
സർക്കാരിനൊപ്പം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും സംയുക്ത ശ്രമത്തിലൂടെ വിഷൻ 2031-നെ വിജയത്തിൽ എത്തിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ ശക്തി എപ്പോഴും അതിന്റെ ജനങ്ങളാണെന്ന് അന്താരാഷ്ട്ര കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 2031-ൽ സംസ്ഥാനമായി 75 വർഷം പൂർത്തിയാക്കുന്ന കേരളത്തിന്റെ വികസനയാത്രയുടെ അടുത്ത ഘട്ടം നിർണ്ണയിക്കുന്ന സമഗ്ര ശ്രമമായാണ് ‘വിഷൻ 2031’ അവതരിപ്പിക്കപ്പെട്ടത്. ആഘോഷപരമായ ഒരു ചടങ്ങ് എന്നതിലുപരി ആത്മപരിശോധനയും ഭാവി പദ്ധതികളും ഏകോപിപ്പിക്കുന്ന നയരേഖ കൂടിയാണിതെന്നും അദ്ദേഹം സമ്മേളനത്തിൽ വ്യക്തമാക്കി.
സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ സൂചികയിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ, 2025 നവംബർ 1-ന് അതിദാരിദ്ര്യം നിർമ്മാർജനം ചെയ്ത ആദ്യ സംസ്ഥാനമായും കേരളം പ്രഖ്യാപിച്ചത് മികവ് എടുത്തു കാട്ടുന്ന ചില ഉദാഹരണങ്ങളാണ്. ഈ നേട്ടങ്ങളാണ് വിഷൻ 2031-ന്റെ അടിസ്ഥാനശില. വിദ്യാഭ്യാസമുള്ള ജനസംഖ്യ, ശക്തമായ പൊതുആരോഗ്യ സംവിധാനം, സാമൂഹിക ബോധവൽക്കരണം, മതസൗഹാർദ്ദം, സജീവമായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇവയെല്ലാം കേരളത്തിന്റെ ശക്തികളാണെന്നും അദ്ദേഹം പറഞ്ഞു. ഒരുകാലത്ത് നിക്ഷേപത്തിന് പ്രയാസമുള്ള സംസ്ഥാനമെന്നായിരുന്നു കേരളത്തെ വിശേഷിപ്പിച്ചത്. എന്നാൽ ഇപ്പോൾ നടപടിക്രമങ്ങൾ ലളിതമായി. സംവിധാനങ്ങൾ മെച്ചപ്പെടുത്തി, ഉൽപാദന നിക്ഷേപം സ്വാഗതം ചെയ്യുന്നതായി സർക്കാർ വ്യക്തമാക്കിയതോടെ സ്ഥിതിഗതികൾ മാറി. കേരളത്തിന്റെ വ്യവസായ പാത വ്യത്യസ്തമാകുന്നത് നൈപുണ്യമുള്ള തൊഴിലാളിശക്തി, തൊഴിലാളികളുടെ അവകാശങ്ങൾ, പരിസ്ഥിതി ഉത്തരവാദിത്വം എന്നിവയെ കേന്ദ്രീകരിച്ചാണെന്നത് തന്നെയാണ്. ഐ.ടി. മേഖലയും വലിയ മാറ്റത്തിന്റെ ഉദാഹരണമാണ്, അവസരം നഷ്ടപ്പെട്ടു എന്ന ധാരണ തെറ്റാണെന്ന് യാഥാർത്ഥ്യം തെളിയിച്ചു. ടെക്നിക്ക് പാർക്കുകൾ വികസിച്ചു, തൊഴിൽ അവസരങ്ങൾ വർധിച്ചു; സ്റ്റാർട്ടപ്പുകൾക്ക് സർക്കാരിന്റെ പിന്തുണ ലഭിച്ചു. പരിസ്ഥിതിയെ സുസ്ഥിരത വികസനത്തിൽ നിന്ന് വേർതിരിക്കാനാവില്ല, പ്രളയത്തിലൂടെയും മണ്ണിടിച്ചിലിലൂടെയും നമുക്ക് ആ മുന്നറിയിപ്പ് ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also read : നാടും നഗരവും ചേർത്തുപിടിച്ച യാത്ര; എല്‍ഡിഎഫ് തെക്കന്‍മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് തിരുവനന്തപുരത്ത് സമാപനം
പീപ്പിൾസ് പ്ലാൻ മൂവ്മെന്റിലൂടെ ആരംഭിച്ച വികേന്ദ്രീകൃത ഭരണ സംവിധാനം കേരളത്തിന്റെ ശക്തിയാണ്. പഞ്ചായത്തുകളും നഗരസഭകളും വികസനത്തിൽ നിർണായക പങ്ക് വഹിച്ചു. മതസൗഹാർദ്ദവും മതനിരപേക്ഷതയും കേരളത്തിന്റെ സാമൂഹിക ശക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 75-ാം വാർഷികത്തിലേക്ക് കടക്കുമ്പോൾ ലക്ഷ്യം ആഘോഷം മാത്രമല്ല പകരം ഭാവിക്കുള്ള തയ്യാറെടുപ്പാണ്. അതായത് ഉൽപാദനക്ഷമവും വിജ്ഞാനാധിഷ്ഠിതവുമായ സമ്പദ്‌വ്യവസ്ഥ, കാലാവസ്ഥാ വെല്ലുവിളികൾ നേരിടുന്ന സംസ്ഥാനം, സംവാദപരമായ ജനാധിപത്യം ഇവയൊക്കെയാണ് ഇനി ലക്ഷ്യം വയ്ക്കുന്നത്. വളർച്ചയും നീതിയും, സാങ്കേതികവിദ്യയും മാനവികതയും, ആധുനികതയും സുസ്ഥിരതയും തമ്മിലുള്ള ഒത്തുചേരലാണ് കേരളത്തിന്റെ വികസനമെന്ന് ചരിത്രം തെളിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

