
കേരളത്തിന്റെ വിപ്ലവസൂര്യൻ, ഏറ്റവും വലിയ ജനകീയ നേതാക്കളിൽ ഒരാളായ വി എസ് അച്യുതാനന്ദനെ കുറിച്ച് ബ്രിട്ടീഷ് ഡോക്യുമെന്ററി സംവിധായകൻ ഇവാൻ മക്ഡൊണാൾഡ് തയ്യാറാക്കിയ ഡോക്യുമെന്ററി ഫിലിം ‘കോമ്രേഡ് വിഎസ് : ദ ലാസ്റ്റിങ് ക്യാമ്പയിൻ’ ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിൽ പ്രദർശിപ്പിച്ചു. കൾച്ചറൽ കോൺഗ്രസിന്റെ ഭാഗമായ ചാവറ കൾച്ചറൽ സെന്ററിലെ പ്രൗഢ ഗംഭീരമായ സദസിന് മുന്നിലാണ് ചിത്രം പ്രദർശിപ്പിച്ചത്. ഡോക്യുമെന്റ്ററിയുടെ ഇന്ത്യയിലെ ആദ്യ പ്രദർശനമായിരുന്നു ഇത്.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികളിൽ സംസ്ഥാനത്തുടനീളം നിറഞ്ഞു നിന്നിരുന്ന വിഎസിനെ ഡോക്യുമെന്ററിയിൽ കാണാം. പ്രചാരണ സമ്മേളനങ്ങളും അവിടെ തടിച്ചു കൂടിയ ജനസഹസ്രങ്ങൾ വിഎസിന് നൽകിയ ആവേശകരമായ സ്വീകരണത്തിന്റെ മുഹൂർത്തങ്ങളും ഡോക്യൂമെന്ററി അവതരിപ്പിക്കുന്നു. തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും വിഎസിനൊപ്പം സഞ്ചരിച്ചു തയ്യാറാക്കിയതാണ് ഈ ഡോക്യുമെന്ററി.
കൂടാതെ വിഎസിന്റെ കർക്കശമായ ജീവിത ചിട്ടകളും എൽഡിഎഫ് കേരളത്തിലാകെ സൃഷ്ടിച്ച രാഷ്ട്രീയ മുന്നേറ്റത്തിന്റെ അനുഭവ സാക്ഷ്യങ്ങളും ചിത്രത്തിലുണ്ട്. 2016ലെ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിനുണ്ടായ ഗംഭീര വിജയത്തിന് ശേഷം സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗം ചേർന്ന് പിണറായി വിജയനെ മുഖ്യമന്ത്രിയായി തീരുമാനിച്ച വിവരം സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണൻ എന്നിവർ വിഎസിന്റെ സാന്നിധ്യത്തിൽ പ്ര്യഖ്യാപിക്കുന്ന വാർത്താ സമ്മേളനത്തോടുകൂടിയാണ് 88 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം അവസാനിക്കുന്നത്.
ALSO READ: ‘കൾച്ചറൽ കോൺഗ്രസ് നമ്മുടെ ഉള്ളിലെ സംസ്കാരത്തെ ഉണർത്താൻ’: സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മമ്മൂട്ടി
ഒരു നൂറ്റാണ്ടിലേറെക്കാലം ജീവിച്ച വി എസിന്റെ ഏറ്റവും അവസാനത്തെ തെരഞ്ഞെടുപ്പു പ്രചാരണമായിരുന്നു 2016ലേത്. ജീവിത പങ്കാളിയും ചലച്ചിത്ര നിർമാതാവുമായ ഗീത ജെയുമായി ചേർന്നാണ് ഇവാൻ മക്ഡൊണാൾഡ് ഡോക്യുമെന്ററി തയ്യാറാക്കിയത്. ഇവാൻ തന്നെയാണ് ഛായാഗ്രാഹകനും.
മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ സംവിധായകനും മികച്ച സംവിധായകനുള്ള ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവുമായ ചിദംബരം ഡോക്യുമെന്ററി ചിത്രീകരണത്തിൽ ഇവാന്റെ സഹ ക്യാമറാമാനാണ്. ‘അൽഗൊരിതംസ്’ പോലെ രാജ്യാന്തര പ്രശസ്തമായ ഒരു ഡസനിലേറെ ഡോക്യുമെന്ററികൾ ഇവാൻ മക്ഡൊണാൾഡ് സംവിധാനം ചെയ്തിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

