‘നേമം പിന്മാറ്റം കേവലമൊരു തീരുമാനമല്ല, ബിജെപിയുമായുള്ള വ്യക്തമായ രാഷ്ട്രീയ കച്ചവടം’; വി.ഡി. സതീശനെതിരെ മന്ത്രി വി. ശിവൻകുട്ടി

v sivankutty on v d satheesan nemom election

നേമം മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന സതീശന്റെ തീരുമാനം കേവലമൊരു വ്യക്തിഗത തീരുമാനമല്ലെന്നും, അത് ബിജെപിയുമായി ഉണ്ടാക്കിയ കൃത്യമായ രാഷ്ട്രീയ കച്ചവടത്തിന്റെ ഭാഗമാണെന്നും മന്ത്രി വി. ശിവൻകുട്ടി. നേമത്ത് ബിജെപിയെ സഹായിക്കുന്നതിന് പകരമായി പറവൂരിൽ ബിജെപി വോട്ടുകൾ കോൺഗ്രസിന് ഉറപ്പാക്കുക എന്നതാണ് ഈ ‘ഡീലിന്റെ’ അന്തസത്തയെന്ന് ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

സംഘപരിവാർ അജണ്ടകൾ കേരളത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയമായി നേരിടേണ്ട വിഷയമാണെന്നും, എന്നാൽ സതീശൻ ഇത് ചർച്ച ചെയ്യാതെ വഴിതിരിച്ചുവിടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. വർഗീയ പ്രീണനവും പി ആർ ഏജൻസികളും ഒരേ സമയം ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും താലോലിക്കുന്ന അപകടകരമായ രാഷ്ട്രീയമാണ് സതീശൻ കൈക്കൊള്ളുന്നതെന്ന് മന്ത്രി ആരോപിച്ചു. രാഷ്ട്രീയ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിന് പകരം വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് ചർച്ചയെ താഴ്ത്തിക്കൊണ്ടുപോകാനാണ് സതീശൻ ശ്രമിക്കുന്നത്. വി.ഡി. സതീശനെ നിയന്ത്രിക്കുന്നത് പി ആർ ഏജൻസികളാണെന്നും, എന്നാൽ ഇടതുപക്ഷത്തെ സംബന്ധിച്ച് ജനങ്ങളാണ് തങ്ങളുടെ കരുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: ഡബിളാ…ഡബിൾ… സംസ്ഥാനത്ത് ബജറ്റ് പരാജയമെന്ന് ചെന്നിത്തല, സ്വന്തം മണ്ഡലത്തിൽ നൽകിയ പദ്ധതികൾ എണ്ണിപ്പറഞ്ഞ് കൈയടി നേടാനും ചെന്നിത്തല; എങ്ങനെ സാധിക്കുന്നു ഇതൊക്കെ?

പോസ്റ്റിന്റെ പൂർണരൂപം

നേമം മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവന കേവലമൊരു വ്യക്തിഗത തീരുമാനമല്ല. അത് ബിജെപിയുമായി ഉണ്ടാക്കിയ കൃത്യമായ രാഷ്ട്രീയ കച്ചവടത്തിന്റെ ഭാഗമാണ്. നേമത്ത് ബിജെപിയെ സഹായിക്കുക, പകരം പറവൂരിൽ ബിജെപി വോട്ടുകൾ കോൺഗ്രസിന് ഉറപ്പാക്കുക—ഇതാണ് ഈ ‘ഡീലിന്റെ’ അന്തസത്ത. ഈ ഒത്തുകളി പുറത്തുവരുമ്പോൾ ഉണ്ടായ പരിഭ്രമമാണ് ചർച്ച വഴിതിരിച്ചുവിടുന്നു എന്നാരോപിച്ച് സതീശൻ നടത്തുന്ന വിലാപങ്ങൾക്ക് പിന്നിൽ.
തിരഞ്ഞെടുപ്പിലെ യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത് എന്ന് സതീശൻ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്? സംഘപരിവാർ അജണ്ടകൾ കേരളത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ, അത് സതീശന് ഒരു ‘യഥാർത്ഥ വിഷയമായി’ തോന്നാത്തത് എന്തുകൊണ്ടാണ്? ഈ മണ്ണിൽ വർഗീയത വിതയ്ക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയമായി നേരിടേണ്ട വിഷയം തന്നെയല്ലേ?
ഒരേ സമയം ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും താലോലിക്കുന്ന അപകടകരമായ രാഷ്ട്രീയമാണ് വി.ഡി. സതീശൻ കൈക്കൊള്ളുന്നത്. വർഗീയ ശക്തികളുമായി ചങ്ങാത്തം കൂടി വോട്ട് ബാങ്ക് ഉറപ്പിക്കാനുള്ള ഈ നീക്കം കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യും.
മന്ത്രിയുടെ ഓഫീസ് സ്റ്റാഫുകളെയും എകെജി സെന്ററിനെയും പഴിചാരി രക്ഷപെടാനുള്ള ശ്രമം സതീശന്റെ രാഷ്ട്രീയ പാപ്പരത്തമാണ് വ്യക്തമാക്കുന്നത്. ഉന്നയിച്ച രാഷ്ട്രീയ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നതിന് പകരം, വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് ചർച്ചയെ താഴ്ത്തിക്കൊണ്ടുപോകാനാണ് പ്രതിപക്ഷ നേതാവ് എപ്പോഴും ശ്രമിക്കുന്നത്. യഥാർത്ഥത്തിൽ വി ഡി സതീശനെ നിയന്ത്രിക്കുന്നത് പി ആർ ഏജൻസികളാണ്. ഞങ്ങളെ സംബന്ധിച്ച് ഞങ്ങളുടെ കനഗോലു ഈ നാടിന്റെ നന്മ ആഗ്രഹിക്കുന്ന ജനങ്ങൾ തന്നെയാണ്.
“പബ്ലിസിറ്റി തരല്ലേ” എന്ന് കേഴുന്ന സതീശൻ യഥാർത്ഥത്തിൽ ഭയപ്പെടുന്നത് ജനങ്ങൾക്ക് മുന്നിൽ തന്റെ രാഷ്ട്രീയ ഇരട്ടത്താപ്പ് തുറന്നു കാട്ടപ്പെടുമെന്നതാണ്. തോട്ടിയിട്ട് പിടിക്കാൻ നോക്കുന്നു എന്നൊക്കെയുള്ള പ്രയോഗങ്ങൾ പരിഹാസ്യമാണ്. രാഷ്ട്രീയ നിലപാടുകളെ രാഷ്ട്രീയമായി നേരിടാൻ കെൽപ്പില്ലാത്തവരാണ് ഇത്തരം വിലകുറഞ്ഞ പ്രയോഗങ്ങളുമായി വരുന്നത്.
ബിജെപിയുമായുള്ള വഴിവിട്ട ബന്ധം മറച്ചുവെക്കാൻ നടത്തുന്ന ഈ നാടകങ്ങൾ കേരളത്തിന്റെ മണ്ണിൽ വിലപ്പോകില്ല. വികസനവും മതേതരത്വവും ചർച്ചയാകുമ്പോൾ കോൺഗ്രസിന്റെ ബിജെപി പ്രീണനം ജനമധ്യത്തിൽ വിചാരണ ചെയ്യപ്പെടുക തന്നെ ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News