ലഹരിയ്‌ക്കെതിരെ യുവ കേരളത്തിന്റെ പോരാട്ടം; ആസിഫ് അലി ഗുഡ്‌വില്‍ അംബാസഡര്‍

കേരളത്തില്‍ പിടിമുറുക്കുന്ന ലഹരിയുടെ വലയത്തില്‍ നിന്ന് യുവതലമുറയെ മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലഹരിവിരുദ്ധ പ്രചാരണത്തിന്റെ അഞ്ചാം ഘട്ട പരിപാടികള്‍ക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി, ഡി-പോള്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റിന്റെ ഡി-സ്റ്റാര്‍ട്ട് ഡി-പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോളേജിന്റെ നേതൃത്വത്തില്‍ ഒരുവര്‍ഷം നീളുന്ന വിപുലമായ ലഹരിവിരുദ്ധ ക്യാമ്പയിന്‍ ആരംഭിച്ചു. സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ വിമുക്തി’യും ഉന്നത വിദ്യാഭ്യാസ വകുപ്പും ഈ മഹത്തായ പദ്ധതിക്ക് സഹകരണം നല്‍കുന്നുണ്ട്. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ പരിപാടി പ്രഖ്യാപിച്ചത്.


യുവതലമുറയുടെ പ്രിയതാരം ആസിഫ് അലി ക്യാമ്പയിന്റെ ഗുഡ്‌വില്‍ അംബാസഡറാകും. ആസിഫ് അലിയോടൊപ്പം മറ്റ് ചലച്ചിത്ര പ്രവര്‍ത്തകരും സംഗീത സംവിധായകരും സാമൂഹിക മാധ്യമങ്ങളില്‍ ഏറെ സ്വാധീനമുള്ള ഇന്‍ഫ്‌ലുവന്‍സേഴ്സും ഈ ഉദ്യമത്തില്‍ പങ്കുചേരും. ഡി-പോള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ജോണ്‍ മംഗലത്ത് ഡയറക്ടറായും, പ്രശസ്ത ചലച്ചിത്ര-പരസ്യചിത്ര സംവിധായകന്‍ സനില്‍ കളത്തില്‍ ക്രിയേറ്റീവ് പ്രോജക്ട് ഡയറക്ടറായും ഈ ക്യാമ്പയിനിന് നേതൃത്വം നല്‍കും. പ്രമുഖ മാനേജ്‌മെന്റ് വിദഗ്ധന്‍ ടോമി ജോസഫാണ് പ്രോജക്ട് കണ്‍സള്‍ട്ടന്റ്

ലഹരിയുടെ കണക്കുകള്‍ ഞെട്ടിക്കുന്നത്

ലഹരി കടത്തും ഉപയോഗവും കേരളത്തില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ശക്തമായ ഇടപെടല്‍. ഈ പശ്ചാത്തലത്തില്‍ യുവജനതയെ സ്വാധീനിക്കുന്ന ഈ ചീത്ത ശീലത്തെ ഇല്ലാതാക്കുക എന്നത് സമൂഹത്തിന്റെ അടിയന്തര ആവശ്യമായി മാറിയിരിക്കുകയാണ്.


ക്യാമ്പസുകളില്‍ ലഹരിക്കെതിരായ സന്ദേശം

ക്യാമ്പസിന്റെ പശ്ചാത്തലത്തില്‍ ആസിഫ് അലി പ്രധാന കഥാപാത്രമായ ലഹരിവിരുദ്ധ പരസ്യചിത്രം കേരളത്തിലെ എല്ലാ ക്യാമ്പസുകളിലും ഒരേ ദിവസം പ്രദര്‍ശിപ്പിക്കും. ഇതിനൊപ്പം, ലഹരിക്കെതിരെ ജനങ്ങളെ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ ‘ഒപ്പുണ്ട്, ഒപ്പമുണ്ട്’ എന്ന പേരില്‍ കേരളത്തിലെ ഏറ്റവും വലിയ ഒപ്പുശേഖരണ പരിപാടിക്കും തുടക്കം കുറിക്കും.

തുടര്‍ന്ന്, എല്ലാ ക്യാമ്പസുകളിലും എക്‌സൈസ് വകുപ്പിന്റെ വിമുക്തിയുടെ നേതൃത്വത്തില്‍ ലഹരി വിമുക്ത പരിപാടികള്‍ സംഘടിപ്പിക്കും. യുവജനങ്ങള്‍ക്ക് ലഹരിയുടെ വിപത്തുകള്‍ സ്വയം മനസ്സിലാക്കാന്‍ സഹായിക്കുന്നതിനായി മ്യൂസിക് ബാന്‍ഡ് മത്സരം, ഫ്‌ലാഷ് മോബ് മത്സരം, റീല്‍സ് മത്സരം, ഗ്രാഫിറ്റി വാള്‍ കോമ്പറ്റീഷന്‍ തുടങ്ങിയവയും വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്നുണ്ട്.
ലഹരി വിമുക്ത ആശയങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും റോഡ് ഷോ ഉണ്ടാകും. ഈ റോഡ് ഷോയുടെ ഭാഗമായി, ‘ഒപ്പുണ്ട്, ഒപ്പമുണ്ട്’ ക്യാമ്പയിന്റെ ഭാഗമാകാന്‍ ഡിജിറ്റല്‍ വാളില്‍ ഒപ്പ് രേഖപ്പെടുത്താനുള്ള സൗകര്യവും ഒരുക്കും.

സമാപനം കൊച്ചിയില്‍: ജീവിതം ഒരു ലഹരി

ക്യാമ്പയിന്റെ സമാപനം കൊച്ചിയില്‍ വെച്ചായിരിക്കും നടക്കുക. ‘ലഹരിക്കും അപ്പുറം ജീവിതമാണ് ലഹരി’ എന്ന ആശയം പ്രചരിപ്പിക്കുക എന്നതാണ് സമാപന പരിപാടിയുടെ ലക്ഷ്യം. സാഹിത്യം, സിനിമ, കായികം, സംഗീതം തുടങ്ങിയ വിവിധ തുറകളില്‍ സ്വപ്നങ്ങളെ ലഹരിയാക്കി പ്രവര്‍ത്തിച്ച് മികവ് തെളിയിച്ച പ്രമുഖര്‍ സമാപന പരിപാടിയില്‍ പങ്കെടുക്കുകയും യുവതലമുറയുമായി സംവദിക്കുകയും ചെയ്യും. മത്സരങ്ങളില്‍ വിജയിച്ചവരുടെ സംഗീത പരിപാടികളും സമ്മാനദാനവും ഈ വേദിയില്‍ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News