
തൻ്റെയും തൻ്റെ തലമുറയുടേയും നായകനായ ഏറ്റവും വേഗതയേറിയ കാലുകൾക്കുടമായ താരം ബെൻജോൺസമുമായി നടത്തിയ കൂടിക്കാഴ്ചയുടെ സന്തോഷം പങ്കു വച്ച് മന്ത്രി എംബി രാജേഷ്. താൻ നാല് പതിറ്റാണ്ടായി കാത്തിരിക്കുന്നയാളെ കണ്ട സന്തോഷത്തിലാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കെഎൽഎഫ് വേദിയിലാണ് മന്ത്രയും എക്കാലത്തേയും മികച്ച് അത്ലെറ്റുമായ ബെൻജോൺസനും കണ്ടു മുട്ടിയത്.
താൻ ഏറെ ആരാധിച്ചിരുന്ന ആ താരവുമായി സംസാരിക്കുന്നതിൻ്റേയും കരം ഗ്രഹിക്കുന്നതിൻ്റേയുമുൾപ്പെടെ ഫോട്ടോയും ഫേസ്ബുക്കിൽ പങ്കു വച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
ആകാശവീഥിയിലെ നക്ഷത്രവുമായുള്ള കണ്ടുമുട്ടലിനു ശേഷം ട്രാക്കിലെ മിന്നല്പിണരുമായിട്ടായിരുന്നു അടുത്ത കൂടിക്കാഴ്ച.
ഞങ്ങളുടെ സ്‌കൂൾ-കോളേജ് കാലത്തെ വീരേതിഹാസങ്ങളിലൊരാൾ; ബെൻ ജോൺസൺ. അന്ന് ലോകത്തിലെ ഏറ്റവും വേഗം കൂടിയ കാലുകൾക്കുടമ. അദ്ദേഹത്തെ കാണണമെന്ന് അന്നൊക്കെ എത്ര ആഗ്രഹിച്ചിരിക്കുന്നു. അതാണിപ്പോൾ യാഥാർഥ്യമായത്. അദ്ദേഹത്തെ കാണാൻ ഹോട്ടലിലേക്ക് തിരിക്കാനിരിക്കെ ശ്രീ. രവി ഡീസിയാണ് അദ്ദേഹം കെ എൽ എഫ് വേദിയിലേക്ക് വരുന്നുവെന്ന് അറിയിച്ചതും അവിടെവെച്ച് കാണാനുള്ള സൗകര്യമൊരുക്കിയതും. ഗതാഗതക്കുരുക്കിനെ തുടർന്ന് എത്താൻ ഒരു മണിക്കൂറോളം വൈകി. രവി ഡീസി എന്നെ പരിചയപ്പെടുത്തി. ഒരു മണിക്കൂറായി കാത്തിരിക്കയാണെന്ന് പറഞ്ഞു. ഒരു മണിക്കൂറല്ല, 40 കൊല്ലമായി കാത്തിരിപ്പ് തുടങ്ങിയിട്ടെന്ന് ഞാൻ തിരുത്തി. ബിഗ് ബെൻ അതുകേട്ട് വിനയത്തോടെ ചിരിച്ചു. എന്റെ തലമുറയുടെ സ്‌കൂൾ-കോളേജ് കാലത്തെ നായകനാണ് താങ്കളെന്ന് ഞാൻ ആരാധനയോടെ പറഞ്ഞു. നനുത്ത വാക്കുകളിൽ അദ്ദേഹം സംസാരിച്ചു. കേരളത്തിലേക്കുള്ള ആദ്യ വരവിനെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും. കുറച്ച് സന്തോഷകരമായ നിമിഷങ്ങൾ അദ്ദേഹത്തോടൊപ്പം ചെലവഴിച്ച ശേഷം പിരിയുമ്പോൾ കരം ഗ്രഹിച്ചും ആലിംഗനം ചെയ്‌തുമാണ് നാല് പതിറ്റാണ്ട് കാത്തിരുന്ന ഈ ആരാധകനെ അദ്ദേഹം യാത്രയാക്കിയത്. നന്ദി ബിഗ് ബെൻ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


