‘ബെയ്ലി പാലം മുതൽ പാത്രക്കച്ചവടം വരെ ശബരിമലയുടെ പേരിൽ കോടികളുടെ അഴിമതി നടത്തിയ യു.ഡി.എഫ് ഇപ്പോൾ മുതലക്കണ്ണീർ ഒഴുക്കുന്നത് ഭക്തരെ വീണ്ടും കബളിപ്പിക്കാനല്ലേ ?’; മന്ത്രി വി ശിവൻകുട്ടി

v sivankutty

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവും യു.ഡി.എഫ് നേതൃത്വവും നടത്തിവന്ന നാടകങ്ങളുടെ യഥാർത്ഥ മുഖം ഇപ്പോൾ ജനങ്ങൾക്ക് വ്യക്തമായിരിക്കുകയാണ് എന്ന് മന്ത്രി വി ശിവൻകുട്ടി. കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയെയും ഗോവർദ്ധനെയും സന്നിധാനത്ത് എത്തിച്ചത് ആരാണെന്നതിന്റെ നിർണ്ണായക തെളിവുകൾ പുറത്തുവന്നിരിക്കുന്നു.

മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, അജയ് തറയിൽ എന്നിവർക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ നിൽക്കുന്ന ചിത്രങ്ങൾ ഇപ്പോൾ പൊതുമധ്യത്തിലുണ്ട്. രണ്ടായിരത്തി പതിനാറിന് മുൻപ് നടന്ന ഈ സംഭവങ്ങളുടെ ഉത്തരവാദിത്തം പിണറായി വിജയന്റെയോ എൽ.ഡി.എഫ് സർക്കാരിന്റെയോ തലയിൽ കെട്ടിവെക്കാൻ കഴിയില്ല.

ALSO READ: കൈക്കൂലി കേസ്: ജയിൽ ഡി ഐ ജി എം കെ വിനോദ് കുമാറിന് സസ്പെൻഷൻ

ഏറ്റവും ഞെട്ടിപ്പിക്കുന്ന വിവരം മറ്റൊന്നാണ്; കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയിൽ ഉണ്ണികൃഷ്ണൻ പോറ്റി പലതവണ സന്ദർശനം നടത്തിയിട്ടുണ്ട്. ആന്റോ ആന്റണി എം.പി, അടൂർ പ്രകാശ് എം.പി, പ്രയാർ ഗോപാലകൃഷ്ണൻ എന്നിവരാണ് ഇയാൾക്ക് അതിനുള്ള അവസരം ഒരുക്കിയത്. ഒരു മോഷ്ടാവിനെക്കൊണ്ട് സ്വന്തം പാർട്ടി അധ്യക്ഷയ്ക്ക് രക്ഷ കെട്ടിച്ചുകൊടുത്ത നേതാക്കൾക്കെതിരെ നടപടിയെടുക്കാൻ കോൺഗ്രസ് തയ്യാറാവുമോ? കൂടെപ്പോയ എം.പി.മാർ ഇതിന് മറുപടി നൽകേണ്ടതുണ്ട്. പ്രതിയായ ഗോവർദ്ധന്റെ കടയിൽ നിന്ന് ഉരുക്കിയ നിലയിൽ സ്വർണ്ണം പോലീസ് കണ്ടെടുത്തിട്ടും, കേസ് വഴിതിരിച്ചുവിടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. വി.ഡി സതീശനും രമേശ് ചെന്നിത്തലയും എന്തിനാണ് എസ്.ഐ.ടി അന്വേഷണത്തെ എതിർക്കുന്നത്? ആരെ സംരക്ഷിക്കാനാണ് ഈ വെപ്രാളം?

മാധ്യമങ്ങൾക്ക് മുന്നിൽ തനിക്കൊപ്പം നിൽക്കുന്നവർക്ക് കേസിലെ പ്രതികളുമായുള്ള ബന്ധം എന്താണെന്ന് വി.ഡി സതീശൻ തുറന്നുപറയണം. യു.ഡി.എഫ് കാലത്തെ അഴിമതിക്കഥകൾ ശബരിമലയെ മറയാക്കി കോൺഗ്രസ് നടത്തിയ വൻ അഴിമതികൾ ചരിത്രത്തിന്റെ ഭാഗമാണ്. തിരക്ക് നിയന്ത്രിക്കാനെന്ന വ്യാജേന നിർമ്മിച്ച, ഇന്ന് ഉപയോഗശൂന്യമായ പാലത്തിലൂടെ മൂന്നേ കാൽ കോടി രൂപയാണ് ദേവസ്വം ബോർഡിന് നഷ്ടമായത്.

ഇടുക്കി കമ്പക്കല്ലിൽ വനവൽക്കരണത്തിന് ഭൂമി ഏറ്റെടുക്കാനായി ഏഴര കോടി രൂപ അഡ്വാൻസ് നൽകി മുക്കി. ഉണ്ണിക്കൃഷ്ണ പണിക്കരെയും നടി ജയമാലയെയും ഉപയോഗിച്ച് ജ്യോതിഷ വിവാദങ്ങൾ സൃഷ്ടിച്ചത് യുഡിഎഫ് ഭരണകാലത്താണ്. ആന്ധ്രയിൽ നിന്ന് ശർക്കര വാങ്ങിയതിലും, ഒരു കോടി എൺപത്തിയൊന്ന് ലക്ഷം രൂപയുടെ പാത്രങ്ങൾ വാങ്ങിയതിലും നടന്നത് വൻ ക്രമക്കേടുകളാണെന്ന് അന്വേഷണ കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. ശബരിമലയിലെ പുണ്യത്തെപ്പോലും കച്ചവടവസ്തുവാക്കിയ പാരമ്പര്യമാണ് യു.ഡി.എഫിന്റേത്. കള്ളന്മാരെ സംരക്ഷിക്കാൻ എങ്ങനെ ശ്രമിച്ചാലും സത്യം തിരിച്ചറിയാനുള്ള വിവേകം ജനങ്ങൾക്കുണ്ട്.

ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, പ്രതിപക്ഷ നേതാവിനോട് ചില ചോദ്യങ്ങൾ ചോദിക്കുകയാണ്. രണ്ടായിരത്തി പതിനാറ് മുൻപ് അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റിനും മറ്റ് യു.ഡി.എഫ് നേതാക്കൾക്കുമൊപ്പം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ, ഇയാളെ സന്നിധാനത്ത് എത്തിച്ചതും സംരക്ഷിച്ചതും യു.ഡി.എഫ് നേതൃത്വമാണെന്ന് സമ്മതിക്കാൻ അങ്ങ് തയ്യാറുണ്ടോ? സ്വർണ്ണക്കേസിലെ പ്രതിയെ സ്വന്തം പാർട്ടി അധ്യക്ഷയായ സോണിയാ ഗാന്ധിയുടെ വസതിയിൽ എത്തിക്കുകയും രക്ഷ കെട്ടിക്കുകയും ചെയ്ത എം.പിമാർക്കെതിരെ നടപടിയെടുക്കാനുള്ള ആർജ്ജവം കോൺഗ്രസ് നേതൃത്വത്തിനുണ്ടോ?

മാധ്യമങ്ങൾക്ക് മുന്നിൽ അങ്ങയുടെ ഇരുവശത്തും നിൽക്കുന്ന പ്രാദേശിക നേതാക്കൾക്ക് ഈ സ്വർണ്ണക്കൊള്ളക്കേസിലെ പ്രതികളുമായുള്ള അവിശുദ്ധ ബന്ധം എന്താണെന്ന് ജനങ്ങളോട് തുറന്നുപറയാൻ പ്രതിപക്ഷ നേതാവ് തയ്യാറാകുമോ? ബെയ്ലി പാലം മുതൽ പാത്രക്കച്ചവടം വരെ ശബരിമലയുടെ പേരിൽ കോടികളുടെ അഴിമതി നടത്തിയ ചരിത്രമുള്ള യു.ഡി.എഫ്, ഇപ്പോൾ മുതലക്കണ്ണീർ ഒഴുക്കുന്നത് ഭക്തരെ വീണ്ടും കബളിപ്പിക്കാനല്ലേ എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News