
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ യുകെയിൽ പോയതും കൃത്യമായ പ്ലാനോടെയെന്ന് വിജിലൻസ്. വി ഡി സതീശന്റെ യുകെ യാത്രയിലും ക്രമക്കേടെന്ന് വിജിലൻസിന്റെ പുതിയ കണ്ടെത്തൽ.
സ്വകാര്യ സന്ദർശനത്തിനും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നതിനുമാണ് വി ഡി സതീശന് യുകെയിലേക്ക് പോകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയത്. യുകെ യാത്രയ്ക്ക് അനുമതി നൽകിക്കൊണ്ട് കേന്ദ്ര സർക്കാർ നൽകിയ പൊളിറ്റിക്കൽ ക്ലിയറൻസിൽ ഇക്കാര്യം വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിയമസഭാ സെക്രട്ടറി വി ഡി സതീശന്റെ യുകെ യാത്രയ്ക്കായി എൻഒസി നൽകിയതും സ്വകാര്യ സന്ദർശനത്തിനും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നതിനുമാണ്. ഈ യാത്രാനുമതിയാണ് യുകെയിൽ പോയി ഫണ്ട് പിരിവിനായി വി ഡി സതീശൻ ദുരുപയോഗം ചെയ്തത്.
സതീശന്റെ യുകെ യാത്രയ്ക്ക് പിന്നിൽ കൃത്യമായ ആസൂത്രണവും വിദേശ ഫണ്ട് കേരളത്തിലെത്തിക്കാനുള്ള ഗൂഢാലോചനയും നടന്നതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. മണപ്പാട്ട് ഫൌണ്ടേഷൻ മലയാളികൾക്കായി യുകെയിൽ നടത്തിയ പരിപാടിയിൽ വി ഡി സതീശൻ പങ്കെടുത്ത ഓരോരുത്തരോടും 500 പൗണ്ട് വീതം സംഭാവന ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇത് എഫ്‌സിആർഎ നിയമത്തിന്റെ സെക്ഷൻ 3 (2) (a) യുടെ കൃത്യമായ ലംഘനമാണെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
വി ഡി സതീശൻ എംഎൽഎ സ്ഥാനം ദുരുപയോഗം ചെയ്ത് മണപ്പാട്ട് ഫൌണ്ടേഷൻ ചെയർമാൻ അമീർ അഹമ്മദുമായി ഗൂഢാലോചന നടത്തിയാണ് യുകെയിൽ പോയതും വിദേശ ഫണ്ട് സ്വരൂപിച്ചതും എന്നാണ് വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അന്വേഷണത്തിൽ നീറ്റ ജലാറ്റിൻ കമ്പനിയുടെ സിഎസ്ആർ ഫണ്ട് ‘പുനർജ്ജനി പദ്ധതി’ക്കായി ദുരുപയോഗം ചെയ്തതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

