
ദൃശ്യ ദാമോദരൻ
ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദത്തെ തള്ളിപ്പറഞ്ഞെന്നും പിന്നെ അവരുടെ പിന്തുണ സ്വീകരിക്കുന്നതിൽ എന്താണ് തെറ്റെന്നും ചോദിച്ചത് കേരളത്തിന്റെ പ്രതിപക്ഷ നേതാവും കോൺഗ്രസിന്റെ സമുന്നത നേതാവുമായ വിഡി സതീശനാണ്. മതനിരപേക്ഷ കേരളത്തെ അധികാരത്തിന് വേണ്ടി ഏത് വർഗീയവാദിയുടെയും ആലയിൽ കൊണ്ടുകെട്ടാൻ തയ്യാറാണെന്ന പരസ്യ പ്രഖ്യാപനം. ജമാഅത്തെ ഇസ്ലാമിയോടുള്ള കോൺഗ്രസ് നിലപാട് കാലാകാലങ്ങളായി ഇങ്ങനെ ആയിരുന്നോ? ജമാഅത്തെ ഇസ്ലാമിയോടുള്ള നെഹ്റൂവിയൻ ലെഫ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന സതീശൻ ജിയുടെ ഈ സ്നേഹം നെഹ്റുതൊട്ട് ഇങ്ങോട്ടുള്ള മറ്റ് കോൺഗ്രസ് നേതാക്കൾക്കെല്ലാം ഉണ്ടായിരുന്നോ?
ദേശീയ തലത്തിൽ ഒന്നിലേറെ തവണ നിരോധിക്കപ്പെട്ട സംഘടനയാണ് ജമാ അത്തെ ഇസ്ലാമി. 1947ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചു. എന്തിന്? രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന കാരണംകൊണ്ട്. 1975-ൽ ജവഹർലാൽ നെഹ്റുവിൻ്റെ മകൾ കൂടിയാ അന്നത്തെ പ്രധാന മന്ത്രി ഇന്ദിരാഗാന്ധിയും ജമാഅത്തെ ഇസ്ളാമിയെ നിരോധിച്ചു.
ALSO READ: ആശ്രാമം ഇഎസ്ഐ മെഡിക്കല്‍ കോളേജ് അനുമതി സർക്കാർ നിഷേധിച്ചോ? 6 മാസം മൗനത്തിലാണ്ടതെന്തേ? വസ്തുത ഇത്…
തീർന്നില്ല, 1992-ൽ നരസിംഹറാവു രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന കാരണത്താൽ ജമാഅത്തെ ഇസ്ളാമിയെ വീണ്ടും നിരോധിക്കുകയുണ്ടായി. 2015ൽ ഉമ്മൻ ചാണ്ടിയും ഈ സംഘടനയെ നിരോധിക്കണമെന്ന് സത്യവാങ്മൂലം നൽകിയിരുന്നു. അന്ന് രമേശ് ചെന്നിത്തലയായിരുന്നു ആഭ്യന്തര മന്ത്രി. ആഭ്യന്തര വകുപ്പാണ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതും.
ഇതേ നേതാക്കളുടെ പാരമ്പര്യം പേറുന്ന, അതിൽ അഭിമാനം കൊള്ളുന്ന സതീശൻ ജിയ്ക്ക് പക്ഷേ ജമാഅത്തെയ്ക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകാനാണ് താത്പര്യം. അങ്ങനെ 2025-ൽ അതും സംഭവിച്ചു, ജമാഅത്തെ ഇസ്ളാമിക്കാർ വെറും പാവങ്ങളാണെന്നും അവർക്കിപ്പോൾ മതരാഷ്ട്ര വാദമൊന്നുമില്ലെന്നും VD സതീശൻ പ്രഖ്യാപനം നടത്തി. ഇതേ വി ഡി സതീശൻ തന്നെ സ്വയം വിളിക്കുന്നത് നെഹ്റൂവിയൻ – ലെഫ്റ്റ് എന്നാണ് കേട്ടോ. നെഹ്റു ഇന്ന് ജീവിച്ചിരിപ്പില്ലാത്തതുകൊണ്ടും അടികിട്ടില്ലെന്ന് ഉറപ്പുള്ളതുകൊണ്ടും സതീശൻ ജി ഇങ്ങനെയൊക്കെ പറഞ്ഞുനടക്കട്ടെ.
ALSO READ: സോണിയാ ഗാന്ധിയെ അങ്ങനെ ആർക്കുംപോയി കാണാനാകുമോ? അപ്പോയിൻമെൻ്റ് ലഭിക്കൽ അത്ര ഈസിയല്ല കേട്ടോ!
നിയമസഭാ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞുകഴിഞ്ഞു. നാല് വോട്ടിനു വേണ്ടി എന്തും പറയുന്ന ഗതികേടിലേക്ക് ഇങ്ങനെ തരംതാഴുന്നത് കഷ്ടമാണ്, കേരളത്തിന്റെ മതേതരത്തിന്റെ കടയ്ക്കൽ വയ്ക്കുന്ന കത്തിയാണ്. ലോകം മുഴുവൻ ഇസ്ലാമിക രാഷ്ട്രം വേണമെന്ന് വാദിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ ഓരം ചേർന്നാണ് കോൺഗ്രസിന്റെ മുന്നോട്ടുപോക്ക്. പക്ഷേ നിങ്ങൾ മുന്നോട്ടല്ല, പിന്നോട്ടേക്കാണ് നടക്കുന്നതെന്ന് ഓർക്കുന്നത് നല്ലതാണ്. വി ഡി സതീശന്റെയും കോൺഗ്രസിന്റെയും ഈ അവസരവാദ രാഷ്ട്രീയത്തെ ഈ നാട് തള്ളിക്കളയും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

