മരണത്തെ തോൽപ്പിച്ച കുഞ്ഞുമാലാഖ; അഞ്ചുപേരിലൂടെ ആലിൻ ഇനി ജീവിക്കും

Aalin Sherin Abraham

അഞ്ചുപേർക്ക് പുതുജീവൻ നൽകി ആലിൻ ഷെറിൻ ഏബ്രഹാം. മസ്തിഷ്കമരണം സംഭവിച്ച ആലിൻ്റെ അവയവങ്ങൾ മൂന്നേകാൽ മണിക്കൂർ കൊണ്ടാണ് ഇന്നലെ രാത്രിയോടെ കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. ഫെബ്രുവരി അഞ്ചിന് എം.സി റോഡിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുഞ്ഞിന് മസ്തിഷ്ക മരണം സംഭവിച്ചതോടെയാണ് അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തീരുമാനിച്ചത്. ഇതോടെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവെന്ന ചരിത്രനേട്ടം ഈ കുരുന്നിന് സ്വന്തമായി.

ഇന്നലെ വൈകിട്ട് ആറരയോടെ ശസ്ത്രക്രിയ പൂർത്തിയാക്കി അമൃത ആശുപത്രി ജീവനക്കാരുടെ ‘ഗാർഡ് ഓഫ് ഓണർ’ ആദരവ് ഏറ്റുവാങ്ങിയാണ് ആലിൻ്റെ അവയവങ്ങൾ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ദൂരം വെറും മൂന്നേകാൽ മണിക്കൂർ കൊണ്ട് പിന്നിട്ട് അവയവങ്ങൾ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചു. ആലിൻ്റെ കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള ആറുമാസം പ്രായമുള്ള പെൺകുട്ടിക്കാണ് നൽകിയത്; സംസ്ഥാനത്ത് മരണാനന്തര അവയവദാനത്തിലൂടെ കരൾ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞായി ഈ പെൺകുട്ടിയും മാറി.

ALSO READ : ആലിൻ ഷെറിന്റെ പോസ്റ്റ്മോർട്ടം കോട്ടയം മെഡിക്കൽ കോളജിൽ പൂർത്തിയായി; മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി

ആലിൻ്റെ രണ്ട് വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളജിലെ പത്തുവയസ്സുകാരിക്കും, ഹൃദയവാൽവ് ശ്രീചിത്ര ആശുപത്രിയിലേക്കും, നേത്രപടലങ്ങൾ അമൃത ആശുപത്രിയിലേക്കും കൈമാറി. നാടൊന്നാകെ കൈകോർത്ത ഈ മഹത്തായ ദൗത്യം യാതൊരു പ്രതിസന്ധികളുമില്ലാതെ പൂർത്തിയാക്കാൻ കഴിഞ്ഞതിന്റെ അഭിമാനത്തിലാണ് ആംബുലൻസ് ഡ്രൈവർ ജെയ്നീഷ് അടക്കമുള്ളവർ. സ്വന്തം വിയോഗത്തിലും അഞ്ചുപേരിലൂടെ ജീവിക്കുന്ന ആലിൻ ഷെറിൻ കേരളത്തിന് വിങ്ങുന്ന ഓർമ്മയും വലിയ മാതൃകയുമായി മാറുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News