
കെ ജി സൂരജ്
ഏഷ്യൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ കലോത്സവമാണ് കേരള സ്ക്കൂൾ കലോത്സവം. ആത്മപ്രകാശനത്തിനോടൊപ്പം സാമൂഹിക മാറ്റമെന്ന കലയുടെ ലക്ഷ്യം അക്ഷരാർത്ഥത്തിൽ സാർത്ഥകമാക്കുന്ന സർഗ്ഗാത്മക ഇടപെടലായി തൃശ്ശൂരിൽ നടന്ന അറുപത്തിനാലാമത് കേരള സ്ക്കൂൾ കലോത്സവം ചരിത്രത്തിൽ ഇടം പിടിച്ചു.64 വർഷത്തെ സ്ക്കൂൾ കലോത്സവ ചരിത്രത്തിലിതാദ്യമായി മത്സരാർത്ഥിയായൊരു വിദ്യാർത്ഥിനി വീഡിയോ കോൺഫറൻസിംഗിലൂടെ മത്സരത്തിൽ പങ്കെടുത്തിരിക്കുന്നു. കാസർകോട് പടന്ന വി കെ പി കെ എച്ച് എം എം ആർ വി എച്ച് എസ് എസ്സിലെ (VKPKHMMRV HSS) പത്താം തരം വിദ്യാർത്ഥിനി സിയ ഫാത്തിമയ്ക്കാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക അനുമതിയോടെഅറബിക്ക് പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിൽ പങ്കെടുക്കാനായത്.അപൂർവ്വമായി സംഭവിക്കുന്ന വാസ്‌കുലൈറ്റിസ് രോഗബാധിതയായ സിയാ ഫാത്തിമ ചികിത്സയുമായി ബന്ധപ്പെട്ട് ഇമ്യുണോ സപ്രസന്റ് മരുന്നുകൾ കഴിക്കുന്നതിന്റെ ഭാഗമായാണ് യാത്ര ചെയ്ത് തൃശ്ശൂരിലെത്തി കലോത്സവത്തിൽ മത്സരിക്കാനാകാതെ വന്നത്. ജില്ലാ കലോത്സവത്തിൽ നേരിട്ട് പങ്കെടുത്ത് വിജയിച്ച സിയക്ക് 2
ആഴ്ചകൾക്കു മുൻപാണ് നീണ്ടുനിന്ന അനശ്ചിതത്വങ്ങൾക്കൊടുവിൽ
രക്തക്കുഴലുകൾ ചുരുങ്ങുന്ന രോഗം സ്ഥിരീകരിച്ചത്.സ്ഥിരമായ ശരീരവേദന, തീവ്രമായ ക്ഷീണാവസ്ഥ, വിട്ടുമാറാത്ത പനി തുടങ്ങിയവയെല്ലാം സിയയെ അലട്ടാൻ തുടങ്ങി.
ഓട്ടോറിക്ഷയാൽ ഉപജീവനം സാധ്യമാക്കുന്ന സിയയുടെ അച്ഛൻ അബ്ദുൾ മുനീർ പി ആശുപത്രികളിൽ നിന്നും ആശുപത്രികളിലേക്കുള്ള തങ്ങളുടെ നിരന്തര യാത്രകളെക്കുറിച്ച് വേദനയോടെ പറഞ്ഞുവെക്കുന്നു. സൂക്ഷ്‌മ പരിശോധനകൾക്കൊടുവിലാണ് രോഗം വാസ്‌ക്കുലിറ്റീസ് ആണെന്ന് തിരിച്ചറിയുന്നത്. മാസത്തിലൊരിക്കൽ കഴിക്കാനുള്ള മരുന്നുകൾക്കൊപ്പം സ്റ്റിറോയ്ഡുകളും ഉപയോഗിക്കേണ്ടിവരുന്നു. നേരിൽ പങ്കെടുക്കാനാകില്ല എന്ന നിലയിലെ പ്രതീക്ഷകൾ അസ്ഥാനത്തായ സാഹചര്യത്തിലാണ് ജെൻ സി തലമുറയിലെ മറ്റു വിദ്യാർത്ഥികളെന്ന പോലെ സിയയും തന്റെ അവസ്ഥ വിശദമാക്കി വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക് ഒരു വാട്ട്സ് ആപ്പ് സന്ദേശം അയക്കുന്നത് അതോടെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി നേരിൽ ഇടപെട്ട് കലോത്സവ മാനുവൽ തന്നെ പരിഷ്കക്കരിച്ച് പ്രത്യേക ഉത്തരവോടെ ഓൺലൈൻ ആയി മത്സരത്തിൽ പങ്കെടുക്കാൻ അനുവാദം ലഭ്യമാക്കുകയായിരുന്നു.
ഇതേതുടർന്ന് കേരള ഇൻഫ്രാസ്ട്രക്ച്ചർ & ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ അധികൃതർ സിയയുടെ വീട്ടിലെത്തി വിഡിയോ കോൺഫറൻസിങ്ങിനുള്ള സജ്ജീകരണങ്ങൾ ഒരുക്കി. അതോടെ വീട്ടിലിരുന്ന് വീഡിയോ കോൺഫറൻസിങ്ങിലൂടെ മത്സരത്തിൽ പങ്കെടുക്കുത്ത് . അറബിക്ക് പോസ്റ്റർ നിർമ്മാണ മത്സരത്തിൽ സിയ എ ഗ്രേഡ് കരസ്ഥമാക്കുകയായിരുന്നു. സിയ്ക്ക് അവസരമൊരുക്കാൻ മന്ത്രി തല നിർദ്ദേശം ലഭിച്ചതിന്റെ ഭാഗമായി രോഗാവസ്ഥ സംബന്ധിച്ച് അടിയന്തിര മെഡിക്കൽ റിപ്പോർട്ട് ലഭ്യമാക്കാൻ കാസർകോട് ജില്ലാ കളക്ടർ കെ ഇമ്പശേഖരൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എ വി രാംദാസിനോട് ആവശ്യപ്പെടുകയായിരുന്നു. പടന്ന കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ സഹദ്ബിൻ ഉസ്മാൻ സിയയുടെ വീട് സന്ദർശിച്ച് മെഡിക്കൽ റിപ്പോർട്ട് തയ്യാറാക്കി സമയബന്ധിതമായി ജില്ലാ കളക്ടർക്ക് കൈമാറിയതോടെ സിയയുടെ സ്വപനങ്ങൾക്ക് ജീവൻ ലഭ്യമായി.
മത്സര സമയം അരമണിക്കൂർ ആയിരുന്നു. വിധികർത്താക്കൾ തൃശ്ശൂരു നിന്നും തത്സമയ പരിശോധന നടത്തി. മത്സര പ്രമേയം ‘ പുസ്തക വിൽപ്പന ‘ എന്നതായിരുന്നു. സിയ തന്റെ രചന മുപ്പത് മിനിറ്റിനുള്ളിൽ പൂർത്തീകരിച്ചു. ‘ ഞാൻ ഏറ്റവും നന്നായി വരച്ചു. പങ്കെടുക്കാനായതിൽ ഏറെ ആഹ് ളാദിക്കുന്നു ‘ എന്നാണ് സിയ പ്രതികരിച്ചത്. സിയയുടെ അമ്മ സാറു ഐ കെ ക്ക് അവസാന നിമിഷം വരെയും പദ്ധതികൾ ഫലവത്താകുമോ എന്നുറപ്പുണ്ടായിരുന്നില്ല, മകളുടെ അനുഭവം കുടുംബത്തെ മാത്രമല്ല നാടിനെ ഒന്നാകെ സന്തോഷത്തിലേക്ക് കൈപിടിച്ചിരിക്കുന്നു. പോസ്റ്റർ ഡിസൈനിങ്ങ് എന്നതുപോലെ സിയയുടെ മെഹന്ദി രൂപരേഖകളും ചിത്രണവും ഇതിനോടകം തന്നെ സവിശേഷ ശ്രദ്ധയാകർശിച്ചിട്ടുണ്ട്.’കലാമേളകളിൽ പങ്കെടുക്കുക എന്നതാണ് പ്രധാനം. സമ്മാനം കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്യാം. പങ്കെടുക്കാൻ കഴിയുന്നു എന്നതിലാണ് സന്തോഷിക്കേണ്ടത്. അതിന്റെ ഭംഗിയെ മത്സരബുദ്ധി കെടുത്താതെ നോക്കണം ‘.കലയുടെ ധർമ്മം, ലക്ഷ്യം എന്നിവകളെ സംബന്ധിച്ച ഉദാഹരണങ്ങളിലൂന്നിയ മുഖ്യമന്ത്രിയുടെ ഉദ്‌ഘാടന പ്രസംഗം പ്രധാനമായും ഊന്നൽ നൽകുന്നത് പങ്കാളിത്തത്തിന്റെ പ്രാധാന്യം സംബന്ധിച്ചാണ്. സ്ക്കൂൾ കലോത്സവത്തിലെ സിയയുടെ പങ്കാളിത്തത്തോടെ ഭിന്നശേഷിത സമൂഹത്തെ അടക്കം സവിശേഷ സാഹചര്യങ്ങളിൽ ഏതുവിധേയനെയാണ് നവകേരളം ഉൾക്കൊള്ളുന്നതെന്ന സോദ്ദാഹരണ മാതൃകയാകുന്നു.
‘ശരീരം കാർന്നുതിന്നുന്ന വേദനയിലും കലോത്സവത്തിൽ പങ്കെടുക്കണമെന്ന സിയയുടെ ആഗ്രഹം കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്നും സിയയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ മാനുഷിക പരിഗണന നൽകി പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നുവെന്നു’ മുള്ള പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ മാനവികതാമൂല്യങ്ങളിലൂന്നിയുള്ള സാംസ്കാരിക രാഷ്ട്രീയ നിലപാട്
ഭിന്നശേഷിത കലാസമൂഹത്തിന്റെ തുടർ സ്വപ്നങ്ങൾക്കും ചിന്തകൾക്കും അർത്ഥപൂർണ്ണമായ പിന്തുണയാകുന്നു.
Also read; ‘കേരളത്തിൽ വനിതകൾക്ക് മാത്രമായി വ്യാവസായ പാർക്ക് ആരംഭിക്കും’: മന്ത്രി പി. രാജീവ്
സിയാ ഫാത്തിമക്ക് അഭിനന്ദനങ്ങൾ..
അസാധാരണ സാഹചര്യങ്ങളിൽ ഉചിതമായ തീരുമാനങ്ങളിലൂടെ കേരളീയ വിദ്യാർത്ഥി സമൂഹത്തിന് ഉറച്ച പിന്തുണയാകുന്ന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്കും വകുപ്പിനും അഭിവാദനങ്ങൾ. ഓരോരുത്തർക്കും എല്ലായിടങ്ങളിലും ഒരുപോലെ വികസനവും ക്ഷേമവും സാധിതപ്രായമാക്കുന്ന വിവേചനങ്ങളും വെറുപ്പുമില്ലാത്ത നവകേരളത്തെ സാക്ഷാത്ക്കരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ബിഗ് സല്യൂട്ട്.ഏകാന്തതകളെ കല അതിജീവിക്കുന്നത് ഇങ്ങനെയുമാണ് ..
ചെറിയൊരു മൂളൽ കൊണ്ടുപോലും സമാനാവസ്ഥകൾ ആശയവിനിമയം ചെയ്യാനാകാത്ത മുറികൾക്കുള്ളിൽ തളയ്ക്കപ്പെട്ട നിരവധി പ്രതിഭകളുണ്ട്. അവരിലേക്കു തുറക്കുന്ന വാതിൽ കൂടിയാണ് സിയാ ഫാത്തിമ. ചരിത്രം നിർമ്മിക്കാനുള്ളതാണ്. തുല്യതക്കും സാമാന്യ നീതിക്കും വേണ്ടി .

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


