
ശബരിമലയിലെ സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പ്രവർത്തനം വളരെ തൃപ്തികരമാണെന്ന് മന്ത്രി വി എൻ വാസവൻ. അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്ന് കോടതി തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 50 വർഷത്തിനിടയിലുണ്ടായ സ്വർണ്ണ ഉരുപ്പടികളുടെ കൈമാറ്റവും മറ്റും വിശദമായി അന്വേഷിക്കണമെന്ന് സർക്കാർ നേരത്തെ തന്നെ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. യുഡിഎഫ്, എൽഡിഎഫ് കാലഘട്ടങ്ങളിലെ കാര്യങ്ങൾ ഇതിൽ ഉൾപ്പെടുമെന്നും, ജനങ്ങൾക്ക് സത്യമറിയാൻ അവകാശമുള്ളതിനാൽ മുൻകാലങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കണമെന്നാണ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ശബരിമലയിലെ ദ്വാരപാലക ശിൽപപാളി കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം, പക്ഷേ ജയിലിൽ തുടരും
എസ്ഐടി അന്വേഷണം ഭംഗിയായി നടക്കുമ്പോൾ ഇഡി ഇടപെടുന്നത് ദുരൂഹമാണെന്ന് അദ്ദേഹം ആരോപിച്ചു. ഇഡിയുടെ വിശ്വാസ്യത നഷ്ടപ്പെടുന്ന തരത്തിലുള്ള സംഭവങ്ങളാണ് സമീപകാലത്ത് ഉണ്ടായിട്ടുള്ളത്. മുഖ്യമന്ത്രിക്കെതിരെ സാക്ഷി പറയാൻ ചിലരെ പ്രേരിപ്പിച്ച ഇഡി ഡെപ്യൂട്ടി ഡയറക്ടറെ സർവീസിൽ നിന്ന് പുറത്താക്കിയ സംഭവം അദ്ദേഹം ചൂണ്ടിക്കാട്ടി,. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ഇഡി പലപ്പോഴും ഇടപെടുന്നതെന്ന് സുപ്രീം കോടതി തന്നെ സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും, അതുകൊണ്ട് തന്നെ ഈ ഘട്ടത്തിലുള്ള ഇഡിയുടെ കടന്നുകയറ്റം സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ കേസിൽ സർക്കാരിന് ഒന്നും ഒളിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. “എക്സ് ആയാലും വൈ ആയാലും” അതായത് കുറ്റക്കാർ മുൻ ദേവസ്വം മന്ത്രിയോ തന്ത്രിയോ മറ്റാരെങ്കിലുമോ ആകട്ടെ, അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക എന്നത് തന്നെയാണ് സർക്കാരിന്റെ നിലപാട്,. അന്വേഷണം ആരിൽ എത്തണം എന്ന് തീരുമാനിക്കേണ്ടത് എസ്ഐടിയാണെന്നും അതിൽ സർക്കാർ ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു,. നിലവിൽ എസ്ഐടി നടത്തുന്ന അന്വേഷണ റിപ്പോർട്ട് വന്ന ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

