
പേരാമ്പ്രയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുഡിഎഫ് സംഘർഷം. യുഡിഎഫ് പ്രതിഷേധ കൂട്ടായ്മക്കിടെയാണ് പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്. സംഘർഷം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ യുഡിഎഫ് പ്രവർത്തകർ ആക്രമിച്ചു. വനിതാ മാധ്യമപ്രവർത്തകയെ അടക്കം തടഞ്ഞുവെച്ചു. തടയാൻ ശ്രമിച്ച പൊലീസിനെയും പ്രവർത്തകർ എതിർത്തു. റോഡിൽ വൻ സംഘർഷം സൃഷ്ടിച്ച യുഡിഎഫ് പ്രവർത്തകർ അതുവഴി പോയ വാഹനങ്ങളും തടഞ്ഞു. ഇതിനിടെ പൊലീസിനെതിരെ ഭീഷണിയുമായി കോൺഗ്രസ് നേതാവ് കെസി വേണുഗോപാലും രംഗത്ത് എത്തി.
കഴിഞ്ഞ ദിവസം രാത്രിയിൽ കോഴിക്കോട് പേരാമ്പ്രയിൽ അക്രമം അഴിച്ചുവിട്ടതിന് പിന്നാലെയാണ് ഇന്നും കോൺഗ്രസ് അക്രമ പരമ്പര അരങ്ങേറിയത്. കെസി വേണുഗോപാലിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായി വൈകിട്ട് പേരാമ്പ്ര ബസ് സ്റ്റാൻഡിൽ തടിച്ചുകൂടിയ യുഡിഎഫ് പ്രവർത്തകർ മാധ്യമ പ്രവർത്തകരെ പോലും വെറുതെ വിട്ടില്ല.
മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. തടഞ്ഞു വെച്ചവരിൽ വനിതാ മാധ്യമപ്രവർത്തക അടക്കം ഉൾപ്പെടുന്നു. സംയമനം പാലിക്കാൻ ആഹ്വാനം ചെയ്യേണ്ട കെസി വേണുഗോപാൽ അടക്കമുള്ള നേതാക്കന്മാരുടെ സാന്നിധ്യത്തിൽ ആയിരുന്നു ആക്രമം അരങ്ങേറിയത്. ഇതിനിടെ പൊലീസിനെതിരെ ഭീഷണിയുമായി കെസി വേണുഗോപാൽ രംഗത്ത് വന്നു.
യുഡിഎഫ് നേതാക്കളുടെ മൗനാനുവാദത്തോടെ ജില്ലയിൽ അക്രമ പരമ്പരയാണ് അരങ്ങേറുന്നത്. രാവിലെ കോഴിക്കോട് നടക്കാവിലെ ഐജി ഓഫീസിനു മുൻപിൽ റോഡ് ഉപരോധിച്ചായിരുന്നു പ്രതിഷേധം. കടന്നുപോവുന്ന മുഴുവൻ വാഹനങ്ങളും തടഞ്ഞ് മണിക്കൂറുകളോളം ഗതാഗത തടസ്സം സുഷ്ടിച്ചു. പ്രതിഷേധത്തിന്റെ പേരും പറഞ്ഞ് അക്രമ പരമ്പരയുമായി മുന്നോട്ടുപോകാനാണ് യുഡിഎഫിൻ്റെ ശ്രമം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

