മലയാള മനോരമ പത്രത്തില്‍ വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധം: കെഎംഎംഎല്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാള മനോരമ പത്രം പൊതുമേഖലാ സ്ഥാപനമായ കേരള മിനറൽസ്‌ ആൻഡ്‌ മെറ്റൽ ലിമിറ്റഡുമായി (കെഎംഎംഎല്‍) ബന്ധപ്പെട്ട് നല്‍കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് കമ്പനി മാനേജ്മെന്‍റ്.  കെഎംഎംഎല്ലിലെ ‘ബോര്‍ഡ് നോട്ട്’ ചോര്‍ത്തുകയും മലയാള മനോരമാ പത്രത്തില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് കമ്പനി മാനേജ്‌മെന്‍റ് പരാതി നല്‍കിയത്. അതിന്‍റെ അടിസ്ഥാനത്തിലാണ് നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതെന്നും മാനേജ്മെന്‍റ് അറിയിച്ചു.
കെഎംഎംഎൽ പോലെ തന്ത്ര പ്രധാന മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്‍റെ ഡയറക്ടർ ബോര്‍ഡ് നോട്ട് ചോര്‍ത്തിയതും  മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചതും അത്യധികം ഗൗരവമായാണ് കെഎംഎംഎല്‍ കാണുന്നത്. അതിന്‍റെ അടിസ്ഥാനത്തിലാണ് കുറ്റക്കാരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാന്‍ കമ്പനി മാനേജ്‌മെന്‍റ് മുന്നോട്ടുവന്നത്.
കഴിഞ്ഞ മാസം വിരമിച്ച നിയമ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനെ വീണ്ടും നിയമിക്കാന്‍ വേണ്ടിയാണ് ബോര്‍ഡ് നോട്ട് തയ്യാറാക്കിയതെന്ന വാര്‍ത്തയും വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. കമ്പനിയില്‍ നിന്നും ചോര്‍ത്തി എടുത്ത് നല്‍കിയ നോട്ട്  വിരമിക്കുന്ന ഉദ്യാഗസ്ഥന് പകരം നാല്‍പ്പത് വയസ്സിന് താഴെയുള്ള പുതിയ നിയമ വിദഗ്ദരെ കണ്ടെത്തി നിയമിക്കണം എന്നുള്ളതായിരുന്നു. ഈ തീരുമാനത്തിനായി വിട്ട നോട്ടാണ് വസ്തുതാ വിരുദ്ധമായി മലയാള മനോരമ വളച്ചൊടിച്ച് അവതരിപ്പിച്ചത്. ഈ നടപടിയും സംശയമുളവാക്കുന്നതാണ്. നേരത്തേയും കമ്പനിക്കെതിരെ നിരന്തരം പ്രസ്തുത പത്രം വസ്തുതാ വിരുദ്ധമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു.
സെന്‍റര്‍ മാനേജ്‌മെന്‍റ് ഡവലെപ്‌മെന്‍റ് (സി.എം.ഡി) വഴി താല്‍ക്കാലിക അടിസ്ഥാനത്തില്‍ പുതിയ ആളെ കണ്ടെത്തി നിയമിക്കാനായിരുന്നു ബോര്‍ഡ് തീരുമാനം. അതിന്‍റ് അടിസ്ഥാനത്തില്‍ പരീക്ഷയും അഭിമുഖവും നടത്തി റാങ്ക്‌ലിസ്റ്റ് സി.എം.ഡി പ്രസിദ്ധീകരിക്കുകയും നിയമന ഉത്തരവും  നല്‍കിയിരുന്നു. എന്നാല്‍  ലീഗല്‍ ഓഫീസറായി തെരെഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥിക്ക് ഇന്റർവ്യൂവിൽ മാര്‍ക്ക് കൂട്ടി നല്‍കി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥിക്ക് നിയമനം നല്‍കാന്‍ കഴിയാത്തത് എന്നും കെ.എം.എം.എല്‍ മാനേജ്‌മെന്‍റ് വ്യക്തമാക്കി.
നിലവില്‍ നടക്കുന്ന ക്രൈം ബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയായി റിപ്പോര്‍ട്ട് ലഭിക്കുന്നതിനനുസരിച്ച് വകുപ്പ്തല നടപടികളും നിയമനടപടികളും കൈകൊള്ളുമെന്നും കെഎംഎംഎല്‍ മാനേജ്‌മെന്‍റ് അറിയിച്ചു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News