
വെറുതെ വാചകക്കസർത്ത് നടത്തിയാൽ സംഘപരിവാർ വിരുദ്ധത തെളിയിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് മന്ത്രി മന്ത്രി വി ശിവൻകുട്ടി. യഥാർത്ഥ പോരാട്ടം എങ്ങനെയെന്ന് നേമം മണ്ഡലം സാക്ഷ്യപ്പെടുത്തിയതാണെന്നും, സംഘപരിവാർ രാഷ്ട്രീയത്തെ മുട്ടുകുത്തിക്കാൻ ആർജ്ജവമുണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് നേമത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കണമെന്നും വെല്ലുവിളിച്ചു.
കേരളത്തിന്റെ മണ്ണിൽ ബിജെപി തുറന്ന ഏക അക്കൗണ്ട് ക്ലോസ് ചെയ്തത് ഇടതുപക്ഷത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ പോരാട്ടമായിരുന്നു. സംഘപരിവാർ രാഷ്ട്രീയത്തെ മുട്ടുകുത്തിക്കാൻ ആർജ്ജവമുണ്ടെങ്കിൽ, പ്രതിപക്ഷ നേതാവിനെ ഈ പോരാട്ടത്തിലേക്ക് ക്ഷണിക്കുന്നെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വെല്ലുവിളികൾ ഏറ്റെടുക്കാൻ ധൈര്യമുണ്ടെങ്കിൽ, വർഗീയതയ്ക്കെതിരെയുള്ള പോരാട്ടത്തിന് കരുത്ത് പകരാൻ അദ്ദേഹം ഈ ക്ഷണം സ്വീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ALSO READ; ജനക്ഷേമ ബഡ്ജറ്റ് മാതൃകാപരം; സൗജന്യ വിദ്യാഭ്യാസം ഡിഗ്രി വരെയാക്കിയത് ചരിത്രപരം: ജോസ് കെ മാണി
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
സംഘപരിവാറിനെതിരെ പോരാടുന്ന വലിയ ‘യോദ്ധാവായി’ സ്വയം ചമയാൻ പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി സതീശൻ നടത്തുന്ന ശ്രമങ്ങൾ കൗതുകകരമാണ്. ബിജെപിയോടുള്ള മൃദുസമീപനവും കോൺഗ്രസിന്റെ നിലപാടില്ലായ്മയും കേരളീയ പൊതുസമൂഹത്തിന് കൃത്യമായി ബോധ്യമുള്ളതാണ്. വെറുതെ പ്രസംഗപീഠങ്ങളിൽ ഇരുന്നു വാചകക്കസർത്ത് നടത്തിയാൽ സംഘപരിവാർ വിരുദ്ധത തെളിയിക്കാനാവില്ല.
യഥാർത്ഥ പോരാട്ടം എങ്ങനെയെന്ന് നേമം മണ്ഡലം സാക്ഷ്യപ്പെടുത്തിയതാണ്. കേരളത്തിന്റെ മണ്ണിൽ ബിജെപി തുറന്ന ഏക അക്കൗണ്ട് ക്ലോസ് ചെയ്തത് ഇടതുപക്ഷത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ പോരാട്ടമായിരുന്നു. സംഘപരിവാർ രാഷ്ട്രീയത്തെ മുട്ടുകുത്തിക്കാൻ ആർജ്ജവമുണ്ടെങ്കിൽ, പ്രതിപക്ഷ നേതാവിനെ ഞാൻ ഈ പോരാട്ടത്തിലേക്ക് ക്ഷണിക്കുന്നു.
ശ്രീ. വി.ഡി സതീശൻ ശരിക്കും ഒരു സംഘപരിവാർ വിരുദ്ധനാണെങ്കിൽ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി ഒരിക്കൽ വിജയിച്ച നേമം മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ അദ്ദേഹം തയ്യാറാകണം. വെല്ലുവിളികൾ ഏറ്റെടുക്കാൻ ധൈര്യമുണ്ടെങ്കിൽ, വർഗീയതയ്ക്കെതിരെയുള്ള പോരാട്ടത്തിന് കരുത്ത് പകരാൻ അദ്ദേഹം ഈ ക്ഷണം സ്വീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാക്കുകളേക്കാൾ, നിലപാടുകൾ പ്രവൃത്തിയിലൂടെ തെളിയിക്കാനുള്ള ആർജ്ജവമാണ് ഒരു നേതാവിന് വേണ്ടത്. വി ഡി സതീശൻ മത്സരിച്ചാലും ഇല്ലെങ്കിലും നേമത്ത് ക്ളോസ് ചെയ്ത ബിജെപിയുടെ അക്കൗണ്ട് തുറക്കാൻ ഇടതുപക്ഷം അനുവദിക്കില്ല. വിജയിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായിരിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

