
പ്രതീക്ഷിച്ചതിലും 17 വർഷം മുൻപേ നിർമ്മാണം പൂർത്തിയാക്കി ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. നാടിന്റെ വികസന സ്വപ്നങ്ങളുടെ ഗതിവേഗം പതിന്മടങ്ങാക്കിയ ഇടതുപക്ഷ സർക്കാരിന്റെ നേട്ടങ്ങളുടെ ചരിത്രപട്ടികയിലേക്ക് സുപ്രധാന ഏടുകൂടി എഴുതിച്ചേർക്കപ്പെടുകയാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിന്റെ രണ്ടാംഘട്ട നിർമാണത്തിന് നാളെ തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.
രാജ്യത്തെ ഏക ട്രാൻസ്ഷിപ്മെന്റ് തുറമുഖമാണ് വിഴിഞ്ഞം. 9,700 കോടി രൂപയുടെ വൻ നിക്ഷേപത്തിലൂടെ ലോകത്തിലെ ഏറ്റവും പ്രധാന തുറമുഖങ്ങളിലൊന്നായി ഇത് മാറും. മാസ്റ്റർ പ്ലാൻ പ്രകാരം 2045ൽ ആയിരുന്നു തുറമുഖം പൂർത്തിയാകേണ്ടിയിരുന്നത്. എന്നാൽ എൽഡിഎഫ് സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെയും വികസന കാഴ്ചപ്പാടിന്റെയും കരുത്തിൽ തുറമുഖത്തിന്റെ സമ്പൂർണ വികസനം ഇതാ 2028ൽ യാഥാർഥ്യമാക്കാൻ പോവുകയാണ്.
രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളിലെ വികസന പ്രവർത്തനങ്ങൾ ഒരേസമയം പൂർത്തിയാകും. എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തി കൊണ്ട് മാത്രമാണ് പ്രതിസന്ധികളെയെല്ലാം മറികടന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് ചുവടുവെക്കുന്നത്. ആഗോള വിപണിയിലേക്കുള്ള വലിയൊരു കുതിപ്പ് കൂടിയാണ് കേരളത്തെ ഇനി കാത്തിരിക്കുന്നത്.
നിലവിൽ 10 ലക്ഷം TEU കണ്ടെയ്‌നർ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് വിഴിഞ്ഞതിനുള്ളത്. രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ ഇത് 50 ലക്ഷം TEU ആകും. ഇതോടെ 28,000 TEU വരെ ശേഷിയുള്ള ഭീമൻ കണ്ടെയ്‌നർ കപ്പലുകൾ വിഴിഞ്ഞത്തെത്തും. തുറമുഖത്തെ ബെർത്തിന്റെ നീളം 2,000 മീറ്ററായി വർധിപ്പിക്കും. നിലവിലുള്ളത് 800 മീറ്ററാണ്. പുലിമുട്ടിന്റെ നീളം 3 കിലോമീറ്ററിൽ നിന്ന് 4 കിലോമീറ്ററായും ഉയർത്തും. നാല് വൻ മദർഷിപ്പുകൾക്ക് ഒരേസമയം വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിടാൻ ഇനി സാധിക്കും. റെയിൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം എന്നിവയെല്ലാം പുതിയ സൗകര്യങ്ങളാണ്.
മത്സ്യത്തൊഴിലാളികള്‍ ഉൾപ്പെടെയുള്ള ജനവിഭാഗങ്ങളുടെ ആശങ്കകൾ പരിഹരിച്ചും അവരുടെ ജീവനോപാധി സംരക്ഷിച്ചുമാണ് ഈ സ്വപ്നപദ്ധതി കേരളം പൂർത്തിയാക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞതുപോലെ, വിഴിഞ്ഞം ലോകഭൂപടത്തിൽ തലയുയർത്തി നിൽക്കുമ്പോൾ അതോടൊപ്പം ഉയരുന്നത് ഓരോ മലയാളിയുടെയും അഭിമാനമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

