
സംസ്ഥാന സ്കൂൾ കായികമേളയിൽ 20223 വിദ്യാർത്ഥികൾ പങ്കെടുക്കും. ചീഫ് മിനിസ്റ്റർ ട്രോഫി നാളെ തിരുവനന്തപുരം ജില്ല അതിർത്തിയായ തട്ടത്തുമലയിൽ സ്വീകരിക്കും. നാളെയും മറ്റന്നാളും വിവിധ സ്കൂളുകളിൽ സ്വീകരണം ഒരുക്കും. ഘോഷയാത്രയായി സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിക്കും. പൊതു വിദ്യാഭ്യാസ മന്ത്രി, പൊതു വിദ്യാഭ്യാസ ഡയറക്ടർ എന്നിവർ ചേർന്ന് സ്വീകരിക്കും. എംഎൽഎ, ജനപ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
സംസ്ഥാന കായികമേളയോട് അനുബന്ധിച്ചുളള ദീപശിഖാ പ്രയാണം ഒക്ടോബർ 19 ന് എറണാകുളത്ത് നിന്ന് ആരംഭിക്കും. ആലപ്പുഴ, കൊല്ലം ജില്ലകളിലെ വിവിധ സ്കൂളുകളിലെ സ്വീകരണം ഏറ്റുവാങ്ങി ഇരുപതാം തീയതി തിരുവനന്തപുരത്ത് എത്തിച്ചേരും. ഇരുപത്തി ഒന്നാം തീയതി നഗരത്തിലെ വിവിധ സ്കൂളുകളിൽ സ്വീകരണം ഏറ്റുവാങ്ങി പട്ടം ഗവ. ഗേൾസ് സ്കൂളിൽ ട്രോഫി ഘോഷയാത്രയുമയി ചേർന്ന് ഉത്ഘാടന വേദിയായ യൂണിവേഴ്സ് സിറ്റി സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരും.
മികച്ച സ്കൂളിനുളള ഓവറോൾ ചാമ്പ്യൻ ഷിപ്പ് ട്രോഫി നൽകുന്നതിന് ജനറൽ സ്കൂളും, സ്പോർട്സ് സ്കൂളും രണ്ടു കാറ്റഗറിയായി പരിഗണിച്ച് ഓരോ കാറ്റഗറിയിൽ നിന്നും മികച്ച സ്കൂൾ തിരഞ്ഞെടുക്കുന്നതാണ്. ഏറ്റവും കൂടുതൽ പോയിന്റു നേടിയ ജില്ല നിർണ്ണയിക്കുന്നതിന് ജനറൽ സ്കൂൾ സ്പോർട്സ് സ്കൂൾ എന്നിങ്ങനെ വ്യത്യാസം ഇല്ലാതെ രണ്ടു കാറ്റഗറിയിലെ സ്കൂളുകളും നേടുന്ന ആകെ പോയിന്റുകൾ ഒരുമിച്ചു കണക്കാക്കാവുന്നതാണ്.
നിലവിൽ അത്ലറ്റിക്സിൽ മികച്ച ജനറൽ സ്കൂളിന് നൽകിവരുന്ന പ്രൈസ് മണി ഒന്നാം സ്ഥാനത്തിന് രണ്ടു ലക്ഷത്തി ഇരുപതിനായിരം, രണ്ടാം സ്ഥാനത്തിന് ഒരു ലക്ഷത്തി അറുപത്തയ്യായിരം , മൂന്നാം സ്ഥാനത്തിന് ഒരു ലക്ഷത്തി പതിനായിരം എന്നത് രണ്ടു രക്ഷത്തി അൻപതിനായിരം, ഒരു ലക്ഷത്തി എഴുപത്തയ്യായിരം, ഒരു ലക്ഷത്തി ഇരുപത്തയ്യായിരം എന്ന നിരക്കിൽ വർദ്ധിപ്പിച്ചു നൽകുന്നതാണ്.
അത്ലറ്റിക്സ് വിഭാഗത്തിൽ സ്പോർട്സ് സ്കൂളുകളിൽ ഒന്നാം സ്ഥാനം നേടുന്ന സ്കൂളിന് ഒരു ലക്ഷം, രണ്ടാം സ്ഥാനത്തിന് എഴുപത്തയ്യായിരം, മൂന്നാം സ്ഥാനത്തിന് അൻപതിനായിരം എന്ന നിരക്കിൽ പ്രൈസ് മണി നൽകുന്നതാണ്.
76 സ്കൂളുകളിലായാണ് അക്കോമഡേഷൻ. ഇലക്ട്രിസിറ്റി, വാട്ടർ, ടോയ്ലറ്റ്, ബെഡ്, നൈറ്റ് വാച്ച്മാൻ, പ്രാദേശിക തല കമ്മിറ്റി, പോലീസ് സംരക്ഷണത്തിനുളള ഏർപ്പാടുകൾ എന്നിവ മുൻനിർത്തി പ്രധാനാദ്ധ്യാപകരുടെ യോഗം ചേർന്നു.
പന്ത്രണ്ട് സ്റ്റേഡിയങ്ങളിലായി നാൽപ്പത്തിയൊന്ന് ഇന മത്സരങ്ങൾ അരങ്ങേറും. പൊതു വിദ്യാഭ്യാസ ഡയറക്ടർ നേരിട്ട് ഇന്നുമുതൽ വേദികൾ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തും. ഇത്തവണ കളരിപ്പയറ്റ് ഉൾപ്പെടുത്തിയിട്ടുണ്ട് . സെൻട്രൽ സ്റ്റേഡിയത്തിൽ വച്ചാകും കളരിപ്പയറ്റ് നടക്കുക. മേളയിൽ ഇൻക്ലൂസീവ് സ്പോർട്സിന്റെ ഭാഗമായി 1944 കായിക താരങ്ങൾ പങ്കെടുക്കും. ഇരുപതാം തീയതി രാത്രി ഏറനാട് എക്സ്പ്രസിൽ തിരുവനന്തപുരത്ത് എത്തിച്ചേരുന്ന കാസർഗോഡ് ജില്ലയിലെ കായിക താരങ്ങൾക്ക് പൊതു വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകും.
ഗൾഫിൽ കേരളാ സിലബസ് പഠിപ്പിക്കുന്ന ഏഴു സ്കൂളുകളിൽ നിന്നുളള മുപ്പത്തിയഞ്ച് കുട്ടികൾ ഇത്തവണ മേളയിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ തവണ ആൺകുട്ടികൾ മാത്രമാണ് പങ്കെടുത്തിരുന്നതെങ്കിൽ പന്ത്രണ്ട് പെൺകുട്ടികൾ കൂടി മേളയിൽ പങ്കെടുക്കുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

