
ബോളിവുഡിനെയും ദക്ഷിണേന്ത്യൻ സിനിമയെയും കുറിച്ചുള്ള ചർച്ചകളെക്കുറിച്ച് ചലച്ചിത്ര നിർമ്മാതാവ് കിരൺ റാവു സംസാരിച്ചതാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് രണ്ട് ചലച്ചിത്ര മേഖലകളും തമ്മിലുള്ള പ്രകടമായ വ്യത്യാസങ്ങൾ അവർ പരാമർശിച്ചത്. അതിന് ഉദാഹരണമായി എടുത്ത് പ്രശംസിച്ചത് മമ്മൂട്ടി നായകനായ ഭ്രമയുഗമാണ്. മലയാള സിനിമാ വ്യവസായം പോലുള്ള വ്യവസായങ്ങൾ അവരുടെ സർഗ്ഗാത്മകതയും സിനിമകളും ഉപയോഗിച്ച് റിസ്ക് എടുക്കാൻ തയ്യാറാണെന്ന് അവർ ചൂണ്ടിക്കാട്ടി.
താൻ ധാരാളം മലയാള സിനിമകൾ കാണാറുണ്ടെന്നും സിനിമകൾക്കായി അവർ തിരഞ്ഞെടുക്കുന്ന കഥകൾ വളരെ ബോൾഡായി തോന്നുന്നത് എങ്ങനെയെന്നത് തന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും കിരൺ റാവു പറഞ്ഞു.
ALSO READ: ‘ലൂസിഫര്‍ സിനിമയിലേക്ക് ഞാന്‍ എത്തിയത് അദ്ദേഹത്തിന്‍റെ ആ ഒരു ചോദ്യം കാരണം’: പൃഥ്വിരാജ് സുകുമാരന്‍
“മമ്മൂട്ടി നായകനായ ഭ്രമയുഗം എന്ന ചിത്രം കണ്ടിരുന്നു. കേരളത്തിലെ ഐതിഹ്യങ്ങളും നാടോടിക്കഥകളും ഉപയോഗിച്ച് അവിശ്വസനീയമാംവിധം കലാപാരമായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. വളരെ വ്യത്യസ്തമായ ആശയമാണിത്. വ്യത്യസ്തമായ കഥകൾ പറയുന്നതിൽ അവർക്ക് ഒരുതരം ബോധ്യമുണ്ട്. അതാണ് മലയാള സിനിമയെ വലിയ സ്ഥാനത്ത് നിർത്തുന്നതെന്ന് ഞാൻ കരുതുന്നു എന്നും കിരൺ റാവു പറയുന്നു.
ചെറിയ വ്യവസായ മേഖലയാണെങ്കിലും ദക്ഷിണേന്ത്യൻ സിനിമയിലെ നിർമാതാക്കൾ ഭാഗ്യം പരീക്ഷിക്കാൻ തയ്യാറുള്ളവരാണ്. അവർക്ക് സ്വന്തം പ്രേക്ഷകരെ അറിയാം. സ്വന്തം സംസ്കാരം, ഭാഷ, സമൂഹം എന്നിവയെ മാത്രം പരിപാലിക്കുന്ന ചെറിയ വ്യവസായ മേഖലയാണ് എന്ന വസ്തുതയിൽനിന്നാണ് അവർക്കീ ധൈര്യം കിട്ടുന്നത്. നിർമ്മാതാക്കൾ അവരുടെ പ്രേക്ഷകരുമായി വളരെയധികം സമ്പർക്കം പുലർത്തുന്നു, നിർമാതാക്കൾ പ്രേക്ഷകരെ നന്നായി മനസ്സിലാക്കുന്നു എന്നതാണ് അവിശ്വസനീയമായ കാര്യമെന്നും കിരൺ റാവു വ്യക്തമാക്കി.
ബോളിവുഡിന്റെ സമീപനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, ഹിന്ദി സിനിമ വളരെ വലിയ തോതിൽ പ്രവർത്തിക്കുന്നുവെന്നും, ചലച്ചിത്ര നിർമ്മാതാക്കൾ കൂടുതൽ വൈവിധ്യമാർന്ന പ്രേക്ഷകരെ പരിഗണിക്കേണ്ടതുണ്ടെന്നും റാവു പറഞ്ഞു.
മികച്ച വിദേശ ഭാഷാ ചിത്ര വിഭാഗത്തിൽ അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ലഗാൻ (2001) എന്ന പ്രശംസ നേടിയ ചിത്രത്തിലെ അസിസ്റ്റന്റ് ഡയറക്ടറായാണ് കിരൺ റാവു സിനിമയിൽ തന്റെ യാത്ര ആരംഭിച്ചത്. അവരുടെ ഏറ്റവും പുതിയ ചിത്രമായ ‘ ലാപതാ ലേഡീസ് ‘ 97-ാമത് അക്കാദമി അവാർഡുകളിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ വിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here