
കേരളത്തെ ഒന്നാകെ ഞെട്ടിച്ച ക്രൂരകൃത്യമായിരുന്നു, രണ്ട് ദിവസം മുമ്പ് വർക്കല ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും ഒരാൾ ഒരു പെൺകുട്ടിയെ തള്ളിയിട്ടത്. യാതൊരു പ്രകോപനവുമില്ലാതെ നടന്ന ഈ ക്രൂരകൃത്യത്തിന് ഇരയായ പത്തൊമ്പതുകാരി ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ട്രാക്കിൽ ഗുരുതര പരുക്കേറ്റ് വീണ് കിടന്ന കുട്ടിയെ എതിർ ട്രാക്കിലൂടെ വന്ന മെമുവിലെ ജീവനക്കാരാണ് രക്ഷപ്പടുത്തിയത്. യുവതിയെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയ, മെമു ലോക്കോ പൈലറ്റ് ആയ എൻ വി മഹേഷ് തന്റെ 29 വർഷത്തെ സർവീസ് ജീവിതത്തിലെ മറക്കാനാകാത്ത ആ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
ALSO READ;‘ട്രെയിൻ യാത്രക്കാരുടെ സുരക്ഷിതത്വം കേന്ദ്ര സർക്കാർ ഉറപ്പുവരുത്തണം’: ഡിവൈഎഫ്ഐ
കുറിപ്പ് വായിക്കാം:
29 മത് വർഷത്തിലേക്ക് കടന്ന സർവീസ് ജീവിതത്തിൽ, ഇന്നലെ നടന്ന കൊടുംക്രൂരതയ്‌ക്ക് ഇരയായ ആ പെൺകുട്ടിയുടെ മുഖം മറക്കുവാൻ സാധിക്കുന്നില്ല.
ഇന്നലെ കന്യാകുമാരിയിൽ നിന്നും കൊല്ലത്തേക്ക് പോകുന്ന മെമുവിലായിരുന്നു ഡ്യൂട്ടി. തിരുവനന്തപുരത്ത് നിന്ന് മെമു പുറപ്പെട്ടു. കടയ്ക്കാവൂർ എത്തിയപ്പോൾ സ്റ്റേഷനിൽ നിന്നും “തിരുവനന്തപുരത്തേക്ക് പോകുന്ന കേരള എക്സ്പ്രസിൽ നിന്ന് ഒരു യാത്രക്കാരി ട്രാക്കിൽ വീണിട്ടുണ്ട്. ശ്രദ്ധിക്കുക,വേണ്ടത് ചെയ്യുക” എന്ന സന്ദേശം ലഭിച്ചു.
രാത്രി ഏകദേശം 8.40 ആയി..
നിർദേശ പ്രകാരം എതിർ ദിശയിൽ പോകുന്ന മെമു പതുക്കെ ജാഗ്രതയോടെ നീങ്ങി…
മെമു ഡ്രൈവിംഗ് കാബിനിൽ ഒരാൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളു.
ട്രാക്കിന് ഇരുവശവും ഇരുട്ടാണ്. കുറച്ചു മുന്നോട്ട് പോയപ്പോൾ വർക്കലക്ക് സമീപം ട്രാക്കിനടുത്ത് കിടക്കുന്ന നിലയിൽ ഒരു രൂപം..ഉടൻ ട്രെയിൻ നിറുത്തി…
അത് ആ കുട്ടി തന്നെയായിരുന്നു….
ഇരു ട്രാക്കുകൾക്കും ഇടയിലായി കമിഴ്ന്നടിച്ചു രക്തത്തിൽ കുളിച്ചു ശരീരമാകെ ചതവുകളുമായി വീണു കിടക്കുന്നു.
മനസ്സിൽ ഒരു വിങ്ങൽ…
റോഡ് ഗതാഗതം ആ നിമിഷങ്ങളിൽ പ്രായോഗികമല്ലാത്ത ഭൂപ്രകൃതിയുള്ള ആ സ്ഥലത്ത്, പിന്നെ ഒന്നും ആലോചിക്കാൻ സമയമില്ല… മെമുവിൻ്റെ കോച്ചിൻ്റെ ആദ്യത്തെ ഡോർ കുട്ടി കിടക്കുന്നതിന് അഭിമുഖമായി നിർത്തി.ശ്വാസം ഉണ്ടെന്ന് മനസ്സിലായി.ആ സമയം ലോക്കൽ പോലീസും സ്ഥലത്ത് എത്തി. ഉടൻ തന്നെ മെമുവിൽ എടുത്തു കിടത്തുകയും നിമിഷങ്ങൾക്കുള്ളിൽ വർക്കല സ്റ്റേഷനിലെത്തിക്കുകയും ചെയ്തു.
പ്രധാന കവാടത്തിൽ തന്നെ നിർത്തി, അവിടെ കാത്ത് നിന്ന രക്ഷാപ്രവർത്തകരും മറ്റും ചേർന്ന് ഉടൻ കുട്ടിയെ ആംബുലൻസിലേക്ക് മാറ്റി… ആംബുലൻസ് കുട്ടിയെയും കൊണ്ട് കുതിച്ചു…
ഇന്നലെ റെയിൽവേ ട്രാക്കിൽ കണ്ട ആ പെൺകുട്ടിയുടെ മുഖം മനസ്സിൽ ഒരു നൊമ്പരമായി ഇപ്പോഴും അവശേഷിക്കുന്നു.
ആ നിമിഷങ്ങളിൽ ഓടിയെത്തി സഹായങ്ങൾ ചെയ്ത നാട്ടുകാർക്ക് പ്രത്യേകം നന്ദി.
കൃത്യസമയത്ത് ആശുപത്രിയിൽ കൊണ്ടെത്തിച്ചതിനാൽ കുട്ടിയുടെ ജീവൻ രക്ഷപ്പെട്ടുവെന്ന് വാർത്തകളിൽ കണ്ടു. ഓരോ ഡ്യൂട്ടിയിലും ആയിരകണക്കിന് ജീവനുകളെയും ഹൃദയത്തിലേറ്റി കൊണ്ട് പോകുമ്പോൾ ഒരു ലക്ഷ്യം മാത്രമേയുള്ളൂ…”സുരക്ഷിതമായി ട്രെയിൻ ലക്ഷ്യസ്ഥാനത്ത് എത്തിക്കുക..”
എന്തായാലും ട്രെയിൻ നിറുത്തി ട്രാക്കിൽ വീണു കിടന്ന ആ കുട്ടിയെയും കയറ്റി ആശുപത്രിയിലെത്തിക്കുവാൻ സാധിച്ചത് മറക്കുവാൻ സാധിക്കാത്ത ഒരു പുണ്യകർമ്മമായി കരുതുന്നു. ഇന്നലെ ചെയ്തത് പോലെയുള്ള ഒരു ജീവൻ രക്ഷാദൗത്യം ജീവിതത്തിൽ ആദ്യമാണ്.
ഈ നിർണായക വേള തരണം ചെയ്യുവാൻ ആ കുട്ടിയുടെ കുടുംബത്തിന് സാധിക്കട്ടെ.. ആ കുട്ടി പൂർവസ്ഥിതിയിലേക്ക് മടങ്ങി വരുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു.
ഒരു കുഞ്ഞ് മോളുടെ ജീവൻ രക്ഷിക്കുവാൻ സാധിച്ച കൃതാർഥതയോടെ ഒരു ദിനം കൂടി കടന്നു പോകുന്നു…
വീണ്ടും മറ്റൊരു ലക്ഷ്യസ്ഥാനവുമായി അടുത്ത ഡ്യൂട്ടി ആരംഭിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

