
ബജറ്റിൽ കേരളത്തെ കേന്ദ്രം തഴഞ്ഞതിൽ സുരേഷ് ഗോപിയെ പരിഹാസ രൂപേണ വിമർശിച്ച് പ്രമുഖ മാധ്യമ പ്രവർത്തകൻ കെജെ ജേക്കബ്. ബജറ്റിൽ ബിഹാർ പോലെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ മാത്രമായിരുന്നു കേന്ദ്രസർക്കാർ പരിഗണിച്ചത്. കേരളത്തിന്‍റെ പേര് പോലും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പരാമർശിച്ചില്ല. കേരളത്തിന് മാത്രമല്ല, തെക്കൻ സംസ്ഥാനങ്ങളിൽ പലതിനെയും ബജറ്റ് അവഗണിച്ചു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തെയും സുരേഷ് ഗോപിയെയും ഒരേ പോലെ പരിഹസിച്ചു കൊണ്ട് കെ ജെ ജേക്കബ് ഫേസ്ബുക്കിൽ കുറിച്ചത്.
കേന്ദ്രത്തിന് ആകെ അറിയാവുന്ന കേരളത്തിന്‍റെ പ്രതിനിധി സുരേഷ് ഗോപിയാണെന്നും, പിന്നെ എങ്ങനെയാണ് നമുക്ക് എന്തെങ്കിലും അനുവദിച്ചു കിട്ടുക എന്നും അദ്ദേഹം ചോദിച്ചു. സുരേഷ് ഗോപി ഇന്ന് നടത്തിയ വംശീയ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ കൂടിയിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
നേട്ടങ്ങളുടെ പേരിൽ കേരളത്തെ ശിക്ഷിക്കുന്നു: പിണറായി വിജയൻ.
തമിഴ്‌നാട് എന്ന പേരുപോലും ബജറ്റിലെങ്ങും ഇല്ല: എം കെ സ്റ്റാലിൻ.
കർണ്ണാടകയ്ക്കു കിട്ടിയത് ഓട്ടപ്പാത്രം: സിദ്ധരാമയ്യ
തെലങ്കാനയോട് കാണിച്ചത് ചതി: രേവന്ത് റെഡ്ഢി
മുഖ്യമന്ത്രിമാരാണ്!
എങ്ങിനെ വന്നു? എന്താണ് സംഭവിച്ചത്?
ആ കഥ പറയാം.
***
അങ്ങിനെ സംസ്‌ഥാനങ്ങൾക്കു പദ്ധതികൾ അനുവദിക്കുന്ന ഘട്ടമെത്തി.
സംസ്‌ഥാനങ്ങൾ കൊടുത്തു\വിട്ട ലിസ്റ്റുകൾ മേശപ്പുറത്തു അടുക്കി വച്ചിട്ടുണ്ട്. ആന്ധ്രയുടെയും ബിഹാറിന്റെയുമൊഴികെ. അത് നേരിട്ട് അവിടെനിന്നും വരും. ബാക്കിയുള്ളവയാണ് മേശപ്പുറത്ത്.
മന്ത്രിജി കടലാസുകെട്ട് അടുത്തേക്ക് നീക്കിവച്ചു.
തെക്കുനിന്നു തുടങ്ങാം.
ശ്യാമസുന്ദര ഖേരഖേദാര ഖേരളം.
സമ്പൂർണ്ണ സാക്ഷരതയുള്ള നാട്. അവർക്കാവട്ടെ ആദ്യത്തെ പദ്ധതി.
കേരളത്തിൽനിന്ന് ആരെയാണ് ഓർമ്മവരുന്നത്?
ആരുമില്ല. പാർട്ടിയിൽ പരിചയമുള്ളവർ? ആരുമില്ല.
ആഴ്ചതോറും കൂടുന്ന മന്ത്രിസഭാ യോഗത്തിൽ ഒപ്പമിരിക്കുന്ന ആരെങ്കിലും? ആരുമില്ല
പാർലമെന്റിൽ ആരെങ്കിലും? ഓർമ്മവരുന്നില്ല. രാജ്യസസഭയിൽ ആ ബ്രിട്ടാസുള്ള ദിവസം ആ വഴി പോകാറുപോലുമില്ല.
ഒരു മുഖം പോലും എവിടെയും ഓർമ്മ വരുന്നില്ല.
ശ്ശേ അങ്ങിനെ വരുമോ…
ഒന്നൂടെ ഓർത്തുനോക്കി.
ങാ..ഇപ്പോൾ ഓർമ്മവന്നു.
ജി കൊല്ലത്തിലൊരിക്കൽ നടത്തുന്ന ടീ പാർട്ടിയിൽ വരുന്ന രണ്ടുപേർ. മുഴുവൻ മന്ത്രിസഭായോഗം എന്നാണ് പേര്. ജിയുടെ ക്ലാസുണ്ടാകും, പിന്നെ ചായകുടി, ഫോട്ടോയെടുപ്പ്. അതാണ് അജണ്ട. അതുകൊണ്ടു മുഖങ്ങളൊന്നും അത്ര പരിചയമില്ല,.
ഈ രണ്ടു മുഖങ്ങൾ…
മന്ത്രിജിയുടെ മുഖമിരുണ്ടു.
വാ പൊളിച്ചാൽ വിവരക്കേടും തോന്ന്യാസവും പറയാൻ സ്‌പെഷലൈസ് ചെയ്ത രണ്ടെണ്ണം.
സമ്പൂർണ്ണ ചാച്ചരത. ബന്ദർ ക ബച്ചാ..ഉന്നതകുലജാതൻസ്.
ക്രാ… ത്ഫൂ…
ആദ്യം വെളിവുള്ള ആരെയെങ്കിലും ഓർമ്മവരട്ടെ. എന്നിട്ടാകാം പദ്ധതി.
അനന്തരം,
മന്ത്രിജി കേരളത്തിന്റെ ലിസ്റ്റെടുത്ത് ആഞ്ഞുവെട്ടി.
കേരളത്തോടുള്ള പകയിൽ തമിഴ്നാടിന്റെ ലിസ്റ്റും വെട്ടി.
അതുകൊണ്ടരിശം തീരാഞ് കർണ്ണാടകയുടെയും തെലങ്കാനയുടെയും ലിസ്റ്റുകളും വെട്ടി.
മൊത്തം ഖുദാ ഹവാ.
***
അതാണ് സംഭവിച്ചത്.
സമ്പൂർണ്ണ സാക്ഷരത എന്നുപറഞ്ഞിരുന്നിട്ടു കാര്യമൊന്നുമില്ല എന്നിപ്പോ മനസിലായില്ലേ?

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

