
കിനാലൂരിലെ എയിംസ് (AIIMS) സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഭൂമി തർക്കമുണ്ടെന്ന ബിജെപി പ്രതിനിധി പ്രിൻ്റു മഹാദേവിൻ്റെ വാദത്തിന് മറുപടിയുമായി മുൻ എം പി എഎം ആരിഫ്. കൈരളി ന്യൂസിൻ്റെ ന്യൂസ് ആൻഡ് വ്യൂവ്സ് സംവാദ പരിപാടിയിലാണ് അദ്ദേഹം മറുപടി നല്‍കിയത്. കിനാലൂരിലെ ഭൂമി സംസ്ഥാന വ്യവസായ വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും കേന്ദ്രത്തെ നേരിൽ കണ്ട് ഈ ഭൂമി സംബന്ധിച്ച എല്ലാ രേഖകളും വർഷങ്ങൾക്ക് മുമ്പ് തന്നെ സമർപ്പിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, കിനാലൂർ, കാന്തലാട് വില്ലേജുകളിലെ 104 കുടുംബങ്ങൾ ഭൂമി വിട്ടുനൽകാൻ തയ്യാറല്ലെന്നും അവിടെ തർക്കമുണ്ടെന്നുമാണ് ബിജെപി പ്രതിനിധി ചൂണ്ടിക്കാട്ടുന്നത്. ഇത്തരം തർക്കങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വസ്തുവിന്റെ രേഖകൾ ശരിയല്ലാത്തതുകൊണ്ടോ തർക്കമുള്ളതുകൊണ്ടോ ആണ് എയിംസ് അനുവദിക്കാത്തതെന്ന് കേന്ദ്ര ധനകാര്യ മന്ത്രിയോ ആരോഗ്യ മന്ത്രിയോ ഒരിക്കൽ പോലും ഔദ്യോഗികമായി പറഞ്ഞിട്ടില്ലെന്ന് ആരിഫ് മറുപടി നൽകി. പാർലമെന്റിൽ ഉന്നയിക്കുമ്പോഴോ മറ്റ് ഘട്ടങ്ങളിലോ കേന്ദ്രം ഇത്തരം പ്രശ്നങ്ങൾ ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ: ‘കേരളത്തിനെ ആമയും തേങ്ങയും പറഞ്ഞ് കേന്ദ്രം കബളിപ്പിക്കുകയാണ്’: മുൻ എംപി എഎം ആരിഫ്
കേന്ദ്ര ബജറ്റിൽ മറ്റ് പല സംസ്ഥാനങ്ങൾക്കും ഇടനാഴികളും പദ്ധതികളും അനുവദിച്ചിട്ടും കേരളത്തെ അവഗണിക്കുകയാണ് ചെയ്തതെന്ന് ആരിഫ് പറഞ്ഞു. ഭൂമിയുടെ പേരിൽ തടസ്സങ്ങൾ പറയുന്നത് കേന്ദ്രത്തിന്റെ അവഗണനയെ ന്യായീകരിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

