
വീണ്ടും പാമ്പിനെ പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥ റോഷ്‌നി. തിരുവനന്തപുരത്ത് പേപ്പാറയിലെ അഞ്ചുമരുതുമൂട്ടിലെ ജനവാസ കേന്ദ്രത്തില്‍ നിന്ന് രാജവെമ്പാലയെയാണ് റോഷ്‌നി പിടികൂടിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. സമീപത്തെ തോട്ടിന്റെ കരയിൽ നിന്നുമാണ് രാജവെമ്പാലയെ പിടികൂടിയത്. പാമ്പിനെ പിടികൂടുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
Also read: ഈ ജില്ലക്കാരുടെ ശ്രദ്ധയ്ക്ക്! വരും മണിക്കൂറുകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
തോട്ടിൽ കുളിക്കാൻ വന്ന പ്രദേശവാസികളാണ് തോട്ടിൻ കരയിലെ പാറയിൽ പാമ്പിനെ കാണുന്നത്, തുടർന്ന് വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ഏതാണ്ട് പതിനെട്ടടിയോളം വരുന്ന രാജവെമ്പാലയെയാണ് ഇന്നലെ പിടികൂടിയത്. അടുത്തിടെ എങ്ങും പ്രദേശത്ത് രാജവെമ്പാലയെ കണ്ടിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
നാട്ടുകാര്‍ വനം വകുപ്പിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പരുത്തിപ്പള്ളി റേഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ റോഷ്‌നി, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പ്രദീപ്കുമാര്‍ ഉള്‍പ്പടെയുള്ളവരുടെ സംഘം സ്ഥലത്തെത്തി രാജവെമ്പാലയെ പിടികൂടുകയായിരുന്നു. ഏതാണ്ട് ആറ് മിനിറ്റോളം എടുത്താണ് പാമ്പിനെ പിടികൂടിയത്. ഇതിനകം അഞ്ഞൂറില്‍പരം പാമ്പുകളെ പിടികൂടിയിട്ടുണ്ടെങ്കിലും രാജവെമ്പാലയെ പിടികൂടുന്നത് ഇത് ആദ്യമായാണെന്ന് റോഷ്‌നി പറഞ്ഞു. പിടികൂടാന്‍ ശ്രമിച്ചതോടെ ഇത് വെള്ളത്തിലേക്ക് ഇറങ്ങിയത് അല്‍പം ബുദ്ധിമുട്ടുണ്ടാക്കി. നീളം കൂടുതലായിരുന്നെങ്കിലും പെട്ടെന്ന് തന്നെ വരുതിയിലാക്കാനായെന്നും റോഷ്‌നി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

