
തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തിന് കീഴിൽ തലസ്ഥാന നഗരം മാലിന്യം കൊണ്ട് ചീഞ്ഞുനാറുന്ന അവസ്ഥയാണെന്നും, മുൻ ഇടത് ഭരണസമിതികൾ കൈവരിച്ച എല്ലാ നേട്ടങ്ങളും നിലവിലെ സമിതി അട്ടിമറിച്ചതായും വി.കെ. പ്രശാന്ത് എം.എൽ.എ നിയമസഭയിൽ ചൂണ്ടിക്കാട്ടി.
ഹരിതകർമ്മ സേന വഴിയടക്കം നടപ്പിലാക്കി ലോകശ്രദ്ധ നേടിയ വികേന്ദ്രീകൃത മാലിന്യ സംസ്കരണ സംവിധാനങ്ങളെല്ലാം നിലവിലെ ഭരണസമിതി തകർത്തു. ഇതോടെ മാലിന്യം വ്യാപകമായി തെരുവോരങ്ങളിലേക്ക് തിരിച്ചെത്തുന്ന കാഴ്ചയാണ് കാണുന്നത്. നഗരത്തെ മാലിന്യമുക്തമാക്കാൻ മുൻപ് നടത്തിയ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളെല്ലാം ബോധപൂർവ്വം ഇല്ലാതാക്കുക എന്ന നയമാണ് ബിജെപി സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തെരുവുനായ ശല്യം പരിഹരിക്കാനെന്ന പേരിൽ നായ്ക്കളെ പിടികൂടി വിളപ്പിശാല പോലുള്ള ഗ്രാമീണ മേഖലകളിൽ കൊണ്ടുപോയി തള്ളി അവിടുത്തെ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ് നഗരസഭ ചെയ്യുന്നത്. ശാസ്ത്രീയമായ സംസ്കരണത്തിന് പകരം നഗരത്തിലെ മാലിന്യവും മറ്റ് പ്രശ്നങ്ങളും വേറെ എവിടെയെങ്കിലും കൊണ്ടുപോയി ഡമ്പ് ചെയ്യുക എന്ന വികലമായ നയമാണ് ബിജെപി സ്വീകരിക്കുന്നതെന്നും എം.എൽ.എ ആഞ്ഞടിച്ചു.
കേന്ദ്ര സർക്കാർ കേരളത്തിന് മേൽ ഏർപ്പെടുത്തിയിരിക്കുന്ന കടുത്ത സാമ്പത്തിക ഉപരോധത്തെയും അവഗണനയെയും വികസനക്കുതിപ്പ് കൊണ്ട് നേരിടുന്നതാണ് സംസ്ഥാന ബജറ്റെന്ന് വി.കെ. പ്രശാന്ത് ചൂണ്ടിക്കാട്ടി. കേന്ദ്ര ബജറ്റിൽ കേരളം ഉന്നയിച്ച 29 പ്രധാന ആവശ്യങ്ങളിൽ ഒന്നുപോലും പരിഗണിക്കാതെ സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുമ്പോഴും, തനത് വരുമാനം വർദ്ധിപ്പിച്ചും സാധാരണക്കാരെയും ഇടത്തട്ടുകാരെയും ഒരുപോലെ പരിഗണിച്ചുമാണ് സംസ്ഥാന ബജറ്റ് അവതരിപ്പിച്ചത്.
2025 സെപ്റ്റംബർ വരെ കേരളത്തിന് ലഭിക്കേണ്ട കേന്ദ്ര വിഹിതത്തിൽ 5,783 കോടി രൂപയുടെ കുറവാണുണ്ടായിട്ടുള്ളത്. ഈ അർഹമായ വിഹിതം ചോദിച്ചുവാങ്ങാൻ കേരളത്തിൽ നിന്നുള്ള യു.ഡി.എഫ് എം.പിമാർ തയ്യാറാകാത്തത് കടുത്ത പ്രതിഷേധാർഹമാണെന്നും, കേരളത്തിന് അർഹമായത് ലഭിക്കരുത് എന്ന അജണ്ടയാണ് കോൺഗ്രസ് ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂർക്കാവ് മണ്ഡലത്തിലെ ജനങ്ങൾ ദശകങ്ങളായി ആഗ്രഹിച്ച വികസന പ്രവർത്തനങ്ങൾ യാഥാർത്ഥ്യമാക്കാൻ എൽ.ഡി.എഫ് സർക്കാരിന് കഴിഞ്ഞതായും എം.എൽ.എ വ്യക്തമാക്കി. പേരൂർക്കട, വട്ടിയൂർക്കാവ് ജംഗ്ഷനുകളുടെ വികസനത്തിനായി 560 കോടി രൂപ ചെലവിൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി നിർമ്മാണത്തിലേക്ക് നീങ്ങുന്നത് ഇതിന്റെ തെളിവാണ്.
ബജറ്റിലെ ‘സ്റ്റേറ്റ് ഡിസൈൻ പോളിസി’ എന്ന നിർദ്ദേശത്തെ അദ്ദേഹം സ്വാഗതം ചെയ്യുകയും നഗരങ്ങളെ വാക്കിംഗ് ഫ്രണ്ട്ലിയും വാസയോഗ്യവുമാക്കാൻ ഈ പദ്ധതിക്ക് കൂടുതൽ തുക വകയിരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കേരളത്തിലെ 140 മണ്ഡലങ്ങളിലും വിവേചനമില്ലാതെ വികസനം എത്തിക്കുന്ന ഈ സർക്കാരിന് ജനങ്ങളുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും വി.കെ. പ്രശാന്ത് കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

