
വയനാട് ദുരിതാശ്വാസത്തിന്റെ പേരിൽ ജനങ്ങള പറ്റിച്ച കോൺഗ്രസ് വീണ്ടും നുണപ്രചാരണവുമായി ഇറങ്ങുന്നതിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ എം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. വ്യാജ വീഡിയോയുമായി ടി സിദ്ദിഖ് എം എൽ എ തരംതാണ കോൺഗ്രസ് സൈബർ പോരാളിയെ പോലെ പെരുമാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തബാധിതരുടെ വീടിന് തറക്കല്ലിടൽ തീയതി പറഞ്ഞു തളർന്നു നിൽക്കുകയാണ് എംഎൽഎ എന്നും കെ റഫീഖ് വാർത്താ സമ്മേളനത്തിൽ പരിഹസിച്ചു.
വയനാട് എംപിയായ പ്രിയങ്ക ഗാന്ധി ദുരിതാശ്വാസ നിധിയിലേക്ക് എത്ര ഫണ്ട് നൽകിയെന്ന് ടി സിദ്ദിഖ് പറയണം. കെപിസിസി പ്രസിഡണ്ട് തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കരുതെന്ന് പറഞ്ഞ പാർട്ടിയാണ് കോൺഗ്രസ്. എല്ലാ ഇടതുപക്ഷ സംഘടനകളും ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറി. ഇടത് എംപി മാർ എല്ലാം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു, ശമ്പളവും നൽകി. എന്നാൽ സ്ഥലം എം പി ഒരു നയാ പൈസ കൊടുത്തില്ല.
പ്രഖ്യാപിച്ച ഏതെങ്കിലും വീട് കോൺഗ്രസ് കൊടുത്തോ? ഒന്നര വർഷമായിട്ട് പിരിച്ച ഫണ്ടിന്റെ കണക്ക് പറയാൻ പോലും അവർക്ക് പറ്റിയിട്ടില്ലെന്നും കെ റഫീഖ് ചൂണ്ടിക്കാട്ടി. ടൗൺഷിപ്പിലേക്ക് ആരു വന്നാലും അഭിമാനം ഉണ്ടെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഇച്ഛാശക്തി കൊണ്ടാണ് ഇത്തരത്തിൽ ഒരു ടൗൺഷിപ്പ് ഉയർന്നു വന്നതെന്ന കാര്യം ടി സിദ്ദിഖ് എംഎൽഎ ഓർക്കണം എന്നും കെ റഫീഖ് പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രിയങ്ക ഗാന്ധിയുടെ എംപി ഫണ്ടിൽ നിന്നും പണം നൽകാത്തതിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ടി സിദ്ദിഖ് എംഎൽഎയ്ക്ക് മറുപടിയുണ്ടായിരുന്നില്ല. കൈരളി ന്യൂസ് ചാനൽ ചർച്ചയിൽ സിപിഐ എം ജില്ലാ സെക്രട്ടറി തന്നെക്കുറിച്ച് കള്ളം പറഞ്ഞു എന്ന വ്യാജ വീഡിയോയുമായി ആയിരുന്നു ടി സിദ്ദിഖ് വാർത്താ സമ്മേളനത്തിന് എത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ അതിജീവിതയിൽ നിന്ന് ദുരിതാശ്വാസ ഫണ്ടിലേക്ക് പിരിവെടുത്തത് സംബന്ധിച്ച് ചോദിച്ചപ്പോൾ വാർത്താ സമ്മേളനം നിർത്തുകയായിരുന്നു ടി സിദ്ദിഖ് ചെയ്തത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

