
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഹെൽത്ത് കാർഡുകൾ വിതരണം ചെയ്യുന്നതിൽ ക്രമക്കേട് കാട്ടിയ ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ആളുകളെ നേരിട്ട് പരിശോധിക്കാതെ വ്യാജമായി ഹെൽത്ത് കാർഡുകൾ നൽകിയ 6 ഡോക്ടർമാർക്കെതിരെയാണ് നിലവിൽ നടപടി സ്വീകരിച്ചിരിക്കുന്നത്.
നാല് ഡോക്ടർമാരുടെ രജിസ്ട്രേഷൻ ഇതിനോടകം സസ്പെൻഡ് ചെയ്തു കഴിഞ്ഞു. ബാക്കി രണ്ട് ഡോക്ടർമാരുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. 21 ദിവസത്തേക്കാണ് സസ്പെൻഷൻ ഏർപ്പെടുത്തിയിരിക്കുന്നത്. സസ്പെൻഷൻ കാലാവധിയിൽ ഈ ഡോക്ടർമാർക്ക് ആശുപത്രികളിലോ സ്വകാര്യമായോ പ്രാക്ടീസ് ചെയ്യാൻ അനുവാദമില്ല. കേരള മെഡിക്കൽ കൗൺസിൽ ഇത് സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ട സ്ഥാപനങ്ങളെ അറിയിക്കുന്നതാണ്.
ഭക്ഷണം പാകം ചെയ്യുന്നവർക്കും വിളമ്പുന്നവർക്കും 2022 മുതലാണ് സംസ്ഥാനത്ത് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പരിശോധനകൾ കൂടാതെ ഹെൽത്ത് കാർഡ് നൽകുന്ന ഗുരുതരമായ നിയമലംഘനം കണ്ടെത്തിയത്. പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇത്തരം തെറ്റായ പ്രവണതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.
പോസ്റ്റിന്റെ പൂർണരൂപം
ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഭാഗമായി ഹെൽത്ത് കാർഡ് സംസ്ഥാനത്ത് 2022 മുതലാണ് നടപ്പിലാക്കാൻ തുടങ്ങിയതും നിർബന്ധമാക്കിയതും. ഭക്ഷണം വിളമ്പുന്ന വർക്കും പാകം ചെയ്യുന്നവർക്കും നിയമാനുസൃതം ഹെൽത്ത് കാർഡ് ഉണ്ടാകേണ്ടതാണ്. എന്നാൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ആളുകളെ നേരിട്ട് കാണാതെയും പരിശോധിക്കാതെയും വ്യാജമായി അവർക്ക് ഹെൽത്ത് കാർഡ് നൽകിയതിന് 6 ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിച്ചു. നാലുപേരുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തു. രണ്ടു പേരുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. 21 ദിവസത്തേക്കാണ് സസ്പെൻഷൻ. ഈ കാലയളവിൽ ഇവർ ആശുപത്രികളിലോ സ്വകാര്യമായോ പ്രാക്ടീസ് ചെയ്യുവാൻ പാടുള്ളതല്ല. കേരള മെഡിക്കൽ കൗൺസിൽ സസ്പെൻഷൻ സംബന്ധിച്ച് സ്ഥാപനങ്ങളെ അറിയിക്കുന്നതാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

