
സംസ്ഥാനങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ അട്ടിമറിക്കാനുള്ള എല്ലാ ശ്രമങ്ങളെയും കേരളം ചെറുക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൻ്റെ എക്സ് പോസ്റ്റിലാണ് മുഖ്യമന്ത്രി കുറിച്ചത്. നികുതി വിഹിതം, ഗ്രാന്റുകൾ, സ്‌കീം ഫണ്ടുകൾ എന്നിവയിൽ കേരളത്തിന്റെ വിഹിതം കേന്ദ്രം കുറച്ചു. നമ്മുടെ വായ്പാ പരിധിയിലും അന്യായമായ നിയന്ത്രണങ്ങൾ കേന്ദ്രം ഏർപ്പെടുത്തി.
കേന്ദ്രസർക്കാർ നമ്മോട് കാണിച്ച സാമ്പത്തിക വിവേചനം കാരണം നമുക്ക് 57,000 കോടി രൂപയുടെ മൊത്ത വരുമാന നഷ്ടം സംഭവിച്ചു. കേന്ദ്രസർക്കാരിൽ നിന്ന് ഒരു സഹായവും ആവശ്യപ്പെടുന്നില്ല, നമുക്ക് അർഹമായി ലഭിക്കേണ്ടത് മാത്രമാണ് നമ്മൾ ആവശ്യപ്പെടുന്നത്. കേരളം അക്കാര്യത്തില്‍ ഉറച്ചു നില്‍ക്കുകയും സംസ്ഥാനങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ അട്ടിമറിക്കാനുള്ള എല്ലാ ശ്രമങ്ങളെയും ചെറുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫെഡറലിസത്തിനെതിരെയും കേരളത്തോടുള്ള കേന്ദ്രത്തിൻ്റെ സാമ്പത്തിക അവഗണനയ്‌ക്കെതിരെയും തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തില്‍ ഇന്ന് സത്യാഗ്രഹ സമരം നടന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സത്യാഗ്രഹ സമരത്തിൽ മന്ത്രി, എംഎൽഎ, എംപി ഉൾപ്പടെയുള്ള ജനപ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


