
വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മലപ്പുറം മമ്പാട് പഞ്ചായത്തിൽ യുഡിഎഫ് – വെൽഫെയർ പാർട്ടി ധാരണ. പുതിയ വാർഡ് വിഭജന പ്രകാരം മമ്പാട് പഞ്ചായത്തിൽ 22 വാർഡുകളാണ് ഉള്ളത്. ഇതിൽ വാർഡ് 18 ഇപ്പൂട്ടിങ്ങലിലാണ് വെൽഫെയർ പാർട്ടി മത്സരിക്കുന്നത്. ഇവിടെ മുബീന ചോലയിൽ മത്സരിക്കും. ബാക്കിവരുന്ന 21 വാർഡുകളിൽ യുഡിഎഫിന് നിരുപാധിക പിന്തുണ നൽകാനും യുഡിഎഫ് സ്ഥാനാർഥികളുടെ വിജയം ഉറപ്പിക്കുന്നതിനു വേണ്ടി വളരെ ആസൂത്രണത്തോടെ പ്രവർത്തിക്കുവാനും ആണ് വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.
സ്ഥാനാർത്ഥിയെ വെൽഫെയർ പാർട്ടി മമ്പാട് പഞ്ചായത്ത് പ്രസിഡന്റ് ആസിഫ് അമീൻ പ്രഖ്യാപിച്ചു. വാർഡ് കമ്മിറ്റി ചെയർമാൻ മിഖ്ദാദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ഹബീബ് കെ എം, പഞ്ചായത്ത് ഇലക്ഷൻ കൺവീനർ ഇല്യാസ് ബാബു പി, ട്രഷറർ റാഷിദ് കമ്മിറ്റി അംഗങ്ങളായ വല്ലാഞ്ചിറ ബഷീർ, സുമി ജലീൽ എ കെ,മുഹ്സിന, ആബിദ എന്നിവർ സംസാരിച്ചു.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫും ജമാഅത്തെ ഇസ്ലാമിയും തമ്മിൽ പല തദ്ദേശ സ്ഥാപനങ്ങളിലും രഹസ്യ ബന്ധത്തിന് ധാരണയായി. ഇതോടെ ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമില്ലെന്ന കോൺഗ്രസ് നേതൃത്വത്തിൻ്റെ പരസ്യമായ വാദം ആണ് പൊളിയുന്നത്.
പരസ്യമായ സഖ്യം രാഷ്ട്രീയപരമായ വിവാദങ്ങൾക്ക് വഴിയൊരുക്കുമെന്ന ആശങ്കയെ തുടർന്നാണ് യുഡിഎഫ് ഈ പുതിയ രഹസ്യ നീക്കത്തിന് മുതിർന്നതെന്നാണ് റിപ്പോർട്ട്. പല തദ്ദേശ സ്ഥാപനങ്ങളിലും ഇരുകൂട്ടരും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്. ഈ രഹസ്യ നീക്കത്തിൻ്റെ ഭാഗമായാണ്, സഖ്യമില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള കോഴിക്കോട് DCC പ്രസിഡൻ്റിൻ്റെ പ്രതികരണത്തെ രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

