
കേരളത്തിന്റെ മതേതര പാരമ്പര്യത്തെയും രാഷ്ട്രീയ പ്രബുദ്ധതയെയും അങ്ങേയറ്റം നിസ്സാരവൽക്കരിക്കുന്നതും ആയ ഒരു പ്രസ്താവനയുമായിട്ടാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്ന സാമുദായിക രാഷ്ട്രീയ പ്രസ്ഥാനം ഇല്ലാതായാൽ കേരളം എന്ന സംസ്ഥാനം തന്നെ ഇല്ലാതാകുമെന്ന അദ്ദേഹത്തിന്റെ വാദം കേവലം ഒരു ‘വിവാദ പ്രസ്താവന’ എന്നതിലുപരി, കേരളീയ പൊതുസമൂഹത്തിന് നേരെ നടത്തുന്ന ഒരു വെല്ലുവിളിയാണ്. ഒരു പ്രത്യേക പാർട്ടിയുടെ നിലനിൽപ്പിലാണ് കേരളത്തിന്റെ അസ്തിത്വം കുടികൊള്ളുന്നത് എന്ന ഈ വിചിത്രമായ വാദം, സതീശന്റെ രാഷ്ട്രീയ ബോധത്തെയും മതേതര മൂല്യങ്ങളോടുള്ള അദ്ദേഹത്തിന്റെ സമീപനത്തെയും ചോദ്യം ചെയ്യലിന് വിധേയമാക്കുന്നു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരത്തിൽ സംസാരിക്കുന്നത്.
പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ പരിശോധിക്കുമ്പോൾ, രാഷ്ട്രീയമായ യുക്തിയേക്കാൾ ഉപരിയായി ഭയത്തിന്റെ വിത്തുകൾ പാകാനാണ് അദ്ദേഹം ശ്രമിക്കുന്നത് എന്ന് വ്യക്തമാണ്. മുസ്ലിം ലീഗ് ഇല്ലാതായാൽ ആ രാഷ്ട്രീയ സ്ഥാനം ആര് കൈക്കലാക്കുമെന്നാണ് സതീശൻ കേരള പൊതുസമൂഹത്തോട് ചോദിക്കുന്നത്. ആ ഒഴിവ് തീവ്രപക്ഷ നിലപാടുകളുള്ള ആളുകൾ കൊണ്ടുപോകുമെന്നും, അങ്ങനെ സംഭവിച്ചാൽ “കേരളം പിന്നെ ഉണ്ടാവില്ല” എന്നുമുള്ള അതിശയോക്തി കലർന്ന പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. ലീഗിന്റെ സാന്നിധ്യവും ശക്തിയും ഉണ്ടാകേണ്ടത് കേരളത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണെന്ന് അദ്ദേഹം അടിവരയിട്ടു പറയുന്നു.
മുസ്ലിം ലീഗ് ദുർബലമായാൽ ഉണ്ടാകുന്ന രാഷ്ട്രീയ വിടവ് തീവ്രവാദികൾ കൈക്കലാക്കുമെന്ന ഭീതി പടർത്തിക്കൊണ്ട്, ആ പാർട്ടിയുടെ നിലനിൽപ്പിനെ ന്യായീകരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. തീവ്രവാദ ഭീതി ജനങ്ങളിൽ കുത്തിവെച്ച് ലീഗിന്റെ രാഷ്ട്രീയ പ്രസക്തി വീണ്ടെടുക്കാനുള്ള ഈ തന്ത്രം വർഗീയ ചേരിതിരിവിനെ സഹായിക്കുകയേ ഉള്ളൂ.
വളരെ നാളുകളായി മലയാളികൾ കാത്തുസൂക്ഷിക്കുന്ന നവോത്ഥാന പാരമ്പര്യത്തെയും മതേതര ബോധത്തെയും അപ്പാടെ തകർക്കുന്ന ഒരു പ്രസ്താവന ആണിത്. കേരളത്തിന്റെ സാമൂഹിക മുന്നേറ്റങ്ങൾ ഏതെങ്കിലും ഒരു പാർട്ടിയുടെ ഔദാര്യമല്ല, മറിച്ച് ഇവിടുത്തെ ജനതയുടെ ആർജ്ജവമാണ്. വി.ഡി. സതീശന്റെ പ്രസ്താവന വഴി കേരളത്തിന്റെ മതേതര ചരിത്രത്തെ അദ്ദേഹം അപമാനിക്കുകയാണ് ചെയ്യുന്നത്.
ഈ പ്രസ്താവനയിലൂടെ സതീശൻ യഥാർത്ഥത്തിൽ പറഞ്ഞു വയ്ക്കുന്നത് സ്വന്തം പാർട്ടിയുടെയും മറ്റ് മതേതര പ്രസ്ഥാനങ്ങളുടെയും രാഷ്ട്രീയത്തിലെ പോരായ്മകൾ തന്നെ ആണ്. മാത്രമല്ല, സ്വന്തം പാർട്ടിയിലുള്ള മതേതര നിലപാടിലൂന്നി പ്രവർത്തിക്കുന്ന പ്രവർത്തകരെ കൂടിയാണ് അദ്ദേഹം സംശയത്തിന്റെ നിഴലിൽ നിർത്തുന്നത്. ഒരു രാഷ്ട്രീയ നേതാവും പറയാൻ പാടില്ലാത്ത തരത്തിലുള്ള അദ്ദേഹത്തിന്റെ ഈ പ്രസ്താവന സ്വന്തം പാർട്ടിക്കാർക്ക് പോലും എതിരാണ്. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നവർ അല്ലാതെയുള്ള മുസ്ലീങ്ങളെ എല്ലാം തീവ്രവാദികളാക്കുന്ന സംസാരമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.
ഒരു കോൺഗ്രസ് നേതാവായ വി.ഡി. സതീശൻ, തീവ്രവാദത്തെ ചെറുക്കാൻ മുസ്ലിം ലീഗ് തന്നെ വേണമെന്ന് പറയുമ്പോൾ, സ്വന്തം പാർട്ടിയായ കോൺഗ്രസിന് അതിനുള്ള ശേഷിയില്ല എന്ന കുറ്റസമ്മതം കൂടിയാണ് നടത്തുന്നത്. ഒരു വിഭാഗത്തിന്റെ ശക്തിക്ഷയം തീവ്രവാദത്തിന് കാരണമാകും എന്ന് പറയുന്നത് ഭയാശങ്കകൾ പടർത്തുന്ന രാഷ്ട്രീയ തന്ത്രമാണ്. തീവ്രപക്ഷ നിലപാടുകളെ നേരിടാൻ രാഷ്ട്രീയമായ ആർജ്ജവമില്ലാത്ത നേതാക്കൾക്ക് മാത്രമേ ഇത്തരത്തിൽ ഭയപ്പെടുത്തുന്ന വാദങ്ങൾ ഉയർത്താൻ കഴിയൂ.
വി.ഡി. സതീശന്റെ ഈ വിവാദ പ്രസ്താവന കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്ന കാര്യത്തിൽ തർക്കമില്ല. ഒരു സാമുദായിക പാർട്ടിയുടെ ശക്തിക്ഷയത്തെ കേരളത്തിന്റെ വിനാശമായി ചിത്രീകരിക്കുന്നത് കേവല രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ള ഒരു ‘കുറുക്കുവഴി’ മാത്രമാണ്. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി കേരളത്തിന്റെ മതേതര സ്വത്വത്തെ ഒരു പാർട്ടിയുടെ തണലിലേക്ക് മാത്രം ഒതുക്കുന്നത് ജനാധിപത്യത്തിന് ഏല്പിക്കുന്ന വലിയ ആഘാതമായി മാത്രമേ കാണാൻ കഴിയൂ. ഇതിനെ രാഷ്ട്രീയ ജാഗ്രതയോടെ തിരുത്തേണ്ടത് കാലത്തിന്റെ ആവശ്യം തന്നെ ആണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


