‘കേരളവും ദേശീയ ബോധവും: സത്യവും മിഥ്യയും’; മുംബൈയിൽ സെമിനാർ സംഘടിപ്പിച്ചു

KKS Seminar

മുംബൈയിലെ മലയാളി സംഘടനകളുടെ കേന്ദ്രീയ സംഘടനയായ കെ കെ എസ് ഏറെ പ്രാധാന്യമുള്ള ഒരു വിഷയത്തിൽ, ഈ മഹാ നഗരത്തിലെ സമാജങ്ങളുടെ നേതാക്കളെയും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖരെയും ഉൾപ്പെടുത്തി, “കേരളവും ദേശീയ ബോധവും – സത്യവും മിഥ്യയും” എന്ന വിഷയത്തിൽ വാഷി കേരള ഹൗസിൽ വച്ച് ഒരു സെമിനാർ നടത്തി.

ശാസ്ത്രത്തിൽ അധിഷ്ഠിതമായുള്ള പുരോഗതിയെ പറ്റി സംസാരിച്ച പ്രമുഖ ശാസ്ത്രകാരനായ ഡോക്ടർ എ പി ജയരാമൻ മാനവ ശേഷി വികസനവും സോഷ്യൽ മൊബിലിറ്റിയും ഏറെ പ്രാധാന്യം അർഹിക്കുന്നുവെന്നും അടിവരയിട്ടു.

Also Read: ഇന്‍റർനാഷണൽ ബുക്കർ പ്രൈസ്; ചുരുക്കപ്പട്ടികയിൽ ഇന്ത്യൻ എഴുത്തുകാരിയും

ഒരു മതനിരപേക്ഷ രാജ്യമായ ഭാരതത്തിൽ ഒരു ഹിന്ദു രാഷ്ട്രം സ്ഥാപിക്കുക എന്നത് സംഘപരിവാറിന്റെ അജണ്ടയാണെന്ന് രാഷ്ട്രീയ പ്രവർത്തകനായ കെ കെ പ്രകാശൻ പറഞ്ഞു. വിദ്വേഷ പ്രസ്താവനകളെ ചെറുക്കേണ്ടതുണ്ടെന്ന് രാഷ്ട്രീയ പ്രവർത്തകനായ ജോജോ തോമസ് വ്യക്തമാക്കി. കേരളത്തിലെ മതസൗഹാർദ്ദ അന്തരീക്ഷം നിലനിർത്തേണ്ടതാണെന്ന് രമേശ് കലമ്പൊലി പറഞ്ഞു. സങ്കുചിതമായ വേലി കെട്ടുകൾക്കുള്ളിൽ നിന്ന് നമ്മുടെ ചിന്തകളെയും പ്രവർത്തനങ്ങളെയും മോചിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയെ പറ്റിയാണ് എഴുത്തുകാരൻ ഉഴവൂർ ശശി പ്രതിപാദിച്ചത്. മതചിന്തയ്ക്കുപരിയായി മാനവചിന്തയുണ്ടാകണമെന്ന് എഴുത്തുകാരി മായാ ദത്ത് അഭിപ്രായപ്പെട്ടു.

പ്രമുഖർ പങ്കെടുത്ത സെമിനാറിൽ പത്രപ്രവർത്തകൻ എം ജി അരുൺ മോഡറേറ്ററായിരുന്നു. ഇന്ത്യയിൽ വളരെ പ്രബലമായ രൂപം കൊണ്ടു വരുന്ന മത ദേശീയതയിൽ ആശങ്ക പങ്ക് വച്ച അരുൺ സമീപകാല സംഭവങ്ങൾ അലോസരപ്പെടുത്തുന്നതാണെന്ന് ഉദാഹരണങ്ങൾ നിരത്തി ചൂണ്ടിക്കാട്ടി.

കേരളത്തിൻ്റെ വികസന പാത

“കേരളത്തിൻ്റെ വികസന മോഡൽ” എന്നത് നാം എത്രയോ ദശാബ്ദങ്ങൾക്ക് മുൻപ് തന്നെ കേട്ട് തുടങ്ങിയ പ്രയോഗമാണ്. 1970 ൽ സി. അച്ചുതമേനോൻ മന്ത്രിസഭയുടെ കാലത്ത് ഡോ. കെ എൻ രാജിൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സ്ഥാപിക്കപ്പെട്ട സെൻറർ ഫോർ ഡെവലപ്മെൻറ് സ്റ്റഡീസ് കേരളം രൂപീകൃതമായതിനു ശേഷമുള്ള സംസ്ഥാനത്തിന്റെ മാനവശേഷിയിലും സമ്പദ് വ്യവസ്ഥയിലും വന്ന പുരോഗതി ചില പ്രത്യേക മാനദണ്ഡങ്ങൾ ഉപയോഗിച്ച് അടയാളപ്പെടുത്തകയും അതിനെ കേരളാ മോഡൽ ഓഫ് ഡെവലപ്പ്മെൻ്റ് എന്ന് വിളിക്കുകയും ചെയ്തു.

എന്നാലതിന് മുൻപ് തന്നെ രാഷ്ട്രീയവും സാമൂഹ്യവുമായ മുന്നേറ്റങ്ങളിലൂടെയും പലതരത്തിലുള്ള ഉടച്ചു വാർക്കലുകളിലൂടെയും രൂപപ്പെട്ടു വന്നതാണ് കേരളത്തിൻ്റെ വികസന പാത. പുരോഗതിയുടെ അളവുകോൽ കേവലം സാമ്പത്തിക നേട്ടങ്ങൾ മാത്രമല്ല, മറിച്ച് മതേതര വിശ്വാസങ്ങൾ വെച്ചുപുലർത്തുന്ന മതസൗഹാർദ്ദത്തിന്റെ നിരവധി ഉദാഹരണങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഭൂമിക കൂടിയാണ്.

വിദ്യാഭ്യാസം, സാക്ഷരതാ നിരക്ക്, ആരോഗ്യ സംരക്ഷണം, മികച്ച പൊതുജനാരോഗ്യ സംവിധാനം, ഉയർന്ന ആയൂർ ദൈർഘ്യം, സാമൂഹിക സുരക്ഷാ പദ്ധതികൾ, സാമൂഹ്യനീതി, സാമൂഹിക വികസനവും വികേന്ദ്രീകൃത ഭരണവും, മതേതരത്വവും സാമൂഹിക സൗഹാർദ്ദവും തുടങ്ങി നിരവധി മേഖലകളിൽ കേരളം മറ്റു സംസ്ഥാനങ്ങളെക്കാളും വളരെയധികം മുന്നിലാണ്.

മത ദേശീയത ഉയർത്തുന്ന ആശങ്ക

എന്നാൽ അടുത്ത കാലത്തായി നടക്കുന്ന ചില സംഭവങ്ങൾ നമ്മെ ഏറെ അലോരസപ്പെടുത്തുന്നു. ചില പ്രത്യേക മത ന്യൂനപക്ഷങ്ങളെ ഉന്നം വെച്ച് കൊണ്ട് കേരളത്തെ തന്നെ മൊത്തത്തിൽ വേട്ടയാടുന്ന പ്രവണത വളർന്ന് വരികയാണോ? കേരള സ്റ്റോറി എന്ന ചലച്ചിത്രം ഉണ്ടാക്കിയ വിവാദങ്ങൾ ഏറെയാണല്ലോ. ഇപ്പോൾ എംപുരാൻ എന്ന സിനിമയുടെ പേരിലും വിവാദങ്ങൾ കൊടുമ്പിരി കൊള്ളുന്നു. ഇതിനിടയിൽ മഹാരാഷ്ട്രയിലെ തുറമുഖ വികസന മന്ത്രി നിതേഷ് റാണെ, കേരളം ഒരു മിനി പാക്കിസ്ഥാൻ ആണെന്നും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തിൽ നിന്ന് ജയിച്ചത് ചില തീവ്രവാദി സംഘടനകളുടെ പിൻബലം കൊണ്ടാണെന്നും തീർത്തും അപലനീയമായ രീതിയിൽ പ്രഖ്യാപിച്ചു. ഇന്ത്യയിൽ വളരെ പ്രബലമായ രൂപം കൊണ്ടു വരുന്ന മത ദേശീയത ഇത്തരം സംഭവങ്ങൾക്ക് ആക്കം കൂട്ടുന്നവയാണ്. ഇത് പ്രവാസികളായ നമ്മെ ഓരോരുത്തരെയും ഏറെ വിഷമിപ്പിക്കുന്ന ഒരു കാര്യമാണ്. ഇത്തരത്തിലുള്ള ആശങ്കയോടെ പശ്ചാത്തലത്തിലാണ് കെ കെ എസ് ഈ വിഷയത്തെ പറ്റി സെമിനാർ സംഘടിപ്പിക്കാൻ തീരുമാനിച്ചത് എന്ന് പത്രപ്രവർത്തകനും സെമിനാറിൻ്റെ മോഡറേറ്ററുമായ എം.ജി അരുൺ പറഞ്ഞു.

പ്രമുഖ ശാസ്ത്രകാരനായ ഡോക്ടർ എ പി ജയരാമൻ ശാസ്ത്രത്തിൽ അധിഷ്ഠിതമായുള്ള പുരോഗതിയുടെ അനിവാര്യതയെ പറ്റി അടിവരയിട്ട് സംസാരിച്ചു. നമ്മുടെ മാനവ ശേഷി വികസനവും സോഷ്യൽ മൊബിലിറ്റിയും ഏറെ പ്രാധാന്യം അർഹിക്കുന്നു. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു കൊണ്ടുള്ള ശാസ്ത്രീയമായ വികസന മോഡലാണ് നമുക്കിന്ന് വേണ്ടത് എന്നദ്ദേഹം പറഞ്ഞു.

തുടർന്ന് സംസാരിച്ച രാഷ്ട്രീയ പ്രവർത്തകനായ കെ കെ പ്രകാശൻ ഒരു മതനിരപേക്ഷ രാജ്യമായ ഭാരതത്തിൽ ഒരു ഹിന്ദു രാഷ്ട്രം സ്ഥാപിക്കുക എന്നത് സംഘപരിവാറിന്റെ അജണ്ടയാണെന്ന് പറഞ്ഞു. ഇതിനെതിരെ നാം ജാഗരൂകരാകണം. ഏറെ ഭയാനകമായ ഒരു അന്തരീക്ഷത്തിലൂടെയാണ് നാം ഇന്ന് കടന്നുപോകുന്നത്. എന്നാൽ നാം ഇത്തരം പ്രവണതകളെ ചെറുത്തുനിൽക്കേണ്ടതുണ്ട്. ശാസ്ത്രത്തിൽ ഊന്നി നിന്നു കൊണ്ടുള്ള പല പ്രവർത്തനങ്ങളും നാം ചെയ്യണം. അഭ്യസ്തവിദ്യരായ നമ്മുടെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ ഉണ്ടാക്കുക ഏറെ പ്രധാനമാണ്. അതിനായി നിർമ്മിത ബുദ്ധി പോലെയുള്ള സാങ്കേതികവിദ്യകൾ മുന്നോട്ടുവയ്ക്കുന്ന വെല്ലുവിളികൾ നാം ഏറെ ശ്രദ്ധയോടുകൂടി വിലയിരുത്തേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ന് സമൂഹത്തിൽ നാം കാണുന്ന വിദ്വേഷ പ്രസ്താവനകളെ ഏറെ ചെറുക്കേണ്ടതുണ്ട് എന്ന് രാഷ്ട്രീയപ്രവർത്തകനായ ജോജോ തോമസ് പറഞ്ഞു. തെറ്റായ പ്രചരണം നടത്തുന്ന ഇത്തരം പ്രവർത്തകരെ ചെറുക്കുന്നതിലും ശരിയായ ചിത്രം ലോകത്തിനു മുന്നിൽ വയ്ക്കുന്നതിലും ഒരു വലിയ പങ്ക് പ്രവാസി മലയാളികൾക്ക് വഹിക്കാനാകും. ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള അക്രമങ്ങളും ഇതേ ജാഗ്രതയോടെ നാം ചെറുക്കണം.

മന്ത്രി നിതേഷ് റാണെയുടെ പ്രസ്താവനകളെ തങ്ങൾ അംഗീകരിക്കുന്നില്ല എന്നും അവ നിരാകരിക്കപ്പെടേണ്ടവയാണെന്നും രാഷ്ട്രീയ പ്രവർത്തകനായ രമേശ് കലമ്പൊലി പറഞ്ഞു. ഒരു ഹിന്ദു രാഷ്ട്രം എന്തിന് പ്രത്യേകം സൃഷ്ടിക്കണം എന്ന് അദ്ദേഹം ചോദിച്ചു. അത്തരം ഒരു അജണ്ട സംഘപരിവാറിനില്ല. കേരളത്തിലെ മതസൗഹാർദ്ദ അന്തരീക്ഷം അങ്ങിനെ തന്നെ നിലനിർത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

എഴുത്തുകാരനായ ഉഴവൂർ ശശി നമ്മുടെ ചിന്തകളെയും പ്രവർത്തനങ്ങളെയും സങ്കുചിതമായ വേലി കെട്ടുകൾക്കുള്ളിൽ നിന്ന് മോചിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയെ പറ്റി പ്രതിപാദിച്ചു. നിർമ്മിത ബുദ്ധി പോലെയുള്ള സങ്കേതിക വിദ്യയുടെ കാലത്ത് വെറുപ്പിനും വിദ്വേഷത്തിനും എന്ത് പ്രസക്തിയാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.

കുട്ടിക്കാലത്തെ ഗൃഹാതുരത്വമുണർത്തുന്ന ചില ഓർമ്മകൾ പങ്കിട്ട എഴുത്തുകാരി മായാ ദത്ത് നമ്മുടെ മതേതര പാരമ്പര്യത്തെ എന്ത് വില കൊടുത്തും കാക്കേണ്ടതിൻ്റെ ആവശ്യം അടിവരയിട്ട് പറഞ്ഞു. മതചിന്തയ്ക്കുപരിയായി നമുക്ക് മാനവചിന്ത ഉണ്ടാകണമെന്നും മായ പറഞ്ഞു.

തുടർന്ന് നടന്ന ചോദ്യോത്തര വേളയിൽ നഗരത്തിലെ മുതിർന്ന സാമൂഹ്യ പ്രവർത്തകർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News