ചിപ്പുകളുടെ രൂപകല്പനകളിലേക്ക്‌ കടക്കാനൊരുങ്ങി ഐഎച്ച്‌ആര്‍ഡിയുടെ മോഡല്‍ എഞ്ചിനീയറിംഗ്‌ കോളേജ്‌

model engineering college

ചിപ്പുകളുടെ രൂപകല്പനകളിലേക്ക്‌ കടക്കാനൊരുങ്ങി ഐ എച്ച്‌ ആര്‍ ഡിയുടെ കൊച്ചിയിലെ മോഡല്‍ എഞ്ചിനീയറിംഗ്‌ കോളേജ്‌. രാജ്യത്ത്‌ തദ്ദേശീയമായി ചിപ്പുകള്‍ വികസിപ്പിക്കുന്ന പുതിയ പദ്ധതിയിലേക്കാണ് കേരളത്തില്‍ നിന്ന്‌ ഐ എച്ച്‌ ആര്‍ ഡിയുടെ മോഡല്‍ എഞ്ചിനീയറിംഗ്‌ കോളേജ്‌ തെരഞ്ഞെടുക്കപ്പെട്ടത്. മോഡല്‍ എഞ്ചിനീയറിംഗ്‌ കോളേജിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന്‌ വികസിപ്പിച്ചെടുത്ത സ്വയം നിയന്ത്രിത വാഹനങ്ങളുടെ (automated vehicles) ഇന്‍റഗ്രേറ്റഡ്‌ സര്‍ക്യൂട്ട് ചിപ്പുകള്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്‌ ചണ്ഡീഗഢിലെ സെമികണ്ടക്ടര്‍ ലിമിറ്റഡില്‍ നടന്ന പ്രത്യേക ചിപ്പ്‌ കൈമാറ്റ ചടങ്ങില്‍ വിതരണം ചെയ്തു.

കേന്ദ്ര ഇലക്ട്രോണിക്സ്‌ ആന്‍ഡ്‌ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്‍റെ കീഴിലുള്ള ചിപ്പ്സ് ടു സ്റ്റാര്‍ട്ടപ്പ് അഥവാ സി.റ്റു.എസ്‌ പ്രോജക്ടിന്‍റെ ഭാഗമായി പ്രാരംഭ ഘട്ടത്തില്‍ വികസിപ്പിച്ചെടുത്ത രണ്ടു ചിപ്പുകള്‍ മോഡല്‍ എഞ്ചിനീയറിംഗ്‌ കോളേജിലെ ഇലക്ട്രോണിക്സ്‌ എഞ്ചിനീയറിംഗ്‌ വിഭാഗം മേധാവി പ്രൊഫ. ജോബി മോള്‍ ജേക്കബ്‌, അസിസ്റ്റൻ്റ് പ്രൊഫസര്‍ ഡോ. ജഗദീഷ്‌ കുമാര്‍ പി, ഗവേഷണ വിദ്യാര്‍ത്ഥിനി ഏയ്മി ജോസ്‌, ജെ.ആര്‍.എഫ്‌. അഞ്ജലി ജോസഫ്‌.റ്റി എന്നിവരാണ്‌ കോളേജിനെ പ്രതിനിധീകരിച്ച്‌ ഏറ്റുവാങ്ങിയത്.

ALSO READ: ഐഎഫ്എഫ്കെ ‘സ്പിരിറ്റ് ഓഫ് സിനിമ’ അവാര്‍ഡ് കെല്ലി ഫൈഫ് മാര്‍ഷലിന്; വംശീയ മുന്‍വിധികള്‍ക്കെതിരെ ഇന്നും തുടരുന്ന പോരാട്ടം

സാങ്കേതിക രംഗം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന “ഓട്ടോണോമസ്‌ വെഹിക്കിള്‍” അഥവാ സ്വയം നിയന്ത്രിത വാഹനങ്ങള്‍ വികസിപ്പിക്കുന്നതില്‍ നേരിടുന്ന വെല്ലുവിളികളെ നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ മറികടന്ന്‌ കൂടുതല്‍ കൃത്യതയും സുരക്ഷയും ഉറപ്പുവരുത്തിക്കൊണ്ടാണ്‌ മോഡല്‍ എഞ്ചിനീയറിംഗ്‌ കോളേജ്‌ ചിപ്പുകള്‍ വികസിപ്പിക്കുന്നത്‌. വിവിധ സെന്‍ററുകളുടെ സഹായത്തോടെ ശേഖരിക്കുന്ന വിവരങ്ങളെ വിശകലനം ചെയ്യുവാനും ഇവയെ ആസ്പദമാക്കി നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച്‌ വാഹനത്തിന്‍റെ വേഗം, ദിശ എന്നിവ ക്രമീകരിക്കാനുമുള്ള ചിപ്പുകളുടെ വികസനം ഇതോടെ ഏറെ ശ്രദ്ധേയമായി.

86 ലക്ഷം രൂപ ഗവേഷണ ഗ്രാന്റ്‌ ലഭിച്ച അഞ്ചു വര്‍ഷത്തെ ചിപ്സ്‌ ടു സ്റ്റാര്‍ട്ട്‌ അപ്പ്‌ പദ്ധതി, ചിപ്പ്‌ വികസനത്തിനോടൊപ്പം, സെമികണ്ടക്ടര്‍, വി എല്‍ എസ്‌ ഐ മേഖലകളില്‍ വലിയ തോതിലുള്ള മാനവ വിഭവശേഷി വികസനവും ലക്ഷ്യം വെക്കുന്നു.
പ്രൊഫ. ജോബി മോള്‍ ജേക്കബ്‌, ഡോ. ജഗദീഷ്‌ കുമാര്‍ പി, റാഷീദ്‌ എം.ഇ എന്നിവര്‍ നയിക്കുന്ന ഈ ഗവേഷണ പദ്ധതിയില്‍ അധ്യാപകരും ഗവേഷണ വിദ്യാര്‍ത്ഥികളും ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികളുമാണ് പങ്കാളികള്‍.

സെമികണ്ടക്ടര്‍, വി.എല്‍.എസ്‌.ഐ. മേഖലകളിലെ മാനവ വിഭവ ശേഷി ഏറെ വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നും തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്നും കോളേജ്‌ പ്രിന്‍സിപ്പാള്‍ പ്രൊഫ. ജയചന്ദ്രന്‍ ഇ എസ്‌ അഭിപ്രായപ്പെട്ടു. ചിപ്പുകളുടെ വികസനത്തിനായി മോഡല്‍ എഞ്ചിനീയറിംഗ്‌ കോളേജ്‌ അധ്യാപകര്‍ നടത്തുന്ന ശ്രമങ്ങളെ ഏറെ പ്രതീക്ഷയോടെ കാണുന്നുവെന്ന് ഐ എച്ച്‌ ആര്‍ ഡി ഡയറക്ടര്‍ ഡോ.വി എ അരുണ്‍ കുമാര്‍ പറഞ്ഞു.

സാങ്കേതിക രംഗത്ത്‌ മികവ്‌ തെളിയിച്ച ഏറെ അധ്യാപകരുള്ള ഐ എച്ച്‌ ആര്‍ ഡി യിലെ മറ്റു കോളേജുകളും പദ്ധതിയില്‍ പങ്കാളികളായി. ആര്‍ട്ടിഫിഷ്യല്‍ ഇൻ്റലിജന്‍സ്‌, വി എല്‍ എസ്‌ ഐ എന്നീ മേഖലകളില്‍ ഐ.എച്ച്‌.ആര്‍.ഡി. സ്വന്തമായ വ്യക്തിമുദ്ര പതിപ്പിക്കുമെന്നും ഡോ.വി എ അരുണ്‍ കുമാര്‍ പറഞ്ഞു. രാജ്യത്തെ പ്രധാനപ്പെട്ട റിസര്‍ച്ച് സ്ഥാപനങ്ങളുമായി ചേര്‍ന്ന്‌ ഐ.എച്ച്‌.ആര്‍.ഡി പ്രവര്‍ത്തനമാരംഭിച്ചു.

ഐ.എച്ച്‌.ആര്‍.ഡിയുടെ നേതൃത്വത്തില്‍ ഗവേഷകര്‍ക്കും ഗവേഷണ വിദ്യാര്‍ഥികള്‍ക്കും ഗവേഷണഫലങ്ങള്‍ പ്രസിദ്ധീകരിക്കാനായി റിസേര്‍ച്ച്‌ ജേര്‍ണല്‍ ആരംഭിച്ചിട്ടുണ്ട്‌. ഐ.എച്ച്‌.ആര്‍.ഡി സംഘടിപ്പിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇൻ്റലിജന്‍സിൻ്റെ മൂന്നാമത്തെ ഇന്റര്‍നാഷണല്‍ കോണ്‍ക്ളേവ് ജനുവരി 6 മുതല്‍ തിരുവനന്തപുരത്ത്‌ കനകകുന്നില്‍ വെച്ച്‌ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News