വീണ്ടും രാജ്യതലസ്ഥാനത്ത് മഹാറാലിക്കൊരുങ്ങി കര്‍ഷകര്‍

ദില്ലിയില്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ മഹാ പഞ്ചായത്തിനു ശേഷം വീണ്ടും രാജ്യതലസ്ഥാനത്ത് മഹാറാലിക്കായി ഒരുങ്ങുകയാണ് കര്‍ഷകര്‍. മസ്ദൂര്‍ – കിസാന്‍ സംഘര്‍ഷ് എന്ന പേരില്‍ ഏപ്രില്‍ അഞ്ചിന് റാലി സംഘടിപ്പിക്കും. രാജ്യത്തിന്റെ പല ഭാഗത്തുനിന്നുള്ള ഒരു ലക്ഷത്തില്‍പ്പരം കര്‍ഷകര്‍ ആയിരിക്കും റാലിയില്‍ പങ്കെടുക്കുക.

സിഐടിയു, എഐകെഎസ്, എഐഎഡ്ബ്ല്യൂയു, എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് റാലി. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ഒരു ലക്ഷത്തില്‍പ്പരം വരുന്ന കര്‍ഷകര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും റാലിയില്‍ അണിചേരും.രാജ്യത്തെ ഭരണ സിരാ കേന്ദ്രങ്ങളെ സ്തംഭിപ്പിച്ച കര്‍ഷക സമരം അവസാനിച്ചിട്ട് നാളിതുവരെയായിട്ടും കേന്ദ്ര സര്‍ക്കാര്‍ എഴുതി നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നു പോലും പാലിച്ചിട്ടില്ല.

വാഗ്ദാനങ്ങള്‍ പാലിക്കും വരെയും സമര മുഖവുമായി മുന്നോട്ട് പോകാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. അടിസ്ഥാന വേതനം 26,000 രൂപയാകുക, ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കുക, വൈദ്യുത ബില്‍ പിന്‍വലിക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഏപ്രില്‍ അഞ്ചിലെ മഹാറാലി.

കേന്ദ്ര സര്‍ക്കാരിന്റെ നിയോ ലിബറല്‍ നയം മൂലം രാജ്യത്ത് മൂന്നു ലക്ഷത്തില്‍ പരം കര്‍ഷകരാണ് ആത്മഹത്യ ചെയ്തതെന്നും കര്‍ഷക സംഘടന നേതാക്കള്‍ ആരോപിച്ചു. ഒരു ലക്ഷത്തില്‍ പരം കര്‍ഷകരെ അണിനിരത്തി ദില്ലി രാമലീല മൈതാനത്തില്‍ നിന്നും പാര്‍ലമെന്റിലേക്കാണ് റാലി സംഘടിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News