിൽ നാലു വീതവും തൃക്കാക്കരയിൽ മൂന്നും കൂത്താട്ടുകുളം അങ്കമാലി നഗരസഭകളിൽ രണ്ടു വീതവും UDF വിമതർ മത്സര രംഗത്തുണ്ട്. പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ 15 വാർഡുകളിലും ഇവിടുത്തെ മൂന്ന് ബ്ലോക്ക് ഡിവിഷനുകളിലും കോൺഗ്രസ് വിമതർ ഐക്യമുന്നണി എന്ന പേരിലാണ് മത്സരിക്കുന്നത്. ഞായറാഴ്ച വൈകിട്ടു വരെ നടത്തിയ അനുനയ നീക്കങ്ങൾക്കും സമ്മർദ്ദ തന്ത്രങ്ങൾക്കും വഴങ്ങാതെ കൊച്ചിയിൽ UDF വിമതർ മത്സര രംഗത്ത് ഉറച്ചു നിൽക്കുന്നത് VD സതീശൻ വിരുദ്ധ വിഭാഗത്തിൻ്റെ പിന്തുണയോടെ ആണെന്നാണ് സൂചന.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

