
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വൻ വിജയം നേടുമെന്ന് സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ഇടതുപക്ഷ ഗവൺമെന്റിന് ഭരണത്തുടർച്ച ഉണ്ടായത് സമാനതകളില്ലാത്ത വികസന-ക്ഷേമ പ്രവർത്തനങ്ങൾ നടന്നതുകൊണ്ടാണെന്നും, ജനങ്ങൾ ഇതെല്ലാം വിലയിരുത്തിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ഇപ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി നുണപ്രചരണങ്ങളെയാണ് ആശ്രയിക്കുന്നത്. പ്രതിപക്ഷ നേതാവ് മുതൽ താഴോട്ടുള്ള കോൺഗ്രസ് നേതാക്കൾ ഓരോ ദിവസവും നുണ പറയുന്നതിനു വേണ്ടി പ്രത്യേക ആളുകളെ നിശ്ചയിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ടി കെ ഗോവിന്ദൻ പാർട്ടിയെ വഞ്ചിച്ച് എതിരാളിയുടെ പാളയത്തിൽ ചേർന്നുവെന്നും, അദ്ദേഹത്തിന്റെ നുണപ്രചാരണം മൂലം കോൺഗ്രസ് നേതാക്കൾ തന്നെ ഇപ്പോൾ കുഴപ്പത്തിലായിരിക്കുകയാണെന്നും കെ കെ രാഗേഷ് ചൂണ്ടിക്കാട്ടി. ഇത്തരം പ്രചരണങ്ങൾ കണ്ട് സി പി ഐ എം പിന്നോട്ട് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസിനെതിരെ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങളും രാഗേഷ് ഉന്നയിച്ചു. വയനാടിനു വേണ്ടി പിരിച്ച പണമാണ് കോൺഗ്രസ് ഇപ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഫണ്ട് സ്രോതസ്സെന്ന് അദ്ദേഹം ആരോപിച്ചു. മുൻപ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകേണ്ടതില്ലെന്ന് പറഞ്ഞ വി ഡി സതീശനും കൂട്ടരും ഇപ്പോൾ മലക്കം മറിയുകയാണ്. വ്യാജ ഐഡന്റിറ്റി കാർഡുകൾ നിർമ്മിക്കുന്നതിൽ പരിചയം യൂത്ത് കോൺഗ്രസുകാർക്കാണെന്നും അദ്ദേഹം പരിഹസിച്ചു.
കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ മൂന്ന് വിജിലൻസ് കേസുകൾ ഉണ്ടെന്ന് പറഞ്ഞ രാഗേഷ്, ഇരവാദം ഉയർത്തി വോട്ട് നേടാനുള്ള യുഡിഎഫ് ശ്രമം വിജയിക്കില്ലെന്നും കൂട്ടിച്ചേർത്തു. പേരാവൂർ മണ്ഡലം പിടിച്ചെടുക്കാൻ കെ കെ ശൈലജയാണ് ഏറ്റവും ഉചിതമായ സ്ഥാനാർത്ഥി. യുഡിഎഫ് പ്രചാരണ ബോർഡുകൾ എൽഡിഎഫ് പ്രവർത്തകർ നശിപ്പിച്ചു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഇത്തരം നുണപ്രചരണങ്ങൾ സി പി ഐ എം വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

