
ചെല്ലാനം തീരസംരക്ഷണവുമായി ബന്ധപ്പെട്ട് നിയമസഭയിൽ മുഹമ്മദ് ഷിയാസ് എം.എൽ.എ നടത്തിയ പ്രസംഗം വസ്തുതകളെ കബളിപ്പിക്കുന്നതും ജനങ്ങളെ അപമാനിക്കുന്നതുമാണെന്ന് മുൻ എം.എൽ.എ കെ.ജെ. മാക്സി. കേന്ദ്രവും കേരളവും ഷിയാസിന്റെ പാർട്ടി ഭരിച്ചിരുന്ന കാലത്ത് ചെല്ലാനത്തിന് വേണ്ടി പേരിന് പോലും ഒരു ചെറിയ കല്ല് എടുത്തുവയ്ക്കാൻ തയ്യാറായില്ല എന്നും കടലാക്രമണത്തിൽ ജനങ്ങൾ ദുരിതമനുഭവിച്ചപ്പോൾ നോക്കിനിന്നവരാണ് ഇന്ന് ചരിത്രം തിരുത്തിയെഴുതാനും പച്ചക്കള്ളം പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പ് നടത്താനും ഇറങ്ങിയിരിക്കുന്നത് എന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
2017-ൽ ഓഖി ദുരന്തമുണ്ടായപ്പോൾ താനും ജില്ലാ കളക്ടറും സി.പി.ഐ.എം പ്രവർത്തകരും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അന്നത്തെ കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയിലിന്റെ സാന്നിധ്യത്തിൽ കടലാക്രമണത്തിന് ശാശ്വത പരിഹാരം കാണുമെന്ന് ഉറപ്പ് നൽകിയിരുന്നു. യു.ഡി.എഫ് സർക്കാരുകൾ ചെല്ലാനത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്ന് മാക്സി കുറ്റപ്പെടുത്തി. എന്നാൽ എൽ.ഡി.എഫ് സർക്കാർ 314 കോടി രൂപ ചെലവിൽ ഹാർബർ മുതൽ പുത്തൻതോട് വരെ 7.5 കിലോമീറ്റർ ദൈർഘ്യത്തിൽ അത്യാധുനിക കടൽഭിത്തി യാഥാർഥ്യമാക്കി.
പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി 404 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ സാങ്കേതിക അനുമതിക്കായുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇക്കാര്യങ്ങൾ വിവരാവകാശ നിയമപ്രകാരം ആർക്കും പരിശോധിക്കാവുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനവും രണ്ടാം ഘട്ടത്തിന്റെ നിർമ്മാണോദ്ഘാടനവും നിർവ്വഹിച്ചത്. കണ്ണമാലി മുതൽ മാനശ്ശേരി വരെയുള്ള കടൽഭിത്തി നിർമ്മാണത്തിൽ വീഴ്ച വരുത്തിയാൽ കൊച്ചിയിലെ ജനങ്ങൾ വെറുതെ വിടില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്ന പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്ക് ശക്തമായ ജനകീയ മറുപടി ലഭിക്കുമെന്നും കെ.ജെ. മാക്സി പറഞ്ഞു. പ്രവർത്തിച്ചത് ആരാണെന്നും വെറും പ്രസംഗം നടത്തിയത് ആരാണെന്നും ജനങ്ങൾക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോസ്റ്റിന്റെ പൂർണരൂപം
നിയമസഭയിൽ മുഹമ്മദ് ഷിയാസ് എംഎൽഎ നടത്തിയ പ്രസംഗം വസ്തുതകളെ കബളിപ്പിക്കുന്നതും ചെല്ലാനത്തെ ജനങ്ങളെ അപമാനിക്കുന്നതുമാണ്.
2017 ൽ ഞാൻ കൊച്ചി എം എൽ എ യായിരിക്കുന്ന സമയത്താണ് ഓഖി ദുരന്തമുണ്ടായത്. അന്ന് തമിഴ്നാട്ടിലും കേരളത്തിലും നിരവധി മത്സ്യതൊഴിലാളികൾക്ക് ജീവഹാനിയുണ്ടായി. ചെല്ലാനത്ത് നിരവധി വീടുകൾ തകരുകയും വെള്ളം കയറുകയും ചെയ്തു. താനും ജില്ലാ കലക്ടർ ഉൾപെടെയുള്ള ഉദ്യോഗസ്ഥരും സിപിഐഎം പ്രവർത്തകരും ചേർന്ന് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുകയും ദുരിത ബാധിതരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റുകയും അവർക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്ത് നൽകുകയും ചെയ്തു. അന്നത്തെ സിപിഐഎം ജില്ലാ സെക്രട്ടറി പി രാജീവ്, പി എ പീറ്ററും താനും ഉൾപെടെയുള്ളവർ ക്യാംപിൽ എത്തുകയും അന്നത്തെ കൊച്ചി ബിഷപ്പ് ഡോ ജോസഫ് കരിയിൽ,വൈദികർ എന്നിവർ ഉൾപെടെയുള്ളവരുടെ സാന്നിധ്യത്തിൽ കടലാക്രമണത്തിന് പരിഹാരമുണ്ടാക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു.
ഓഖി ദുരന്തത്തിന് ശേഷം ചെല്ലാനം നേരിട്ട ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ മുന്നിട്ടിറങ്ങിയത് എൽഡിഎഫ് സർക്കാരും സിപിഐഎമ്മുമാണ്. അതിന്റെ ഫലമായാണ് 314 കോടി രൂപ ചെലവിൽ ഹാർബർ മുതൽ പുത്തൻതോട് വരെ 7.5 കിലോമീറ്റർ ദൈർഘ്യത്തിൽ അത്യാധുനിക കടൽഭിത്തി യാഥാർഥ്യമായത്.
എന്നാൽ കേന്ദ്രവും കേരളവും ഷിയാസിന്റെ പാർട്ടി ഭരിച്ചിരുന്ന കാലത്ത് ചെല്ലാനത്തിന് വേണ്ടി പേരിന് പോലും ഒരു ചെറിയ കല്ല് എടുത്തുവയ്ക്കാൻ അവർ തയ്യാറായില്ല. കടലാക്രമണത്തിൽ ജനങ്ങൾ ദുരിതമനുഭവിച്ചപ്പോൾ നോക്കിനിന്നവരാണ് ഇന്ന് ചരിത്രം തിരുത്തിയെഴുതാനും പച്ചക്കള്ളം പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പ് നടത്താനും ഇറങ്ങിയിരിക്കുന്നത്.
രണ്ടാം ഘട്ട നിർമാണത്തിന് 404 കോടി അനുവദിക്കുകയും സാങ്കേതിക അനുമതിക്കായി ഫയൽ നീങ്ങുകയും ചെയ്തപ്പോഴാണ് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ ഘട്ടം പൂർത്തിയായ പദ്ധതിയുടെ ഉദ്ഘാടനവും രണ്ടാം ഘട്ടത്തിന്റെ നിർമാണോദ്ഘാടനവും നടത്തുന്നത്.
രണ്ടാംഘട്ട നിർമാണത്തിനായി 404 കോടി രൂപ അനുവദിക്കുകയും സാങ്കേതിക നടപടികൾ മുന്നോട്ട് പോവുകയും ചെയ്തതിന്റെ എല്ലാ രേഖകളും നിലവിലുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങൾ ഏതൊരു സാധാരണ പൗരനും വിവരാവകാശ നിയമപ്രകാരം പരിശോധിച്ച് സത്യം മനസ്സിലാക്കാവുന്നതാണ്.
സ്വന്തം സർക്കാരിന്റെ അനാസ്ഥയും വീഴ്ചയും മറച്ചുവെക്കാൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിലകുറഞ്ഞ രാഷ്ട്രീയ നാടകമാണ് ഇപ്പോൾ നടക്കുന്നത്. ചെല്ലാനത്തിന്റെ വികസനം തടയാനോ പദ്ധതിയെ അട്ടിമറിക്കാനോ ആരെയും അനുവദിക്കില്ല.
കണ്ണമാലി മുതൽ മാനശ്ശേരി വരെയുള്ള കടൽഭിത്തി നിർമാണത്തിൽ വീഴ്ച വരുത്തിയാൽ കൊച്ചിയിലെ ജനങ്ങൾ നിങ്ങളെ വെറുതെ വിടില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്ന ഈ പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്ക് ശക്തമായ ജനകീയ മറുപടി ലഭിക്കുമെന്ന കാര്യം ഓർക്കണം.
ചെല്ലാനത്തിന്റെ ചരിത്രം പച്ചക്കള്ളം പറഞ്ഞ് മായ്ക്കാനാവില്ല. പ്രവർത്തിച്ചത് ആരാണെന്നും വെറും പ്രസംഗം നടത്തിയത് ആരാണെന്നും ജനങ്ങൾക്കറിയാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

