
ലോകത്തിലെ ഏറ്റവും വലിയ കൗമാരക കായിക മാമാങ്കത്തിന് ഇന്ന് തിരശീല വീഴുകയാണെന്നും, ജീവിതത്തോട് പൊരുതി വിജയം നേടിയ കായികതാരങ്ങളെ സംരക്ഷിക്കേണ്ട എല്ലാ ഇടങ്ങളിലും വിദ്യാഭ്യാസ വകുപ്പ് ആ നിലപാട് സ്വീകരിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. മേളയിൽ സ്വർണം നേടുന്ന അർഹരായ കായികതാരങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുന്ന പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. 50 പേർക്കാണ് വീട് വെച്ചു കൊടുക്കുന്നതിനു വേണ്ടി ആലോചിച്ചിട്ടുള്ളത്. ഇതിനായുള്ള ചില നടപടിക്രമങ്ങളും പൂർത്തീകരിക്കേണ്ടതായിട്ടുണ്ട്.
മേളയിൽ പങ്കെടുത്ത നിരവധി കുട്ടികൾ വീടില്ലാത്തവർക്കുള്ള സ്കീമുകളിലൊക്കെ തന്നെ അംഗങ്ങളാണെങ്കിലും സീനിയാരിറ്റിയുടെ പ്രശ്നം കാരണം ബുദ്ധിമുട്ടുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിരുന്നു. ഒരു കുട്ടിയുടെ പ്രശ്നം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ മന്ത്രി അവിടെ ഇരുന്ന് സ്കൗട്സ് ആൻഡ് ഗൈഡ്സിന് നിർദ്ദേശം കൊടുത്തിരുന്നു. മറ്റൊരു കുട്ടിക്ക് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറി സഹായം വാഗ്ദാനം ചെയ്തിരുന്നു.
കേരളത്തിന്റെ തനത് ആയോധന കലയായ കളരിപ്പറ്റിനെ ഈ വർഷം ആദ്യമായി മത്സരങ്ങളിൽ ഉൾപ്പെടുത്തി. നാഷണൽ ഗെയിംസിൽ നിന്നെല്ലാം കളരിപ്പറ്റിനെ ഒഴിവാക്കിയ സാഹചര്യത്തിലാണ് സ്കൂൾ ഗെയിംസിൽ ഉൾപ്പെടുത്തുമെന്ന് കേരളം പ്രഖ്യാപിച്ചത്.
കേരളം രൂപീകരിച്ചതിനുശേഷം ആദ്യമായി ഏർപ്പെടുത്തിയ 117.5 പവൻ തൂക്കമുള്ള മുഖ്യമന്ത്രിയുടെ സ്വർണകപ്പ് മികച്ച ജില്ലയ്ക്കുള്ള പുരസ്കാരമായി ബഹുമാനപ്പെട്ട ഗവർണർ ഇന്ന് കൈമാറും. സമാപന സമ്മേളനം ബഹുമാനപ്പെട്ട ഗവർണർ ഉദ്ഘാടനം ചെയ്തു.
ഈ വിജയങ്ങളെല്ലാം ജീവിതത്തോട് പൊരുതി നേടിയവയാണെന്ന് കാണേണ്ടതുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇതിന് ഉദാഹരണമായി ഒരു വിദ്യാർത്ഥിനിയുടെ അനുഭവം മന്ത്രി പങ്കുവെച്ചു: അപ്പൻഡിക്സ് സർജറിക്കായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത്, അവിടെ നിന്ന് സർജറി ചെയ്യാതെ ഡിസ്ചാർജ് ചെയ്തുവന്ന ആ കുട്ടി ഓടി സ്വർണം നേടി. സർജറിയുടെ ബുദ്ധിമുട്ടുകൾ നിലനിൽക്കുന്നതിനാൽ ജ്യൂസ് മാത്രം കുടിച്ചുകൊണ്ടാണ് അവർ പങ്കെടുത്തത്. ഇന്നലെവരെ ആരും ശ്രദ്ധിക്കപ്പെടാതിരുന്ന കായികമേള ഇന്ന് ഇന്ത്യയും ലോകവും ശ്രദ്ധിക്കുന്ന നിലയിലേക്ക് മാറിയിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

