രാഹുലിനെതിരെയുള്ള പ്രതിഷേധത്തിൽ കാളയുമായി യുവമോര്‍ച്ച; പരമശിവന്റെ വാഹനമായ കാളയെ അധിഷേപിച്ചെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

yuva-morcha-protest-with-bull

രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ കാളയുമായി എത്തിയതിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ ഗൗതം കാട്ടാക്കടയുടെ പരാതി. ഗൗതം ഡിജിപിക്ക് പരാതി നല്‍കി.

പരാതിയില്‍ പറയുന്നത് ഇങ്ങനെയാണ്: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ കണക്കിലെടുത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സമരങ്ങള്‍ നടത്തി വരുന്നുണ്ട്. എന്നാല്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ ജീവനുള്ള കാളയെ ഉപയോഗിക്കുകയും അതിന്റെ കണ്ണുകള്‍ മറയ്ക്കുന്ന രീതിയില്‍ മുഖംമൂടി വയ്ക്കുകയും അതിന്റെ കാഴ്ച്ച മറയ്ക്കുകയും മൂക്കുകയര്‍ പിടിച്ചു വലിച്ചു മുറിവുണ്ടാക്കുന്ന തരത്തില്‍ കാളയെ കിലോമീറ്ററുകളോളം നടത്തിക്കുകയും ചെയ്യുകയുണ്ടായി. മാത്രവുമല്ല കാളയുടെ വായ തുറക്കാന്‍ കഴിയാത്ത രീതിയില്‍ വായ കെട്ടിവച്ച് അതിനെ വേദനിപ്പിക്കുകയും ചെയ്യുക വഴി ഒരു മിണ്ടാപ്രാണിയോട് ക്രൂരത കാട്ടിയത് എന്തിന്റെ പേരില്‍ ആയാലും ന്യായീകരിക്കാവുന്നതല്ല. നട്ടുച്ച നേരത്ത് കിലോമീറ്ററുകളോളം ഇപ്രകാരം ഒരു മിണ്ടാപ്രാണിയെ നടത്തിയത് മൃഗത്തിനോടുള്ള ക്രൂരതയും നിയമവ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയും കുറ്റകരവും ശിക്ഷാര്‍ഹവും ആണ്. ഹിന്ദുമത വിശ്വാസപ്രകാരം പരമശിവന്റെ വാഹനമായ കാളയെ ദൈവ തുല്യമായാണ് ആരാധിച്ചു വരുന്നത്.

ALSO READ: ‘നിലവിലെ നടപടി നേതാക്കളും രാഹുലും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ്, സൈബർ ആക്രമണത്തിന് പിന്നിൽ രാഹുലിന്റെ നേതൃത്വത്തിലുള്ള ക്രിമിനൽ സിൻഡിക്കേറ്റ്’; മന്ത്രി വി ശിവൻകുട്ടി

കാളയെ ദൈവ തുല്യമായി കരുതുന്ന ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയും മതവികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്യുന്നതാണ്. അപ്രകാരം ചെയ്യണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടിയാണ് പരസ്യമായി ഇത്തരം ഒരു പ്രവര്‍ത്തി അവര്‍ ചെയ്തത്. പ്രതികളുടെ മേല്‍പ്പടി പ്രവര്‍ത്തികള്‍ ബിഎന്‍എസ് വകുപ്പ് പ്രകാരം കുറ്റകരമാണ്. ഹിന്ദു മതവിശ്വാസത്തെ മനപ്പൂര്‍വം അവഹേളിക്കുന്ന രീതിയില്‍ നടത്തിയ ഈ പ്രതിഷേധ പരിപാടി മൃഗങ്ങളോടുള്ള ക്രൂരതയും മത വിശ്വാസത്തെ വൃണപ്പെടുത്തലും കണക്കിലെടുത്തു അന്വേഷണം നടത്തി പ്രതിഷേധക്കാര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് പരാതിയിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News