
കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കവി സച്ചിദാനന്ദന്റെ നിലപാടിനെ വിമർശിച്ച് കേളു ഏട്ടൻ പഠന ഗവേഷണകേന്ദ്രം ഡയറക്ടറും സിപിഐ എം നേതാവുമായ കെ ടി കുഞ്ഞിക്കണ്ണൻ എഴുതിയ പോസ്റ്റിനെ വളച്ചൊടിച്ച മാതൃഭൂമി ന്യൂസിന് എഴുത്തുകാരൻ അശോകൻ ചരുവിലിന്റെ വിമർശനം.
കഴിഞ്ഞ ദിവസം സച്ചിദാനന്ദൻ ഈ വിഷയത്തിൽ നടത്തിയ പരാമർശത്തിൽ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ.ടി.കുഞ്ഞിക്കണ്ണൻ മാന്യമായ ഭാഷയിൽ വിമർശിച്ചു രംഗത്തെത്തിയിരുന്നുവെന്നും എന്നാൽ ഉചിതമായ ഈ സംവാദം വാർത്തയാക്കിയ മാതൃഭൂമി ഓൺലൈൻ കെ.ടി.യുടെ പോസ്റ്റിനെ വളച്ചൊടിച്ച് ചില വാക്കുകൾ കൂട്ടിച്ചേർത്ത് അവതരിപ്പിച്ചുവെന്നും അശോകൻ ചരുവിൽ തന്റെ ഫേസ്ബുക്കിലൂടെ വിമർശിച്ചു.
‘ഉത്തരവാദിത്തമുള്ള പദവിയിലിരിക്കുന്ന സച്ചിദാനന്ദൻ’ എന്ന് കെ ടി കുഞ്ഞിക്കണ്ണൻ പറഞ്ഞുവെന്ന വിധത്തിൽ ആണ് മാതൃഭൂമി വാർത്ത നൽകിയതെന്നും എന്നാൽ ഇങ്ങനെ ഒരു വാക്ക് കെ ടി യുടെ പോസ്റ്റിൽ ഇല്ല എന്നും അദ്ദേഹം പറയുന്നു. ‘സച്ചിദാനന്ദൻ ഇപ്പോൾ വഹിക്കുന്ന ഉത്തരവാദിത്തമുള്ള പദവി കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടിൻ്റേതാണെന്ന് നമുക്ക് എല്ലാവർക്കുമറിയാം. അക്കാദമി പ്രസിഡണ്ടിൻ്റെ ചുമതല വഹിക്കുന്നയാൾ സർക്കാരിനെ വിമർശിക്കുന്നത് ശരിയല്ല എന്ന് സിപി.ഐ.എം. നേതാവ് പറഞ്ഞു എന്ന് സ്ഥാപിക്കാനാണ് മാതൃഭൂമിയുടെ നീക്കം’. എന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു. ‘ മാതൃഭൂമി കൂട്ടിച്ചേർത്തത് രണ്ടോ മൂന്നോ വാക്കുകളാണ്. പക്ഷേ അവയുണ്ടാക്കുന്ന അർത്ഥവ്യത്യാസം വളരെ വലുതാണ്. കെ.ടി.യുടെ മനസ്സിൽ കയറി എഡിറ്റ് ചെയ്യാൻ ലേഖകനെ ആരാണ് ചുമതലയേൽപ്പിച്ചതെന്നും ഇത് എന്തൊരുവക മാധ്യമപ്രവർത്തനമാണ്’ എന്നും അശോകൻ ചരുവിൽ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായ വിഷയത്തിൽ കവി സച്ചിദാനന്ദൻ Koyamparambath Satchidanandan പ്രതികരിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിൻ്റെ അത്തരം നയങ്ങൾ സംസ്ഥാനത്ത് നടപ്പാക്കുന്നതിനേക്കാൾ ഭേദം സർക്കാർ രാജിവെക്കുന്നതാണ് നല്ലതെന്നാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്.
സച്ചിദാനന്ദൻ്റെ ഈ അഭിപ്രായത്തെ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സി.പി.ഐ.എം. നേതാവ് കെ.ടി.കുഞ്ഞിക്കണ്ണൻ KT Kunhikannan മാന്യമായ ഭാഷയിൽ വിമർശിച്ചു. അതുസ്വഭാവികമാണ്.
പക്ഷേ ഉചിതമായ ഈ സംവാദം വാർത്തയാക്കിയ മാതൃഭൂമി ഓൺലൈൻ കെ.ടി.യുടെ പോസ്റ്റിനെ ചില വാക്കുകൾ കൂട്ടിച്ചേർത്ത് അവതരിപ്പിക്കുന്നു. കൂട്ടിച്ചേർത്ത വാക്കുകൾ ഇവയാണ്:
“ഉത്തരവാദിത്തമുള്ള പദവിയിലിരിക്കുന്ന സച്ചിദാനന്ദൻ……….”
ഞാൻ പരതി. കെ.ടി.യുടെ പോസ്റ്റിൽ ഇങ്ങനെയുണ്ടോ? ഇല്ല.
രണ്ടോ മൂന്നോ വാക്കുകളാണ്. പക്ഷേ അവയുണ്ടാക്കുന്ന അർത്ഥവ്യത്യാസം വളരെ വലുതാണ്. സച്ചിദാനന്ദൻ ഇപ്പോൾ വഹിക്കുന്ന ഉത്തരവാദിത്തമുള്ള പദവി കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടിൻ്റേതാണെന്ന് നമുക്ക് എല്ലാവർക്കുമറിയാം. അക്കാദമി പ്രസിഡണ്ടിൻ്റെ ചുമതല വഹിക്കുന്നയാൾ സർക്കാരിനെ വിമർശിക്കുന്നത് ശരിയല്ല എന്ന് സിപി.ഐ.എം. നേതാവ് പറഞ്ഞു എന്ന് സ്ഥാപിക്കാനാണ് മാതൃഭൂമിയുടെ നീക്കം.
ഇത് എന്തൊരുവക മാധ്യമപ്രവർത്തനമാണ്?
കെ.ടി.യുടെ മനസ്സിൽ കയറി എഡിറ്റ് ചെയ്യാൻ ലേഖകനെ ആരാണ് ചുമതലയേൽപ്പിച്ചത്?

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

