‘ജനാധിപത്യം ബാക്കിയുണ്ടെങ്കിലേ നമുക്കിവിടെ ജീവിക്കാൻ പറ്റൂ’: ഇഡിക്കും കേന്ദ്രത്തിനും വിമർശനവുമായി കെ ജെ ജേക്കബ്

ഇഡിക്കും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷ വിമർശനമുയർത്തി മുതിർന്ന മാധ്യമപ്രവർത്തകൻ കെ ജെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദില്ലി മദ്യനയ അഴിമതി കേസിൽ എത്രപേരെ അറസ്റ്റ് ചെയ്തിട്ടും ഒടുവിൽ ഇഡിക്ക് തൊവി സമ്മതിക്കേണ്ടി വന്നെന്നും അതിനുള്ള ഉദാഹരണമാണ് സഞ്ജയ് സിങിന്റെ ജാമ്യമെന്നും വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. ഇഡി കേന്ദ്രത്തിന്റെ കൊട്ടേഷൻ സംഘമാണെന്നും അദ്ദേഹം വിമർശിക്കുന്നു.

Also Read: ഇസ്രയേലിന്റെ അരുംകൊല; ഭക്ഷ്യവസ്തുക്കളിറക്കാതെ മടങ്ങി ഗാസയിലെത്തിയ സഹായക്കപ്പൽ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇന്ന് കൊട്ടേഷൻ സംഘം സുപ്രീം കോടതിയിൽ തുണിയുരിഞ്ഞു നിന്നു.
രണ്ടു കൊല്ലമായി ഈ സംഘം അന്വേഷിക്കുന്ന കേസാണ് ദൽഹി മദ്യനയക്കേസ്. ഒരു മുഖ്യമന്ത്രി, ഒരു ഉപമുഖ്യമന്ത്രി, ഒരു മന്ത്രി, എത്രയോ എം എൽ എ-എം പി മാർ ഒക്കെ ജയിലിലാണ്.
എത്രയോ കാലമായി!
ആറുമാസമായി ജയിലിലാണ് ആം ആദ്മി പാർട്ടിയുടെ രാജ്യസഭംഗമായ സഞ്ജയ് സിങ്. സിങ് രണ്ടു കോടി രൂപ കൈപ്പറ്റിയെന്നാണ് ഈ ഡി കേസ്. ദിനേശ് അറോറ എന്ന മാപ്പുസാക്ഷിയുടെ മൊഴിയാണ് സിംഗിനെതിരെയുള്ളത്.
ഇന്ന് ജാമ്യാപേക്ഷ കോടതിയിൽ വന്നു.
ജസ്റ്റിസ് സഞ്ജിവ് ഖന്ന പറഞ്ഞതായി ലൈവ് ലോ റിപ്പോർട്ട് ചെയ്യുന്നത്:
“നിങ്ങൾ ആറുമാസം അദ്ദേഹത്തെ കസ്റ്റഡിയിൽ വെച്ചു. ദിനേഷ് അറോറ ആദ്യം അദ്ദേഹത്തിനെതിരെ ഒന്നും പറഞ്ഞില്ല. പിന്നെ ഒരു മൊഴിയിൽ പറഞ്ഞു. പണമൊന്നും ഇതുവരെ കണ്ടെടുത്തിട്ടില്ല; പണത്തിന്റെ വഴി കണ്ടെത്താനായില്ല; കാരണം ഇത് കുറേക്കാലം മുൻപ് നടന്നതാണ്.
“വസ്തുതയെന്തെന്നാൽ, പണം കണ്ടെടുത്തിട്ടില്ല. ഒരു കാര്യം ഓർക്കണം:
ചാർത്തപ്പെട്ടിരിക്കുന്ന കുറ്റം പ്രഥമദൃഷ്ട്യാ അദ്ദേഹം ചെയ്തിട്ടില്ല എന്ന് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ സെക്ഷൻ 45 പ്രകാരം ഞങ്ങൾക്ക് രേഖപ്പെടുത്തേണ്ടിവരും. വിചാരണ നടക്കുമ്പോൾ അതിനു പ്രത്യാഘാതം ഉണ്ടാകും.”
കൊട്ടേഷൻ സംഘം ചെയ്തുവച്ചതു ജഡ്ജിമാർക്ക് നന്നായി മനസിലായി. അതാണ് അവസാനത്തെ ആ വിരട്ടൽ.
അതെന്തിനാണെന്നോ?
സെക്ഷൻ 45 പ്രകാരം ജാമ്യാപേക്ഷ കൊട്ടേഷൻ സംഘത്തിന്റെ അഭിഭാഷകൻ എതിർത്താൽ പിന്നെ ജാമ്യം കൊടുക്കണമെങ്കിൽ ഇയാൾ പ്രഥമദൃഷ്ട്യാ കുറ്റക്കാരനല്ല എന്ന് ജഡ്ജിമാർക്ക് ബോധ്യം വരണം.
ഞങ്ങൾക്കതു ബോധ്യം വന്നു; അതെഴുതിവച്ചാൽ നിന്റെയൊക്കെ കേസ് പപ്പടം പൊടിയുന്നപോലെ പൊടിയും; അത് വേണോ എന്നാണ് ചോദ്യം.
കളി കാര്യമാകുന്നത് കൊട്ടേഷൻ സംഘത്തിന് മനസിലായി. ഉച്ചകഴിഞ്ഞു വന്നപ്പോൾ ജാമ്യം എതിർക്കുന്നില്ല എന്ന് പറഞ്ഞു.
കോടതി ജാമ്യം കൊടുത്തു.

Also Read: കോട്ടയം മണ്ഡലം ഇടത് മുന്നണി സ്ഥാനാർഥി തോമസ് ചാഴിക്കാടൻ ഇന്ന് നാമനിർദേശ പട്ടിക സമർപ്പിക്കും

***
നമ്മളാലോചിക്കേണ്ടത് ഈ കൊട്ടേഷൻ സംഘത്തെ കൊണ്ട് ഈ പണി ചെയ്യിക്കുന്ന മാന്യന്മാരുണ്ട്. ഇവരെക്കൊണ്ട് തന്നെ ഇലക്ടറൽ ബോണ്ടെന്ന ഗുണ്ടാപിരിവു നടത്തി ആയിരക്കണക്കിന് കോടികൾ സമ്പാദിച്ചവന്മാർ.
കൊട്ടേഷൻ സംഘത്തെ വിട്ടു മാപ്പുസാക്ഷികളെയുണ്ടാക്കി രാഷ്ട്രീയ എതിരാളികളെ മാസങ്ങളോളം ജയിലിലിടുന്ന രാഷ്ട്രീയപരിഷകൾ. നീതിന്യായക്കോടതി നിർബന്ധം പിടിച്ചാൽ മാത്രം മനുഷ്യർ ശുദ്ധവായു ശ്വസിക്കുകയും സൂര്യവെളിച്ചം കാണുകയും നാടായി അവർ സ്വതന്ത്ര ഇന്ത്യയെ മാറ്റികൊണ്ടിരിക്കുന്നു.
അവർ നമ്മുടെ നാട്ടിൽ, ഈ കേരളത്തിൽ വരും വോട്ടു ചോദിയ്ക്കാൻ. ഈ തോന്ന്യാസങ്ങൾക്കൊക്കെ മേലെ മൂന്നു കോട്ട് പുട്ടിയിട്ട് വികസനനായകന്മാരായായിരിക്കും വരവ്. ആ പദ്ധതി ഈ പദ്ധതി എന്നൊക്കെ പറയും. കോടികളടെ പത്രാസ് കാട്ടും. മിടുക്കിന്റെ വിലവിവരക്കണക്കെടുത്തു വീശും. ഒരു മാറ്റം വേണ്ടേയെന്നു ചോദിക്കും.
ആ പുളപ്പിൽ വീഴരുത്.
അവർ ഉദ്ദേശിക്കുന്ന മാറ്റം മുകളിൽ വിവരിച്ച ഗുണ്ടായിസത്തിന്റെ, നിയമ വിരുദ്ധതയുടെ, നിയമ നിഷേധത്തിന്റെ ഒക്കെ ലോകത്തേക്കുള്ള പോക്കാണ്. രാഷ്ട്രീയ എതിരാളികളെ മാസങ്ങളും വർഷങ്ങളും ജയിലിൽ അടച്ചിടുന്ന ക്രിമിനൽ രാഷ്ട്രീയത്തിലേക്കുള്ള പകർന്നാട്ടമാണ് അവരുദ്ദേശിക്കുന്ന മാറ്റം.
ജനാധിപത്യം ബാക്കിയുണ്ടെങ്കിലേ നമുക്കിവിടെ ജീവിക്കാൻ പറ്റൂ.
അത് നല്ലപോലെ ഓർക്കണം.
ആ മിടുക്കിന്റെ പിറകിൽ ഒളിച്ചിരിക്കുന്ന അപകടം, ഹുങ്ക്, ഗുണ്ടായിസം തിരിച്ചറിയണം.
ആ പരിപ്പ് കേരളത്തിൽ വേവില്ലെന്നു പറയണം.
Please tell them, your dal won’t cook here.
ഇനിയൊരവസരം ഉണ്ടായില്ലെന്ന് വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News