
സിനിമ നടികളിൽ ഏവരുടെയും പ്രിയപ്പെട്ട ഒരാളാണ് ആശ ശരത്ത്. നടിയുടെ അഭിനയവും, നൃത്തവും എല്ലാം ആരാധകർക്ക് ഏറെ ഇഷ്ടമാണ്. നടി നടത്തുന്ന നൃത്ത വിദ്യാലയം ഏറെ പ്രശസ്തമാണ്. ഇപ്പോഴിതാ അർബുദ ബാധിതയായി അന്തരിച്ച തന്റെ പ്രിയ ശിഷ്യ ജയശ്രീയെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടി.
വേദന പോലും അവർക്കു മുന്നിൽ തലകുനിച്ചു. ധൈര്യത്തോടെ എന്തും അതിജീവിക്കുക എന്ന സത്യത്തിന്റെ സാക്ഷ്യമായി ജയശ്രീ നിലകൊണ്ടു. കാൻസറെന്ന കഠിന സത്യം ശരീരത്തെ പിടിച്ചുലച്ചിരുന്ന കാലത്ത്, എന്റെ ശിക്ഷണത്തിലേക്ക് എത്തിയ ദിവസം ജയശ്രീ എന്റെ നൃത്ത ജീവിതത്തിന്റെ അർത്ഥം തന്നെ മാറ്റി മറിച്ചുവെന്ന് നടി ഫേസ്ബുക്കിൽ കുറിച്ചു.
Also read: സതീശനെ വെട്ടി ചെന്നിത്തല; പ്രതിപക്ഷ നേതാവിന്റെ ഇറങ്ങിപ്പോക്കിന് പിന്നിലെ രഹസ്യങ്ങൾ
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
പ്രിയപ്പെട്ട ജയശ്രീ,
ഈ കത്ത് എഴുതുമ്പോൾ വാക്കുകൾക്ക് പോലും വിറയലുണ്ട്. ജയശ്രീ എന്റെ ഒരു വിദ്യാർത്ഥിനി മാത്രമായിരുന്നില്ല…
ഈ ലോകം തന്ന ഒരു അത്ഭുതമായിരുന്നു.
കാൻസറെന്ന കഠിന സത്യം ശരീരത്തെ പിടിച്ചുലച്ചിരുന്ന കാലത്ത്, എന്റെ ശിക്ഷണത്തിലേക്ക് എത്തിയ ദിവസം ജയശ്രീ എന്റെ നൃത്ത ജീവിതത്തിന്റെ അർത്ഥം തന്നെ മാറ്റിയ ഒരു ദിനമായിരുന്നു.
ഒരു വനിതാ ദിനത്തിലാണ് അവർ എന്റെ ശിഷ്യയായത് എന്നത് ഇന്നും ഞാൻ വ്യക്തമായി ഓർക്കുന്നു.
സ്ത്രീശക്തീകരണം എന്ന വാക്കിന്
ഒരു പുതിയ നിർവചനം രചിക്കപ്പെട്ടു.
ധൈര്യത്തോടെ എന്തും അതിജീവിക്കുക എന്ന സത്യത്തിന്റെ സാക്ഷ്യമായി ജയശ്രീ നിലകൊണ്ടു.
ആ കൈകളും കാലുകളും ഞാൻ ഒരു കുഞ്ഞിനെപ്പോലെ പിടിച്ചു താളം ചവിട്ടിയപ്പോൾ
അത് പരിശീലനം മാത്രമായിരുന്നില്ല —
വിശ്വാസത്തിന്റെ, സ്നേഹത്തിന്റെ, പ്രതീക്ഷയുടെ മുഹൂർത്തമായിരുന്നു.
വേദനയുണ്ടായിരുന്നിട്ടും
ആ കണ്ണുകളിൽ ഒരിക്കലും തോൽവിയുടെ നിഴൽ ഞാൻ കണ്ടിട്ടില്ല.
ഓരോ ചുവടിലും, ഓരോ താളത്തിലും
“എനിക്ക് കഴിയില്ല” എന്ന വാക്ക് അവർ മറന്നിരുന്നു.
ഗുരുവായൂരപ്പന്റെ സന്നിധിയിൽ
സ്വപ്നവേദിയിൽ നർത്തകിയായ ദിവസം
ഇന്നും എന്റെ മനസ്സിൽ തിളങ്ങുന്നൊരു ദീപമാണ്.
ചിലമ്പണിഞ്ഞ്, മുഖത്ത് ആ സന്തോഷം നിറച്ച്
നൃത്തം ചെയ്തപ്പോൾ
വേദന പോലും അവർക്കു മുന്നിൽ തലകുനിച്ച നിമിഷമായിരുന്നു അത്.
ജയശ്രീ,
ഇന്ന് ഈ ലോകത്തോട് വിടപറഞ്ഞുവെങ്കിലും
വേദനകളില്ലാത്ത ഒരു ലോകത്തേക്കാണ് പോയത് എന്ന് ഞാൻ വിശ്വസിക്കുന്നു.
എങ്കിലും…
അവിടെയും
ചിലങ്കയുടെ ശബ്ദം അവർ കേൾക്കും എന്നുറപ്പുണ്ട്.
കാരണം ആ ശബ്ദം ആത്മാവിന്റെ താളമാണ്.
എന്റെ ശ്വാസമുള്ള കാലം മുഴുവൻ ജയശ്രീ എന്ന ശിഷ്യ എന്റെ അഭിമാനമായിരിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


