പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡനം: പ്രതിയെ എറണാകുളത്തുനിന്നും പിടികൂടി

പ്രണയം നടിച്ച് പാതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പലതവണ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ എറണാകുളത്തുനിന്നും പിടികൂടി. പന്തളം പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി പന്തളം ഉളനാട് ചിറക്കരോട്ടു വീട്ടിൽ അനന്തു അനിൽ ( 22)വിനെ എറണാകുളത്ത് ഒളിവിൽ കഴിയവേ ഇന്നലെ വൈകിട്ടാണ് പിടികൂടിയത്. ഫോണിലൂടെ ബന്ധം സ്ഥാപിച്ച്, രണ്ടുവർഷമായി പരിചയത്തിലായിരുന്ന പെൺകുട്ടിയെ, പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പ്രലോഭിപ്പിച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും യുവാവ് ബലാൽസംഗം ചെയ്യുകയായിരുന്നു. കഴിഞ്ഞവർഷം ഡിസംബറിൽ ബൈക്കിൽ അടൂരിലെ ഒരു ലോഡ്ജിൽ എത്തിച്ച് അവിടെവച്ചും, തുടർന്ന് വിവിധയിടങ്ങളിലെത്തിച്ച് പലദിവസങ്ങളിലും ലൈംഗികപീഡനത്തിന് വിധേയയാക്കിയ പ്രതിയെ, ഫോണിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ ഊർജ്ജിത അന്വേഷണത്തിനൊടുവിൽ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നും പിടികൂടുകയായിരുന്നു. ഈവർഷം പഴകുളത്തെ ഒരു വീട്ടിലെത്തിച്ചും പിന്നീട് പ്രതിയുടെ വീട്ടിൽ വച്ചും പലദിവസങ്ങളിലായി പലതവണ ലൈംഗികപീഡനത്തിന് വിധേയയാക്കി. പീഡനവിവരം പുറത്തുപറഞ്ഞാൽ ജീവിക്കാൻ അനുവദിക്കില്ലെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.

also read :പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു

പീഡനവിവരം കുട്ടി അമ്മയെ അറിയിച്ചതിനെതുടർന്ന് വെള്ളിയാഴ്ചയാണ് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തത്. വൈദ്യപരിശോധന നടത്തി തെളിവുകൾ ശേഖരിക്കുകയും, ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് റിപ്പോർട്ട്‌ നൽകുകയും ചെയ്തു. കുട്ടിയുടെ മൊഴി കോടതി രേഖപ്പെടുത്തി. സംഭവത്തിന്‌ ശേഷം ഒളിവിൽ പോയ യുവാവിനെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് കണ്ടെത്തിയത്. അടൂർ ഡി വൈ എസ് പി ആർ ജയരാജിന്റെ നിർദേശപ്രകാരം, പന്തളം പൊലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിൽ നടത്തിയ ശ്രമകരവും സാഹസികവുമായ നീക്കത്തിൽ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നും ഇന്നലെ വൈകിട്ട് പിടികൂടുകയാണുണ്ടായത്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധനക്കയച്ചു.

also read :ഏഷ്യാ കപ്പ് കിരീടം ഇന്ത്യക്ക്, പത്ത് വിക്കറ്റിന്‍റെ അനായാസ ജയം
കഴിഞ്ഞവർഷം പന്തളം പൊലീസ് രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിൽ പ്രതിയാണ് അനന്തു. മുമ്പ് ഇതേ പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയതിന് ഇയാൾക്കെതിരെ പന്തളം സ്റ്റേഷനിൽ പോക്സോ കേസ് നിലവിലുണ്ട്. കുട്ടിയെ അന്യായതടങ്കലിൽ പാർപ്പിച്ച് പീഡിപ്പിച്ചതായി അന്വേഷണത്തിൽ വ്യക്തമായി. ഇയാളുടെയും പെൺകുട്ടിയുടെയും മൊബൈൽ ഫോണുകളുടെ വിളിയുടെ വിവരങ്ങൾ ലഭ്യമാകുന്നതിന് ജില്ലാ പൊലീസ് സൈബർ സെല്ലിന്റെ സേവനം തേടിയിട്ടുണ്ട്. എസ് ഐ അനിൽകുമാർ, എ എസ് ഐ മഞ്ചുമോൾ, സി പി ഓമാരായ അൻവർഷാ, അമീഷ്, നാദിർഷാ, രഞ്ജിത്ത് എന്നിവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News