‘അടികൊണ്ടവർക്കും ജയിലിൽ കിടന്നവർക്കും സീറ്റില്ല, വോട്ടില്ലാത്തവർക്ക് വീട്ടിൽ പോയി ഷാൾ അണിയിച്ച് സ്ഥാനാർഥിത്വം കൊടുക്കാൻ ശ്രമിക്കുന്നു’; ഫ്യൂഡൽ മാടമ്പിത്തരം കൊണ്ടുനടക്കുന്ന നേതാക്കളാണ് പാർട്ടിയുടെ ശാപമെന്ന് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി

YOUTH CONGRESS GENERAL SECRATARY

കോൺഗ്രസ്‌ നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി വി. പി. ദുൽഖിഫിൽ. ചില നേതാക്കളെ ‘ഫ്യൂഡൽ മാടമ്പിമാർ’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സീറ്റ് വിതരണത്തിലെ അശാസ്ത്രീയതയും വർഷങ്ങളായി പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവരെ അവഗണിക്കുന്ന നിലപാടുമാണ് യൂത്ത് കോൺഗ്രസ്‌ നേതാവ് ചോദ്യം ചെയ്തത്.

പാർട്ടിക്ക് വേണ്ടി ‘അടികൊണ്ടവർക്കും ജയിലിൽ കിടന്നവർക്കും സീറ്റില്ല’ എന്ന് വി. പി. ദുൽഖിഫിൽ പറഞ്ഞു. അടികൊണ്ട എണ്ണവും ജയിലിൽ പോയ ദിവസങ്ങളുടെ എണ്ണവും ഹരിച്ചു നോക്കിയാൽ അഞ്ച് ശതമാനം സീറ്റുപോലും കൊടുക്കാൻ നേതൃത്വം തയ്യാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ഇരുപതും മുപ്പതും വർഷം മത്സരിച്ചവർക്ക് തന്നെ വീണ്ടും സീറ്റ് കൊടുക്കാൻ നേതൃത്വത്തിന് മടിയില്ല. വോട്ടില്ലാത്തവർക്ക് വീട്ടിൽ പോയി ഷാൾ അണിയിച്ച് സ്ഥാനാർഥിത്വം കൊടുക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ALSO READ: കൊച്ചിയില്‍ ചാക്കിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; ജോർജ് കുറ്റം സമ്മതിച്ചു

സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചകളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. വോട്ടർ പട്ടികയിൽ പേരില്ലാത്ത ആളെ പിടിച്ച് സ്ഥാനാർഥിയാക്കിയപ്പോൾ എന്ത് പക്വതയാണ് നേതൃത്വം കാണിച്ചത് എന്ന് അദ്ദേഹം ചോദ്യം ചെയ്തു. സ്കൂൾ തിരഞ്ഞെടുപ്പിൽ കെഎസ്‌യു പ്രവർത്തകർ ഇതിനേക്കാൾ ജാഗ്രത കാണിക്കുമെന്നും യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പരിഹസിച്ചു.

പാർട്ടിക്കുള്ളിൽ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതിനെക്കുറിച്ചും ദുൽഖിഫിൽ മുന്നറിയിപ്പ് നൽകി. ‘മുഖത്ത് നോക്കി അഭിപ്രായങ്ങൾ പറഞ്ഞാൽ എന്ത് വില കൊടുത്തും അവനെ അവസാനിപ്പിക്കും’ എന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഈ വിഷയത്തിൽ പിന്നോട്ട് പോകാൻ താൻ തയ്യാറല്ലെന്ന് വി. പി. ദുൽഖിഫിൽ വ്യക്തമാക്കി. നേതൃത്വം ‘അച്ചടക്കത്തിന്റെ വാളുമായി വരേണ്ടതില്ല’ എന്നും ഇതിനെതിരെ പോരാടാൻ തന്നെയാണ് തന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പോസ്റ്റിന്റെ പൂർണരൂപം

തനി ഫ്യൂഡൽ മാടമ്പിത്തരം കൊണ്ടുനടക്കുന്ന ചില കോൺഗ്രസ് നേതാക്കന്മാരാണ് ഇന്ന് ഈ പാർട്ടിയുടെ ശാപം.അവർക്ക് ജയിൽവാസം ഒരു വിഡ്ഢിത്തരം ആണ്,ഉപവാസത്തോടു പുച്ഛവും. ഇവർ ഗാന്ധിയുടെയും നെഹ്റുവിന്റെയും പാർട്ടിയിൽ ആണല്ലോ പ്രവർത്തിക്കുന്നത് എന്ന് ആലോചിക്കുമ്പോൾ ഭയമാണ് തോന്നുന്നത്.വോട്ടില്ലാത്തവർക്ക് വീട്ടിൽ പോയി ഷാൾ അണിയിച്ചു സ്ഥാനാർത്ഥിത്വം കൊടുക്കാൻ ശ്രമിക്കുന്നു. തോൽക്കും എന്ന് ഉറപ്പുള്ള കേസിൽ കോടതിയിൽ പോയി വാദിക്കുന്നു..ലാത്തി കൊണ്ട് തല്ലു വാങ്ങിയവർക്കും ജയിൽവാസം അനുഷ്ഠിച്ചവർക്കും വിജയ സാധ്യത കുറവുള്ള സീറ്റിൽ പോലും അതിനേക്കാൾ വലിയ പോരാട്ടം നടത്തേണ്ടി വരുന്നത് അപമാനകരമാണ്. ഇരുപതും മുപ്പതും വർഷം മത്സരിച്ചവർക്ക് തന്നെ വീണ്ടും സീറ്റ് കൊടുക്കാൻ നേതൃത്വത്തിന് ഒരു മടിയുമില്ല.തങ്ങളുടെ കൂടെ നിൽക്കുന്നവരാണെങ്കിൽ എന്തു തോന്നിവാസം ചെയ്താലും ഞങ്ങൾ സീറ്റു കൊടുക്കും,മുഖത്തുനോക്കി അഭിപ്രായങ്ങൾ പറഞ്ഞാൽ എന്ത് വില കൊടുത്തും അവനെ അവസാനിപ്പിക്കും.പ്രവർത്തകന്റെ വികാരത്തിന് അനുസരിച്ച് നിൽക്കുമ്പോൾ അതു പക്വതയില്ലാത്ത പെരുമാറ്റം ആണെന്ന് വിമർശിക്കുന്ന നേതൃത്വം വോട്ടർ പട്ടികയിൽ പേരില്ലാത്ത ആളെ പിടിച്ച് സ്ഥാനാർത്ഥിയാക്കിയപ്പോൾ എന്ത് പക്വതയാണ് കാണിച്ചത്?സ്കൂൾ തെരഞ്ഞെടുപ്പിൽ കെഎസ്‌യു പ്രവർത്തകർ ഇതിനേക്കാൾ ജാഗ്രത കാണിക്കും, അച്ചടക്കത്തിന്റെ വാളുമായി വരേണ്ടതില്ല ഇതിനെതിരെ പോരാടാൻ തന്നെയാണ് തീരുമാനം.അടികൊണ്ട എണ്ണവും ജയിലിൽ പോയ ദിവസങ്ങളുടെ എണ്ണവും ഹരിച്ചു നോക്കിയാൽ അഞ്ചു ശതമാനം സീറ്റുപോലും കൊടുക്കാൻ നേതൃത്വം തയ്യാറായില്ല .ആ കാര്യത്തിൽ ഗ്രൂപ്പ് വ്യത്യാസമില്ലാതെ എല്ലാവരും ഒറ്റക്കെട്ടാണ്, സമരത്തിൽ പങ്കെടുക്കാതെ സംഘടപ്രവർത്തനം നടത്താതെ മറ്റു പല താൽപര്യത്തിന്റെയും പേരിൽ വരുന്ന ചെറുപ്പക്കാരെ യൂത്ത് കോൺഗ്രസിന്റെ അക്കൗണ്ടിൽ കെട്ടിവയ്ക്കേണ്ട.അത് അനുവദിക്കാനും വയ്യ. മറ്റു ചിലത് പറയാനുണ്ട് ഉചിതമായ സമയത്ത് ഉചിതമായ നേരത്ത് അതും പറയും……

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News