
വയനാട് ദുരിദാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് നടത്തിയ വാദങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് രംഗത്ത്. കെപിസിസിയുടെ പ്രസിഡന്റ് ദുരന്ത ബാധിതരെ കൂടി അപമാനിക്കുന്ന തലത്തിലാണ് പ്രതികരിച്ചിട്ടുള്ളതെന്ന് കെ റഫീഖ് ആരോപിച്ചു.
വയനാട് ദുരിദാശ്വാസവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് മാധ്യമങ്ങളെ കണ്ടപ്പോൾ ഉന്നയിച്ചത് വിചിത്രമായ വാദങ്ങളാണ്. സ്ഥലം സർക്കാർ നൽകുന്നില്ല എന്ന വാദമാണ് സണ്ണി ജോസഫ് മുന്നോട്ടുവെച്ചത്. ഗുണഭോക്തര ലിസ്റ്റ് സർക്കാർ നൽകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, സംസ്ഥാന സർക്കാരുമായി ഒരു ബന്ധവുമില്ലാതെ, തങ്ങൾ ഭൂമി കണ്ടെത്തി വീട് നൽകും എന്നായിരുന്നു കെപിസിസി പ്രഖ്യാപിച്ചിരുന്നത്. സംസ്ഥാന ഗവൺമെന്റ് ലോകോത്തര നിലവാരത്തിൽ നിർമ്മിക്കുന്ന ടൗൺഷിപ്പിന്റെ ഭാഗമായി ചേരാതെ സ്വന്തം നിലയിൽ വീട് നിർമ്മിക്കുമെന്നാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്.
ഈ വിഷയത്തിൽ കെപിസിസി ജനങ്ങൾക്ക് മുമ്പിൽ നാണം കെട്ടു നിൽക്കുകയാണ് എന്ന് കെ റഫീഖ് അഭിപ്രായപ്പെട്ടു. ദുരന്തബാധിതരുടെ പേരിൽ പിരിച്ച പണം ഉപയോഗിച്ച് അവർക്ക് വീട് നിർമ്മിക്കുന്നതിനു വേണ്ടിയുള്ള ഒരു തരി ഭൂമി പോലും കണ്ടെത്താനോ അത് വാങ്ങാനോ ഇതുവരെ കോൺഗ്രസ് തയ്യാറായിട്ടില്ല.
ഗവൺമെന്റുമായി സഹകരിക്കാത്ത സംഘടനകൾ പോലും വയനാട്ടിൽ ഭൂമി സ്വയം കണ്ടെത്തി വീടുകൾ നിർമ്മിച്ചു നൽകിയിട്ടുണ്ട്. എന്നിട്ടും കോൺഗ്രസിന് മാത്രം വയനാട്ടിൽ ഭൂമി ലഭിക്കുന്നില്ല എന്ന വാദം ബാലിശമാണ്. ഫണ്ടിനും ആപ്പിനും കണക്കില്ല: ദുരന്തരുടെ പേരിൽ പണം പിരിക്കുകയും അതിന് കണക്കില്ലാതിരിക്കുകയും ചെയ്തു. പണം ശേഖരിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക ആപ്പ് തന്നെ അപ്രത്യക്ഷമായി.
യൂത്ത് കോൺഗ്രസ് 30 വീടുകൾ എന്ന് പ്രഖ്യാപിച്ചുകൊണ്ട് കോടികളാണ് ശേഖരിച്ചത്. എന്നാൽ അതിന് ഇപ്പോൾ വീടുമില്ല പണവുമില്ല. യഥാർത്ഥത്തിൽ ദുരന്തബാധരുടെ പേരിൽ പിരിച്ച പണം ദുരുപയോഗം ചെയ്യുന്ന നിലയാണ് ഉണ്ടായത്. ദുരന്തബാധരുടെ പേരിൽ പോലും കൊള്ള നടത്തിയ പാർട്ടിയായി കോൺഗ്രസ് മാറിയിരിക്കുന്നു എന്ന് ജനങ്ങൾ തിരിച്ചറിയുന്നു.
ഗുണഭോക്തര ലിസ്റ്റ് സർക്കാർ നൽകുന്നില്ല എന്ന വാദം യാഥാർത്ഥ്യവുമായി ബന്ധമില്ലാത്തതാണ്. സംസ്ഥാന ഗവൺമെന്റ് കൃത്യമായി ഗുണഭോക്താക്കളുടെ ലിസ്റ്റ് മൂന്ന് വിഭാഗങ്ങളായി (ഫേസ് വൺ, ഫേസ് ടു എ, ഫേസ് ടു ബി) തിരിച്ചുകൊണ്ട് നേരത്തെ തന്നെ പുറത്തുവിടുകയും അതോടൊപ്പം ടൗൺഷിപ്പ് നിർമ്മാണം നടന്നുവരികയും ചെയ്യുകയാണ്.
ഈ ലിസ്റ്റ് ദുരന്ത ബാധിതരുടെയും പൊതുജനങ്ങളുടെയും കയ്യിൽ ഇപ്പോൾ ഉണ്ട്. സർക്കാർ അങ്ങനെ കെപിസിസിക്ക് മാത്രമായി ഒരു ഗുണഭോക്തര ലിസ്റ്റ് നൽകേണ്ടതില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.
മുഖ്യമന്ത്രി തന്നെ നേരിട്ട് പങ്കെടുത്തുകൊണ്ട് യോഗം വിളിച്ച്, ടൗൺഷിപ്പിന്റെ ഭാഗമായി സഹകരിക്കണമെന്ന് രാഷ്ട്രീയ പാർട്ടികളോടും വീട് സ്പോൺസർ ചെയ്ത ആളുകളോടും അഭ്യർത്ഥിച്ചതാണ്. എന്നാൽ സംസ്ഥാന സർക്കാർ ഉണ്ടാക്കുന്നതിനേക്കാൾ അതിവേഗതയിൽ വീട് നിർമ്മിച്ചു നൽകും എന്ന് പ്രഖ്യാപിച്ചാണ് കോൺഗ്രസ് ഇതിൽ പങ്കുചേരാതെ പോയത്.
കോൺഗ്രസിനകത്തുനിന്നും ജനങ്ങൾക്കിടയിൽ നിന്നും വലിയ പ്രതിഷേധം ഉയർന്ന ഘട്ടത്തിലാണ്, ജനങ്ങൾക്ക് മുമ്പിൽ ഒരു ന്യായം പറയണമല്ലോ എന്ന് കരുതി കോൺഗ്രസ് ഇപ്പോൾ അപഹാസ്യമായ രൂപത്തിൽ പ്രതികരിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ പ്രാദേശിക കോൺഗ്രസ് നേതാക്കന്മാർ ചോദ്യം നേരിടേണ്ടി വരുന്നുണ്ടെന്നും കെ റഫീഖ് ചൂണ്ടിക്കാട്ടി.
ദുരന്ത ബാധിതർക്കായി പിരിച്ച പണവുമില്ല, ആപ്പുമില്ല, ഭൂമിയുമില്ല, വീടുമില്ല എന്ന അവസ്ഥയിലാണ് കോൺഗ്രസ് ഇപ്പോൾ എത്തിനിൽക്കുന്നതെന്നും, കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷൻ സ്വയം അപഹാസ്യമാകുന്ന നിലയിലുള്ള പ്രസ്താവനകളാണ് ഇപ്പോൾ നടത്തിയിരിക്കുന്നതെന്നും കെ റഫീഖ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

